യുഎഇയുടെ ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ സർവീസ് ജൂൺ 30-ന് ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലാണ് സർവീസ്, വെറും 1 മണിക്കൂർ 45 മിനിറ്റാണ് യാത്രാസമയം. ഘട്ടംഘട്ടമായി ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലേക്കും സർവീസ് വ്യാപിപ്പിക്കും, ടിക്കറ്റ് ബുക്കിംഗ് ജൂൺ 23 മുതൽ ആരംഭിച്ചു.
അബുദാബി: യുഎഇയുടെ ഗതാഗത മേഖലയിൽ പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ സർവീസുകളുടെ തീയതികൾ പ്രഖ്യാപിച്ചു. അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലുള്ള ആദ്യഘട്ട സർവീസുകൾ ഈ വരുന്ന ജൂൺ 30-ന് ആരംഭിക്കും. വെറും ഒരു മണിക്കൂറും 45 മിനിറ്റും കൊണ്ട് ട്രെയിൻ ഈ രണ്ട് എമിറേറ്റുകൾക്കുമിടയിലെ യാത്ര പൂർത്തിയാക്കും.
അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ നിർമ്മിച്ച പുതിയ പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് ഈ പ്രഖ്യാപനമുണ്ടായത്. രാജ്യത്തെ വിവിധ പ്രധാന നഗരങ്ങളെയും മേഖലകളെയും ബന്ധിപ്പിച്ചുകൊണ്ട് ഘട്ടങ്ങളായാണ് പാസഞ്ചർ സർവീസ് വ്യാപിപ്പിക്കുന്നത്.
ജൂൺ 30, 2026: അബുദാബി - ഫുജൈറ സർവീസ് (പ്രാഥമിക ഘട്ടം).
സെപ്റ്റംബർ 30, 2026: ദുബായ്, അൽ ദൈദ് സ്റ്റേഷനുകൾ തുറക്കും.
ഡിസംബർ 30, 2026: അൽ ദഫ്ര റീജിയൻ സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാകും.
മാർച്ച് 30, 2027: ഷാർജ സ്റ്റേഷൻ കൂടി തുറക്കുന്നതോടെ പാസഞ്ചർ ട്രെയിൻ ശൃംഖല പൂർണ്ണമാകും.
അബുദാബി - ഫുജൈറ റൂട്ടിലെ ടിക്കറ്റ് നിരക്കുകൾ
കംഫർട്ട് ക്ലാസ്: 55 ദിർഹം മുതൽ.
പ്രീമിയം ക്ലാസ്: 120 ദിർഹം മുതൽ.
400 യാത്രക്കാരെ വരെ വഹിക്കാൻ ശേഷിയുള്ള 13 അത്യാധുനിക ട്രെയിനുകളാണ് സർവീസിനായി സജ്ജമാക്കിയിരിക്കുന്നത്. യാത്രക്കാർക്ക് ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക ആപ്പ്, വെബ്‌സൈറ്റ് എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ടിക്കറ്റ് ബുക്കിങ് ജൂൺ 23 മുതൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
2021-ൽ യുഎഇ പ്രഖ്യാപിച്ച 'പ്രൊജക്ട്സ് ഓഫ് ദി ഫിഫ്റ്റി'യുടെ ഭാഗമായുള്ള നാഷണൽ റെയിൽവേ പ്രോഗ്രാമിന്റെ വിഷൻ പ്രഖ്യാപിച്ച് അഞ്ച് വർഷം തികയുന്നതിന് മുൻപ് തന്നെ പാസഞ്ചർ സർവീസ് യാഥാർത്ഥ്യമായിരിക്കുകയാണ്. നിശ്ചയിച്ച തീയതിക്കും മുൻപേ പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞത് യുഎഇയുടെ മികച്ച ലോജിസ്റ്റിക്കൽ മുൻഗണനകളെയും അടിസ്ഥാന സൗകര്യ വികസന രംഗത്തെ അതിവേഗ മുന്നേറ്റത്തെയുമാണ് കാണിക്കുന്നത്. ദീർഘകാല വീക്ഷണങ്ങളെ യാഥാർത്ഥ്യമാക്കുന്ന ഈ പദ്ധതി യുഎഇയിലെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വാണിജ്യ മേഖലയ്ക്കും ഒരുപോലെ പുതിയ അവസരങ്ങൾ തുറന്നുനൽകും.


