1750 കോടി രൂപ വിലയുള്ള വിമാനം എയർബേസിൽ പതിക്കുന്നതിന് മുൻപ് പൈലറ്റ് പ്രശ്നപരിഹാരത്തിന് എഞ്ചിനീയർമാരുടെ നിർദേശം തേടിയിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ട്

അലാസ്ക: എഫ്-35 വിമാനം പരിശീലന പറക്കലിനിടെ താഴെ വീണ് തീഗോളമാകും മുൻപ് പ്രശ്നം പരിഹരിക്കാൻ പൈലറ്റ് എഞ്ചിനീയർമാരുമായി ഫോണിൽ സംസാരിച്ചത് 50 മിനിറ്റ്. 1750 കോടി രൂപ (200 മില്യൺ ഡോളർ) വിലയുള്ള വിമാനം അലാസ്കയിലെ എയർബേസിലെ റൺവേയിൽ പതിക്കുന്നതിന് മുൻപാണ് പൈലറ്റ് എഞ്ചിനീയർമാരുടെ നിർദേശം തേടിയതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനം ഈൽസൺ എയർഫോഴ്‌സ് ബേസിൽ ജനുവരി 28-നാണ് തകർന്നുവീണത്. പുറത്തുവന്ന വീഡിയോയിൽ വിമാനം നിലത്തേക്ക് പതിക്കുന്നതിന് മുൻപ് തീ ആളിപ്പടരുന്നത് കാണാം.

വിമാനം നിലം പതിക്കുന്നതിന് തൊട്ടുമുൻപാണ് പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടിയത്. പൈലറ്റിന് നിസ്സാര പരിക്കുകളേയുള്ളൂ. എന്നാൽ വിമാനം പൂർണമായി കത്തിനശിച്ചു. വിമാനത്തിന്റെ മുൻഭാഗത്തെയും പ്രധാന ലാൻഡിംഗ് ഗിയറുകളിലെയും ഹൈഡ്രോളിക് സിസ്റ്റത്തിലെ ഐസ് ആണ് പ്രവർത്തന തടസ്സമുണ്ടാക്കിതെന്നാണ് എയർഫോഴ്‌സ് എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബോർഡിന്‍റെ കണ്ടെത്തൽ. ലാൻഡിംഗ് ഗിയർ പൂർണ്ണമായി ഉള്ളിലേക്ക് മടങ്ങുന്നില്ലെന്ന് പൈലറ്റ് ഉടൻ കണ്ടെത്തിയിരുന്നു. താഴെയിറക്കാൻ ശ്രമിച്ചപ്പോൾ ഒരു കോണിലേക്ക് ചെരിഞ്ഞുപോയി. പക്ഷേ എഫ്-35-ന്റെ സെൻസറുകൾ മനസ്സിലാക്കിയത് വിമാനം നിലത്താണ് എന്നാണ്. അതോടെ ഓട്ടോമേറ്റഡ് ഗ്രൗണ്ട്-ഓപ്പറേഷൻ മോഡിലേക്ക് വിമാനം മാറി. ഇതോടെ വിമാനത്തിന്‍റെ നിയന്ത്രണം നഷ്ടമാകുന്ന സ്ഥിതി വന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

Scroll to load tweet…

എയർബേസിന് ചുറ്റും കറങ്ങിക്കൊണ്ട്, പൈലറ്റ് ചെക്ക്‌ലിസ്റ്റുകൾ പരിശോധിക്കുകയും സോഫ്റ്റ്‌വെയർ, സുരക്ഷ, ലാൻഡിംഗ് ഗിയർ എന്നിവയിൽ വിദഗ്ദ്ധരായ അഞ്ച് എഞ്ചിനീയർമാരുമായി കോൺഫറൻസ് കോൾ നടത്തുകയും ചെയ്തു. ഈ വിദഗ്ദ്ധർ മുൻവശത്തെ ചക്രം നേരെയാക്കാൻ ഉപദേശിച്ചു. എന്നാൽ, ഈ ശ്രമം രണ്ട് പ്രധാന ലാൻഡിംഗ് ഗിയറുകളും ജാമാക്കിയതിനാൽ സുരക്ഷിതമായ ലാൻഡിംഗ് സാധ്യമായില്ല. കോളിൽ വന്ന എഞ്ചിനീയർമാരുടെ ഉൾപ്പെടെയുള്ള നിർദേശങ്ങൾ അപകടത്തിന് കാരണമായതായി റിപ്പോർട്ടിൽ പറയുന്നു.

ഈ അപകടം നടന്ന് 9 ദിവസങ്ങൾക്ക് ശേഷം ഇതേ എയർ ബേസിൽ മറ്റൊരു വിമാനത്തിലും ഹൈഡ്രോളിക് സിസ്റ്റത്തിലെ ഐസ് പ്രശ്നം റിപ്പോർട്ട് ചെയ്തു. പക്ഷേ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. രണ്ട് സംഭവങ്ങൾ നടക്കുമ്പോഴും -18 ഡിഗ്രി സെൽഷ്യസായിരുന്നു താപനില.