തുർക്കിയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ ജർമ്മനിയിൽ നിന്നുള്ള നാലംഗ കുടുംബം മരിച്ചു.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഇസ്താംബുള്‍:  തുർക്കിയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഇസ്താംബൂളിലെ ഒർട്ടകോയ് ജില്ലയിലെ ബോസ്ഫറസിലെ പ്രശസ്തമായ തെരുവ് ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് തുർക്കി-ജർമ്മൻ സ്ത്രീയും ഭർത്താവും അവരുടെ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലായി മരിച്ചത്. അവധിക്കാലം ആഘോഷിക്കാൻ ജർമ്മനിയിൽ നിന്ന് എത്തിയതായിരുന്നു കുടുംബം. ബുധനാഴ്ച നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആറ് വയസ്സുള്ള കാദിറും മൂന്ന് വയസ്സുള്ള മസാലും വ്യാഴാഴ്ച മരിച്ചു. അമ്മ സിഗ്ഡെം ബോസെക് അടുത്ത ദിവസം മരിച്ചു. പിതാവ് സെർവെറ്റ് ബോസെക്കും തിങ്കളാഴ്ച മരിച്ചു.

സിഎൻഎൻ ടർക്കിന്റെ റിപ്പോർട്ട് പ്രകാരം, നവംബർ 9 ന് അവധിക്കാലം ആഘോഷിക്കാൻ ബോസെക് കുടുംബം ജർമ്മനിയിലെ ഹാംബർഗിൽ നിന്ന് ഇസ്താംബൂളിലെത്തി. യാത്രയ്ക്കിടെ, തെരുവിലെ സ്റ്റാളിൽനിന്ന് അവർ ചോറിനൊപ്പം കക്കയും, ടോപ്പിംഗുകൾ നിറച്ച വേവിച്ച ഉരുളക്കിഴങ്ങ്, ഗ്രിൽ ചെയ്ത ആട്ടിൻ കുടൽ വിഭവമായ "കൊക്കോറെക്"എന്നിവയുൾപ്പെടെ വിവിധതരം ഭക്ഷണങ്ങൾ കഴിച്ചതായി റിപ്പോർട്ടുണ്ട്.

താമസിയാതെ, രണ്ട് കുട്ടികൾക്കും ഓക്കാനം, ഛർദ്ദി എന്നിവ അനുഭവപ്പെടാൻ തുടങ്ങി. മാതാപിതാക്കൾക്കും സമാനമായ ലക്ഷണങ്ങൾ കണ്ടു. നവംബർ 12 ന് കുടുംബം ആശുപത്രി സന്ദർശിച്ചെങ്കിലും അതേ ദിവസം തന്നെ ഡിസ്ചാർജ് ചെയ്യപ്പെടുകയും ചെയ്തുവെന്ന് ഹുറിയറ്റ് ഡെയ്‌ലി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കടുത്ത പനിയും ഛർദ്ദിയും മൂലം അമ്മയെയും കുട്ടികളെയും തിരികെ കൊണ്ടുവന്നെങ്കിലും നവംബർ 13 ന് അവർ മരിച്ചു. അതേസമയം, ബോസെക് കുടുംബം അവർ താമസിക്കുന്ന ഹോട്ടലിൽ മൂട്ടകളെ തുരത്താൻ കീടനാശിനികൾ ഉപയോഗിച്ചിരിക്കാമെന്നും റിപ്പോർട്ടുകൾ വന്നു. 

അലുമിനിയം ഫോസ്ഫൈഡ് പോലുള്ള കീടനാശിനി തളിച്ചതായി സംശയിക്കുന്നു. കീടനാശിനിയുടെ വാതകം വെന്റിലേഷൻ ഷാഫ്റ്റ് വഴി അവരുടെ ഒന്നാം നിലയിലെ മുറിയിലെത്തിയിരിക്കാമെന്നും പറയുന്നു. നവംബർ 15-ന് ഹാർബർ സ്യൂട്ട്സ് ഓൾഡ് സിറ്റി ഹോട്ടലിൽ രണ്ട് വിനോദസഞ്ചാരികൾക്ക് കൂടി അസുഖം ബാധിച്ചതായി റിപ്പോർട്ടുണ്ട്. ബെഡ്ഷീറ്റുകൾ, തലയിണകൾ, വാട്ടർ ബോട്ടിലുകൾ, പുതപ്പുകൾ എന്നിവയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. ഹോട്ടൽ ഉടമ, ജീവനക്കാർ, കീട നിയന്ത്രണ കമ്പനിയുടെ ജീവനക്കാർ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് അന്വേഷണം. മരണകാരണം ഫോറൻസിക് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ടിന് ശേഷമേ സ്ഥിരീകരിക്കാവൂവെന്ന് അധികൃതർ പറഞ്ഞു.