മൂന്ന് മുതൽ നാല് ആഴ്ചയോളം സമയം എടുത്താണ് മാംസം നൽകി ബ്ലോണ്ടിയെ സംരക്ഷിത മേഖലയ്ക്ക് പുറത്തേക്ക് കൊണ്ടുവന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഹരാരേ: ദേശീയ ഉദ്യാനത്തിൽ കായിക വേട്ടയ്ക്ക് ഇറങ്ങിയ വിനോദ സഞ്ചാരി വെടിവച്ച് കൊന്നത് ഗവേഷണങ്ങളുടെ ഭാഗമായിരുന്ന സിംഹത്തെ. സിംബാബ്‍വെയിലെ ഹ്വാഞ്ച് ദേശീയോദ്യാനത്തിലാണ് സംഭവം. ദേശീയോദ്യാനത്തിന്റെ സംരക്ഷിത മേഖലയിൽ കഴിഞ്ഞിരുന്ന ബ്ലോണ്ടി എന്ന സിംഹത്തെയാണ് വിനോദ സഞ്ചാരി കൊലപ്പെടുത്തിയത്.

5 വയസ് പ്രായമുള്ള ബ്ലോണ്ടിയെ ഇര നൽകി പ്രേരിപ്പിച്ച് സംരക്ഷിത മേഖലയുടെ പുറത്ത് എത്തിച്ചായിരുന്നു വിനോദ സഞ്ചാരി വെടിവച്ച് വീഴ്ത്തിയത്. ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷണത്തിന്റെ ഭാഗമായിരുന്ന ബ്ലോണ്ടിയെ തിരിച്ചറിയുന്നതിനായുള്ള ജിപിഎസ് ഘടിപ്പിച്ച ട്രാക്കർ കണ്ടിട്ട് പോലും വിനോദത്തിനായി വെടിവച്ച് വീഴ്ത്തിയ നടപടിക്കെതിരെ രൂക്ഷമായ വിമ‍ർശനമാണ് ആഗോള തലത്തിൽ ഉയരുന്നത്. ജൂൺ അവസാന വാരത്തിൽ നടന്ന സംഭവം ഹ്വാഞ്ച് ദേശീയോദ്യാനത്തിന്റെ പ്രവർത്തനത്തിനെതിരെ രൂക്ഷ വിമർശനം ഉയരാൻ കാരണമായിട്ടുണ്ട്.

എന്നാൽ നിയമപരമായ വേട്ടയാണ് നടന്നതെന്നും വെടിവച്ചയാൾക്ക് ഇതിന് ആവശ്യമായ ലൈസൻസുണ്ടെന്നുമാണ് ഹ്വാഞ്ച് ദേശീയോദ്യാന ഉദ്യോഗസ്ഥർ പ്രതികരിക്കുന്നത്. ഓരോ വ‍‍ർഷവും കായിക വേട്ടയിലൂടെ 100 സിംഹങ്ങളെ കൊലപ്പടുത്താനുള്ള അനുമതിയാണ് സിംബാബ്‍വേ നൽകുന്നത്. ട്രോഫി ഹണ്ടിംഗ് എന്ന വ്യാപക വിമർശനം നേരിടുന്ന കായിക വേട്ടയിൽ പ്രധാനമായും പങ്കെടുക്കുന്നത് വിദേശ വിനോദ സഞ്ചാരികളാണ്. വൻ തുക അടച്ച ശേഷമാണ് വേട്ടയാടാനുള്ള അനുമതി നേടുന്നത്. വേട്ടയാടുന്ന സിംഹത്തിന്റെ തലയും തുകലും വേട്ടക്കാരന് സ്വന്തമാക്കാൻ സാധിക്കും.

പ്രധാനമായും ബ്രീഡിംഗ് ആവശ്യങ്ങൾക്കായി സംരക്ഷിച്ചിരുന്ന ബ്ലോണ്ടിയെ വേട്ടയാടിയത് ധാർമികതയ്ക്ക് നിരക്കാത്തതാണെന്നാണ് വ്യാപകമാവുന്ന വിമ‍ർശനം. 35000 പൗണ്ട് (ഏകദേശം 40,70,332 രൂപ) നൽകിയാണ ബ്ലോണ്ടിയെ വേട്ടയാടിയതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 10 കുഞ്ഞുങ്ങളും 3 പ്രായപൂ‍ത്തിയായ സിംഹങ്ങളും അടങ്ങുന്ന ബ്ലോണ്ടിയുടെ സംഘത്തെ തിരിച്ചറിയാനായി മൂന്ന് മാസം മുൻപാണ് ജിപിഎസ് കോള‍ർ ഘടിപ്പിച്ചത്. മൂന്ന് മുതൽ നാല് ആഴ്ചയോളം സമയം എടുത്താണ് മാംസം നൽകി ബ്ലോണ്ടിയെ സംരക്ഷിത മേഖലയ്ക്ക് പുറത്തേക്ക് കൊണ്ടുവന്നതെന്നാണ് വ്യാഴാഴ്ച പുറത്ത് വന്ന റിപ്പോർട്ട് വിശദമാക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ ബ്ലോണ്ടിയുടെ പ്രശസ്തി നിരീക്ഷിച്ച ശേഷമായിരുന്നു സിംഹത്തെ വേട്ടയാടിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2015ൽ സമാനമായ രീതിയിൽ സിംബാബ്‍വെയിലെ ഏറ്റവും പ്രശസ്തനായ സിംഹമായിരുന്ന സെസിലിനെയും കായിക വേട്ടക്കാർ വെടിവച്ച് കൊന്നിരുന്നു. 30 ലക്ഷം രൂപയോളം ചെലവിട്ടാലാണ് സിംഹം, സീബ്ര, ജിറാഫ്, പുള്ളിപ്പുലികൾ എന്നിങ്ങനെയുള്ള മൃഗങ്ങളെ വേട്ടയാടാൻ അനുമതി നേടാനാവുക. കഴിഞ്ഞ പത്ത് വ‍ർഷത്തിനുള്ളിൽ ഹ്വാഞ്ച് ദേശീയോദ്യാനത്തിൽ മാത്രം 24 സിംഹങ്ങളാണ് ട്രോഫി ഹണ്ടിംഗിന് ഇരയായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം