ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, ജി 7 ഉച്ചകോടിക്ക് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ ക്ഷണിച്ചു. ആഗസ്റ്റ് 25 മുതൽ 27 വരെ ഫ്രാൻസിൽ നടക്കുന്ന ഉച്ചകോടിയിൽ മോദി പങ്കെടുക്കും. റഫാൽ വിവാദത്തിന് ശേഷമുള്ള മോദിയുടെ ആദ്യ ഫ്രാൻസ് യാത്രയാണിത്. 

ഇന്ത്യയ്ക്ക് ഫ്രാൻസ് റഫാൽ യുദ്ധ വിമാനങ്ങൾ നൽകാനിരിക്കയാണ് പ്രധാനമന്ത്രിക്കുള്ള ക്ഷണം എന്നതും ശ്രദ്ധേയമാണ്. യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ജി-7 കൂട്ടായ്മയിലുള്ളത്.  1981 മുതൽ യൂറോപ്യൻ യൂണിയനും ജി-7 ഉച്ചകോടിയില്‍ പങ്കെടുത്തുവരുന്നു.45 മത്തെ ജി-7 ഉച്ചകോടിയാണ് ഫ്രാന്‍സിലെ ബിയാര്‍ട്ടീസില്‍ നടക്കുന്നത്.

പ്രധാനമന്ത്രിക്ക് ലഭിച്ച ക്ഷണം ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല്‍ മക്രോണും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തിന്‍റെ ആഴം വ്യക്തമാക്കുന്നതാണ്, ഇന്ത്യ ഒരു വളരുന്ന സാമ്പത്തിക ശക്തിയാണെന്ന് മനസിലാക്കി ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം ദൃഢമാകുന്ന സൂചനകൂടിയാണ് ഇത്. പ്രധാനമന്ത്രി ക്ഷണം സ്വീകരിച്ച് ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും, ഫ്രഞ്ച് രാഷ്ട്രപതിയുമായി ചര്‍ച്ചകള്‍ നടത്തും എന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് ദില്ലിയില്‍ അറിയിച്ചു.