ലോകം മുഴുവൻ കൊവിഡ് ഭീഷണിയിൽ ലോക്ക്‌ഡൗൺ-സാമൂഹിക അകലം എന്നൊക്കെ ഉരുക്കഴിച്ചുകൊണ്ടിരിക്കുന്ന കാലത്ത് സോഷ്യൽ ഡിസ്റ്റൻസിങ്ങിന്റെ സമസ്‌ത സങ്കല്പങ്ങളെയും അട്ടിമറിച്ചുകൊണ്ട് എൽസാൽവദോറിലെ ഒരു ജയിൽ അധികാരികൾ രംഗത്ത്. എല്ലാ തടവുപുള്ളികളും കൃത്യമായി മാസ്ക് ധരിച്ചിട്ടുള്ളതായി കാണാം. എന്നാൽ, അവർ തമ്മിൽ ഒരു മില്ലിമീറ്ററിന്റെ പോലും അകലമുള്ള. മുന്നിലുള്ള ആളിന്റെ പുറത്ത് മുട്ടുന്ന നിലയിലാണ് പിന്നിലിരിക്കുന്ന പുള്ളിയുടെ താടി. അങ്ങനെ എൽസാൽവദോറിലെ സാംസാൽവദോർ പ്രവിശ്യയിലുള്ള ഇസാൽകോ ജയിൽ കോമ്പൗണ്ടിലെ വെറും നിലത്ത് വെറും അടിവസ്ത്രം മാത്രം ധരിപ്പിച്ചുകൊണ്ട് അവിടത്തെ വാർഡന്മാർ അട്ടിക്കിട്ടത് 1100 പേരെയാണ്. 

 

 

എൽസാൽവദോറിൽ ആകെ 298 സ്ഥിരീകരിക്കപ്പെട്ട കേസുകളും, എട്ടുമരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന അവസരത്തിലാണ് ലോക്ക്‌ ഡൗൺ ചട്ടങ്ങളുടെ ഈ നഗ്നമായ ലംഘനമെന്നത് ഏറെ നിർണായകമാണ്. ലാറ്റിനമേരിക്ക മുഴുവൻ കൊറോണാ ഭീതിയിൽ വലഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും, രാജ്യത്തെ നടുക്കിക്കൊണ്ട് എൽസാൽവദോറിലെ അധോലോക സംഘങ്ങൾ തമ്മിൽ നടന്ന തുടർച്ചയായ സംഘട്ടനങ്ങളിൽ നിരവധിപേർ കൊല്ലപ്പെട്ടതോടെയാണ് കുറ്റാന്വേഷകരുടെ ശ്രദ്ധ ഇസാൽകോ ജയിലിലേക്ക് തിരിഞ്ഞത്. 

 

 

വലിയൊരു മാഫിയാ സംഘം തന്നെ ജയിൽ കേന്ദ്രീകരിച്ചുകൊണ്ട് പ്രവർത്തിക്കുന്നുണ്ട് എന്നും, അവിടത്തെ സെല്ലുകൾക്കുള്ളിൽ മാരകായുധങ്ങളും മയക്കുമരുന്നും ഒക്കെ വൻ തോതിൽ ശേഖരിക്കപ്പെട്ടിട്ടുണ്ട്, വിപണനവും വിതരണവും ഒക്കെ ഒരു നിയന്ത്രണവുമില്ലാതെ നടന്നുപോരുന്നുണ്ട് എന്നുമൊക്കെയുള്ള  ഇന്റലിജൻസ് വിവരത്തെ തുടർന്നാണ്, പ്രസിഡന്റ് ബ്യൂക്കെലെയുടെ നേരിട്ടുള്ള ഇടപെടലിൽ, പട്ടാളത്തിന്റെ നേതൃത്വത്തിൽ സെല്ലുകളിൽ മിന്നൽ പരിശോധന നടത്താൻ ഉത്തരവായത്. ഇത് നടപ്പിലാക്കാനാണ് തടവുകാരെ ഉടുതുണിയുരിച്ച് അടിവസ്ത്രം മാത്രം ധരിപ്പിച്ച്, പലരെയും കൂച്ചുവിലങ്ങുകളും അണിയിച്ചുകൊണ്ട് വരികളായി വെറുംനിലത്ത് അടുക്കടുക്കായി ഇരുത്തിയത്. 

ലാറ്റിൻ അമേരിക്കയിലെ ഏറ്റവും തിങ്ങിനിറഞ്ഞ, ഏറ്റവും കുപ്രസിദ്ധമായ ജയിലുകളിൽ ഒന്നാണ് ഇസാൽകോയിലെ സെൻട്രൽ പ്രിസൺ. വെള്ളിയാഴ്ച മാത്രം എൽസാൽവദോറിലെ ജയിലുകളിൽ കൊല്ലപ്പെട്ടത് രണ്ടു ഡസനിലധികം പേരാണ്. കുറ്റവാളികൾക്കുള്ള ശിക്ഷ എന്ന നിലയ്ക്കായിരുന്നു ഈ ഉടുതുണിയുരിഞ്ഞുള്ള അടിക്കിട്ടിരിപ്പ്. രാജ്യത്തെ അധോലോക സംഘങ്ങളുടെ അതിക്രമം കാരണം ഗതികെട്ട് ഒരു ലക്ഷത്തിലധികം പേരാണ് കഴിഞ്ഞ ഏതാനും വർഷങ്ങളിൽ എൽസാൽവദോറിൽ നാടുവിട്ടോടിപ്പോയിട്ടുള്ളത്. 

ഇനിയും ഇത് വച്ച് പൊറുപ്പിക്കില്ല, ശക്തമായ നടപടികൾ ഉണ്ടാകും എന്നൊക്കെ പറഞ്ഞുകൊണ്ട് പ്രസിഡന്റ് ബ്യൂക്കെലെ ഈ കൊറോണാക്കാലത്ത് പക്ഷേ ചെയ്തിരിക്കുന്നത് ജയിലിൽ കഴിയുന്ന തടവുകാരുടെ മനുഷ്യാവകാശങ്ങൾ പട്ടാപ്പകൽ നഗ്നമായി ലംഘിക്കുകയാണ്. അവരെ അറിഞ്ഞുകൊണ്ടുതന്നെ കൊവിഡ് പോലൊരു മഹാമാരിക്ക് ഇരയാകാനുള്ള സാധ്യതയ്ക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുക്കുകയാണ്.