30 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുന്നതിനിടെ നടന്ന പുനരന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ജയില്‍ മോചനം.

ഫ്ലോറിഡ: കവര്‍ച്ചാക്കേസില്‍ 400 വര്‍ഷം ശിക്ഷ ലഭിച്ച് തടവിലിരിക്കെ 57കാരന് ജയില്‍ മോചനം. 30 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുന്നതിനിടെ നടന്ന പുനരന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ജയില്‍ മോചനം. ഫ്ലോറിഡയിലാണ് സംഭവം. ആയുധം ധരിച്ച് കവര്‍ച്ച നടത്തിയെന്ന കുറ്റത്തിന് 400 വര്‍ഷത്തെ ശിക്ഷ ലഭിച്ച സിഡ്നി ഹോംസ് എന്ന 57 കാരനെ തിങ്കളാഴ്ചയാണ് ജയിലില്‍ നിന്ന് മോചിപ്പിച്ചത്.

1988 ല്‍ നടന്ന കവര്‍ച്ച് പുനര്‍ അന്വേഷണത്തിന് സംസ്ഥാനം തീരുമാനിച്ചതാണ് സിഡ്നി ഹോംസിന് ജയില്‍ മോചനം സാധ്യമാക്കിയത്. മോഷണം നടത്തി പോകുന്ന സംഘത്തിന് രക്ഷപ്പെടാന്‍ അവസരമൊരുക്കിയ ഡ്രൈവര്‍ ആണെന്ന് ആരോപിച്ച് 1988 ഒക്ടോബര്‍ ആറിനാണ് സിഡ്നി ഹോംസിനെ അറസ്റ്റ് ചെയ്യുന്നത്. 1989ല്‍ വിചാരണ പൂര്‍ത്തിയായതിന് പിന്നാലെയാണ് ഹോംസിന് ശിക്ഷ ലഭിച്ചത്. കടയ്ക്ക് പുറത്ത് വച്ച് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി വനിതയെ കൊള്ളയടിച്ച സംഘത്തെ രക്ഷപ്പെടുത്താനായി വാഹനമോടിച്ചത് ഹോംസാണെന്ന സാക്ഷിമൊഴിയാണ് കേസില്‍ സിഡ്നി ഹോംസിന് വെല്ലുവിളിയായത്.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതും. എന്നാല്‍ ജയിലില്‍ ആയിട്ടും താന്‍ നിരപരാധിയാണെന്ന് തെളിയിക്കാനുള്ള ശ്രമങ്ങള്‍ സിഡ്നി തുടര്‍ന്ന് കൊണ്ടേയിരുന്നു. 2020 നവംബറിലാണ് കുറ്റക്കാരനെന്ന് വിധിച്ചതില്‍ വീണ്ടും അന്വേഷണം വേണമെന്ന് സിഡ്നി ഹോംസ് അറ്റോണിയോട് ആവശ്യപ്പെട്ടത്. സാക്ഷി മൊഴിയല്ലാതെ മറ്റ് തെളിവുകളൊന്നും തന്നെ ഹോംസിനെതിരെ ഇല്ലാതിരുന്നതിനാല്‍ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

പുനരന്വേഷണത്തില്‍ ഹോംസിനെ തിരിച്ചറിഞ്ഞതില്‍ പിശക് പറ്റിയതായി കണ്ടെത്തുകയായിരുന്നു. ഹോംസിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയ രീതികള്‍ ശാസ്ത്രീയമല്ലെന്നും അതിനാല്‍ തന്നെ വിശ്വസനീയമല്ലെന്നും പുനരന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് ഹോംസിന് ജയിലിന് പുറത്തേക്കെത്താനുള്ള അവസരമൊരുങ്ങിയത്.