വെടിനിർത്തൽ ധാരണയ്ക്ക് ശേഷം ഇസ്രയേൽ സൈനികർ ഭാഗമായ ഏറ്റവും മാരകമായ ആക്രമണമാണ് സെയ്തൂൺ മേഖലയിലുണ്ടായതെന്നാണ് പുറത്ത് വരുന്ന വിവരം.

ഗാസ: വടക്കൻ ഗാസയിൽ ഇസ്രായേൽ ടാങ്ക് ഷെല്ലാക്രമണത്തിൽ ബസ് യാത്രികരായ 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒകു കുടുംബത്തിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ഹമാസ് സുരക്ഷാ സേന വിശദമാക്കുന്നത്. വെടിനിർത്തലിന് പിന്നാലെ ഇസ്രയേൽ ആക്രമണം നടന്ന സെയ്തൂൺ മേഖലയിലെ തങ്ങളുടെ വീട് പരിശോധിക്കാനായി പുറപ്പെട്ട കുടുംബമാണ് കൊല്ലപ്പെട്ടതെന്നാണ് സിവിൽ ഡിഫൻസ് വൃത്തങ്ങൾ വിശദമാക്കുന്നത്. വെള്ളിയാഴ്ച രാത്രിയിലാണ് ഇസ്രയേൽ ടാങ്ക് ഷെൽ ബസിന് മേൽ പതിച്ചതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എട്ട് ദിവസങ്ങൾക്ക് മുൻപാണ് ഇസ്രയേൽ ഗാസയിൽ വെടിനി‍ർത്തൽ പ്രഖ്യാപിച്ചതും സൈനിക പിന്മാറ്റം ആരംഭിച്ചതും. വെടിനിർത്തൽ ധാരണയ്ക്ക് ശേഷം ഇസ്രയേൽ സൈനികർ ഭാഗമായ ഏറ്റവും മാരകമായ ആക്രമണമാണ് സെയ്തൂൺ മേഖലയിലുണ്ടായതെന്നാണ് പുറത്ത് വരുന്ന വിവരം.

സൈന്യത്തിന്റെ നിയന്ത്രണമേഖലയിലേക്ക് അതിക്രമിച്ച് കയറിയ വാഹനത്തിന് നേരെ വെടിയുതിർത്തതായി ഇസ്രയേൽ

എന്നാൽ ഇസ്രയേൽ സൈന്യത്തിന്റെ അധീനതയിലുള്ള മേഖലയിലേക്ക് എത്തിയ സംശയാസ്പദമായ വാഹനത്തിന് നേരെ വെടിയുതിർത്തതായാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നത്. വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിലെ നിബന്ധനകൾ അനുസരിച്ച് ഗാസ മുനമ്പിന്റെ പകുതിയിലധികം മേഖലയിലും ഇസ്രായേൽ സൈനികർ ഇപ്പോഴും തുടരുന്നുണ്ട്. അബു ഷാബാൻ എന്ന കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്നാണ് സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസ്സാൽ എഎഫ്‌പിയോട് വിശദമാക്കിയത്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സിവിൽ ഡിഫൻസ് അറിയിച്ചിട്ടുള്ളത്. കുടുംബത്തെ ഇല്ലാതാക്കിയതിൽ ഇസ്രയേലിന് ന്യായീകരിക്കാവുന്ന ഒരു കാരണവുമില്ലെന്നാണ് ഹമാസ് നേതൃത്വം പ്രതികരിക്കുന്നത്.

ഗാസയിൽ ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ പ്രവേശിക്കരുതെന്ന് ഇസ്രയേൽ സൈന്യം പലസ്തീൻ സ്വദേശികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി വെള്ളിയാഴ്ച ഹമാസ് ഇസ്രായേലി ബന്ദിയായ എലിയാഹു മാർഗലിറ്റിന്റെ മൃതദേഹം റെഡ് ക്രോസിന് വിട്ടുകൊടുത്തു. ഗാസയിൽ നിന്ന് തിരികെ കൊണ്ടുവന്ന പത്താമത്തെ മരിച്ച ബന്ദിയാണ് മാർഗലിറ്റ്. 18 പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചയച്ചിട്ടില്ല. റെഡ് ക്രോസ് വഴി ഇസ്രായേൽ 15 പലസ്തീനികളുടെ മൃതദേഹങ്ങൾ ഗാസയിലെ ഉദ്യോഗസ്ഥർക്ക് കൈമാറിയതായി ഹമാസ് നിയന്ത്രിക്കുന്ന ആരോഗ്യ മന്ത്രാലയം വിശദമാക്കുന്നത്. ഇതോടെ ആകെ ലഭിച്ച പലസ്തീനികളുടെ മൃതദേഹങ്ങളുടെ എണ്ണം 135 ആയി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം