ബീജിങ്: 2600 ലക്ഷം ഡോളറിന്റെ കൈക്കൂലി അഴിമതിക്കേസില്‍ ചൈനയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നിന്റെ ചെയര്‍മാനെ വധശിക്ഷക്ക് വിധിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ അംഗം ലായി ഷിയാഓമിനെയാണ് വധശിക്ഷക്ക് വിധിച്ചത്. 2020 ജനുവരിയില്‍ ഇദ്ദേഹം കുറ്റസമ്മതം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ചൈനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

ലായി തന്റെ പദവി ദുരുപയോഗപ്പെടുത്തി അനധികൃതമായി വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചെന്നും ടിയാന്‍ജിന്‍ കോടതി നിരീക്ഷിച്ചു. അഴിമതി തുക വലിയതയാണെന്നും അതുകൊണ്ട് തന്നെ ഗുരുതരമായ കുറ്റമാണ് ചെയ്തതെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹുഅറോംഗ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ ചെയര്‍മാനായിരുന്നു ഇദ്ദേഹം. വിവാഹം ചെയ്യാതെ മറ്റൊരു സ്ത്രീയോടൊപ്പം നിയമവിരുദ്ധമായി താമസിക്കുകയും ബന്ധത്തില്‍ കുട്ടികളുണ്ടാകുകയും ചെയ്ത കേസിലും ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി.

2018 ഏപ്രിലിലാണ് ഇദ്ദേഹത്തിനെതിരെയുള്ള അന്വേഷണം ആരംഭിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷം ഒരുനാണയം പോലും മോഷ്ടിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇദ്ദേഹം രംഗത്തെത്തിയിരുന്നു. ഷി ജിന്‍പിങ് അധികാരത്തിലേറിയ ശേഷം അഴിമതിക്കെതിരെ കടുത്ത നടപടിയാണ് സ്വീകരിക്കുന്നത്. അതേസമയം, പാര്‍ട്ടിക്കുള്ളിലെ എതിരാളികളെ ഒതുക്കാനാണ് ഇത്തരത്തിലുള്ള നടപടിയെന്നും വിമര്‍ശനമുയരുന്നുണ്ട്.