വാഷിം​ഗ്ടൺ: കൊവിഡ് 19 വ്യാപനത്തെ തുടർന്ന് തകർന്നു പോയ രാജ്യങ്ങളിൽ ഒന്നാം സ്ഥാനം അമേരിക്കയ്ക്കാണ്. മണിക്കൂറുകൾക്കുള്ളിലാണ് ഇവിടെ രോ​ഗികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നത്. അമേരിക്കയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1.30 മില്യൺ കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് കാലിഫോർണിയയിലെ പസദോനയിൽ ഒരുവീട്ടിലെ കുടുംബാം​ഗങ്ങൾക്കും സുഹൃത്തുക്കൾക്കും കൊവിഡ് 19 സ്ഥിരീകരിച്ചത്. 

വീട്ടിൽ തന്നെ തുടരണമെന്ന നിർദ്ദേശം ഉണ്ടായിരുന്നിട്ടും ആ കുടുംബത്തിലെ അം​ഗങ്ങളും സുഹൃത്തുക്കളും ബർത്ത് ഡേ പാർട്ടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് കൊവിഡ് ബാധയുണ്ടായതെന്ന് ആരോ​ഗ്യ പ്രവർത്തകർ വിശദീകരിക്കുന്നു. വൈറസ് അതിവേ​ഗം  കൂടുതൽ ആളുകളിലേക്ക് എത്താൻ ഈ കൂട്ടായ്മ കാരണമായെന്ന് വാഷിം​ഗ് ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 

പാർട്ടിയിൽ അതിഥിയായി എത്തിയ സ്ത്രീക്ക് ചുമയുണ്ടായിരുന്നു. മാത്രമല്ല, പാർട്ടിയിൽ സംബന്ധിക്കാനെത്തിയ സമയത്ത് ഇവർ മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നില്ല. തനിക്ക് കൊവിഡ് 19 രോ​ഗമായിരിക്കുമെന്ന് കൂട്ടത്തിലുള്ളവരോട് ഇവർ തമാശയക്ക് പറയുകയും ചെയ്തിരുന്നു. പാർട്ടിയിൽ പങ്കെടുത്ത ആരും തന്നെ സാമൂഹിക അകലത്തെക്കുറിച്ചോ മാസ്ക് ധരിക്കുന്നതിനെക്കുറിച്ചോ ശ്രദ്ധിച്ചിരുന്നില്ലെന്ന് സിഎൻഎൽ ചാനൽ പുറത്ത് വിട്ട വാർത്തയിൽ പറയുന്നു. സ്ത്രീയുടെ പെരുമാറ്റം സ്വാർത്ഥതയോടെ ആയിരുന്നു എന്ന് പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവരും ചാനലിനോട് സംസാരിക്കവേ അഭിപ്രായപ്പെട്ടു.

ഈ ബർത്ത് ഡേ പാർട്ടിയുമായി ബന്ധപ്പെട്ട നിരവധി രോ​ഗികളെ കണ്ടെത്തിയതായി ആരോ​ഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. കാലിഫോർണിയയിൽ 65000 പേരാണ് കൊവിഡ് ബാധിതരായിട്ടുള്ളത്. ഇതുവരെ 2687 പേർ രോ​ഗം മൂലം മരിച്ചു.