കൊളംബോ: ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ ഒരുമാസം കൂടി നീട്ടി പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുടെ പുതിയ നീക്കം. രാജ്യ സുരക്ഷ 99 ശതമാനവും ഉറപ്പാക്കിയ ശേഷം മാത്രമേ അടിയന്തരാവസ്ഥ പിന്‍വലിക്കൂവെന്ന് സിരിസേന മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. നേരത്തെ, ഒരുമാസത്തിന് ശേഷം അടിയന്തരാവസ്ഥ പിന്‍വലിക്കുമെന്നായിരുന്നു സിരിസേന അറിയിച്ചിരുന്നത്.

ഭീകരാക്രമണത്തെ തുടര്‍ന്ന് നേരത്തെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 22ന് അവസാനിച്ചിരുന്നു. അടിയന്തരാവസ്ഥ കാലത്ത് കോടതി ആരെയും അനുമതിയില്ലാതെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിലെടുക്കാനും  സാധിക്കും. അതേസമയം, രാജ്യത്ത് നിലവില്‍ ഭീകരാക്രമണ ഭീഷണിയില്ലെന്ന് സിരിസേന അറിയിച്ചു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഭൂരിപക്ഷം പേരെയും പിടികൂടി. ശേഷിച്ചവരെക്കൂടി പിടികൂടാനാണ് അടിയന്തരാവസ്ഥ നീട്ടിയതെന്നും വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് നൂറിലേറെ പേരെയാണ് ശ്രീലങ്കന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലിലുമായി നടന്ന ഐഎസ് ചാവേറാക്രമണത്തില്‍ 42 വിദേശികളടക്കം 258പേര്‍ കൊല്ലപ്പെട്ടു