Asianet News MalayalamAsianet News Malayalam

'എന്നോടുള്ള വ്യക്തിവൈരാഗ്യം, വിധി ചോദ്യം ചെയ്യും'; വധശിക്ഷ വിധിച്ചതില്‍ പ്രതികരിച്ച് മുഷറഫ്

വിചാരണയില്‍ ദുബായില്‍ വച്ച് തന്‍റെ മൊഴി കൂടി രേഖപ്പെടുത്താന്‍ അപേക്ഷ നല്‍കിയിട്ടും അത് നിഷേധിക്കുകയായിരുന്നുവെന്ന് മുഷ്റഫ് പറഞ്ഞു.

Ex-Pakistan president Musharraf reacts on his death sentence
Author
Dubai - United Arab Emirates, First Published Dec 19, 2019, 11:09 AM IST

ദുബായ്: രാജ്യദ്രോഹക്കുറ്റം ചുമത്തി പാക്കിസ്ഥാന്‍ കോടതി തനിക്ക് വധശിക്ഷ വിധിച്ചത് വ്യക്തിവൈരാഗ്യം മൂലമെന്ന് പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷ്റഫ്. ചൊവ്വാഴ്ച വന്ന കോടതിവിധിയില്‍ ആദ്യമായി പ്രതികരിക്കുകയായിരുന്നു മുഷ്റഫ്. വിധി പ്രഖ്യാപിച്ചതോടെ മുഷ്റഫിനെ പിന്തുണച്ച് പാക്കിസ്ഥാനില്‍ അനുയായികള്‍ ചെറുറാലികള്‍ സംഘടിപ്പിച്ചു.

വിദഗ്ധ ചികിത്സയ്ക്കായി 2016 മുതല്‍ മുഷ്റഫ് ദുബായിലാണ്. 2014 നും 2019നും ഇടയില്‍ നടന്ന വിചാരണയില്‍ ദുബായില്‍ തന്‍റെ മൊഴി കൂടി രേഖപ്പെടുത്താന്‍ അപേക്ഷ നല്‍കിയിട്ടും അത് നിഷേധിക്കുകയായിരുന്നുവെന്ന് മുഷ്റഫ് പറഞ്ഞു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഈ മാസവും മുഷ്റഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തനിക്കെതിരായ വധശിക്ഷ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. വിധി വന്നതിന് പിന്നാലെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉപദേശകരെ കണ്ടിരുന്നു. പാക്കിസ്ഥാനും യുഎഇയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച ഉടമ്പടി നിലവിലില്ല. 

Read Also: കാർഗിലിലെ കൊലച്ചതി, പട്ടാളശക്തിയില്‍ പരമാധികാരം, നടുക്കിയ അടിയന്തരാവസ്ഥ, ഒടുവില്‍ വധശിക്ഷ; മുഷറഫിന്‍റെ ജീവിതം

2007 നവംബറില്‍ ഭരണഘടന റദ്ദാക്കി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. പെഷവാറിലെ പ്രത്യേക കോടതിയാണ് മുഷറഫിന് വധശിക്ഷ വിധിച്ചത്. പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേഠ് ഉള്‍പ്പടെയുള്ള മൂന്നംഗ ബെഞ്ചിന്‍റേതാണ് വിധി. 

2013ലാണ് പര്‍വേസ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2014 മാര്‍ച്ച് 31ന് അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി. സാങ്കേതികകാരണങ്ങളാല്‍ വിചാരണ തുടങ്ങാന്‍ താമസിച്ചു. അതിനിടെ മുഷറഫ് രാജ്യം വിടുകയും ചെയ്തു. 

2001 ൽ പാകിസ്ഥാൻ പ്രസിഡന്‍റായ മുഷറഫ് 2008 ലാണ് സ്ഥാനം ഒഴിയുന്നത്. ഇംപീച്ച്മെന്‍റ് നടപടികൾ ഒഴിവാക്കാനായിരുന്നു സ്ഥാനത്ത് നിന്ന് മാറിയത്. വിദേശത്ത് കഴിയുമ്പോൾ തന്നെ മുഷറഫ് ഓൾ പാകിസ്ഥാൻ മുസ്ലിം ലീഗ് എന്ന പേരിൽ പുതിയ പാര്‍ട്ടിയും രൂപീകരിച്ചിരുന്നു. 2013 ൽ പാര്‍ലമെന്‍റിലേക്ക് മത്സരിക്കാൻ പാകിസ്ഥാനിൽ തിരിച്ചെത്തിയെങ്കിലും നാഷണൽ അംബ്ലിയിലേക്ക് മത്സരിക്കാൻ മുഷറഫ് നൽകിയ പത്രികകളെല്ലാം തള്ളുന്ന അവസ്ഥയാണ് ഉണ്ടായത്. തൊട്ടു പിന്നാലെ അറസ്റ്റിലായ മുഷറഫ് വീട്ടുതടങ്കലിലുമായി. 2016 ലാണ് മുഷറഫ് രാജ്യം വിട്ടത്. 

Follow Us:
Download App:
  • android
  • ios