ജനീവ: ലോകത്ത് 5,416 പേരുടെ മരണത്തിനിടയാക്കിയ കൊവിഡ് 19 വൈറസിന്റെ ഇപ്പോഴത്തെ പ്രഭവകേന്ദ്രം യൂറോപ്പെന്ന് ലോകാരോഗ്യ സംഘടന. ഇതിനിടെ, ഇറ്റലിക്ക് പിന്നാലെ സ്പെയിനിലും മരണ നിരക്ക് ഏറുകയാണ്. സ്പെയിനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 123 രാജ്യങ്ങളിൽ ഇതിനോടകം സ്ഥിരീകരിച്ച് കഴിഞ്ഞ കൊവിഡ് 19 വൈറസ് ബാധ, 1,32,500 പേരെ ബാധിച്ചെന്നാണ് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നത്. 5000ത്തിൽ ഏറെ പേർ മരിച്ചു.

ചൈനയിൽ നിയന്ത്രണത്തിലായെങ്കിലും ഇറ്റലിയിലും പിന്നാലെ സ്പെയിനിലും മരണസംഖ്യ ഉയരുകയാണ്. ഇറ്റലിയിൽ മരണസംഖ്യ 1266 ആയി. ഇന്നലെ മാത്രം 250 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 17,660 ആയി. സ്പെയിനിലും ഇന്നലെ മരണ നിരക്കിൽ 50 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി. ഫ്രാൻസിൽ രോഗബാധിതരുടെ എണ്ണം 2876 ആയി ഉയർന്നു.

ജർമനിയിൽ 3062 കേസുകളും ലണ്ടനിൽ 798 കേസുകളും സ്ഥിരീകരിച്ചു. ചൈനക്ക് പുറത്ത് ഏറ്റവും അധികം പേരുടെ ജീവനെടുത്തതോടെയാണ് യൂറോപ്പാണ് കൊവിഡ് 19 വൈറസ് ബാധയുടെ ഇപ്പോഴത്തെ പ്രഭവകേന്ദ്രം എന്ന് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ രാജ്യങ്ങളോട് ആവശ്യപ്പെട്ട, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ സാമൂഹിക അകലം ഉൾപ്പെടെ പാലിക്കാൻ നിഷ്കർഷിച്ചു.

സ്പെയിൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ, ഡെന്മാർക്ക്, ചെക്ക് റിപബ്ലിക്, സ്ലോവാക്യ, ഓസ്ട്രിയ, ഉക്രെയ്ൻ, ഹംഗറി, പോളണ്ട് എന്നീ രാജ്യങ്ങൾ അതിർത്തി അടച്ചു. ബെൽജിയവും ഫ്രാൻസും ഭാഗികമായി ജർമനിയും രാജ്യത്ത് സ്കൂളുകൾ അടയ്ക്കാൻ നിർദേശം നൽകി.