അപ്രതീക്ഷിതമായി വീടിന്‍റെ മതില്‍ ചാടി തെരുവിലേക്കെത്തിയ സിംഹം മുന്നില്‍‌ കണ്ട സ്ത്രീയ ആദ്യം അക്രമിക്കുകയും പിന്നീട് കുട്ടികളെ അക്രമിക്കുകയുമായിരുന്നു.

പാകിസ്ഥാനിലെ ലാഹോറിൽ തിരക്കേറിയെ തെരുവില്‍ സിംഹം ഒരു സ്ത്രീയെയും രണ്ട് കുട്ടികളെയും അക്രമിച്ചു. തൊട്ടടുത്ത വീട്ടില്‍ വളര്‍ത്തുകയായിരുന്ന സിംഹം അവിടെ നിന്നും രക്ഷപ്പെട്ട തെരുവിലേക്ക് ഇറങ്ങിയ ഉടനെയാണ് ആക്രമണം നടത്തിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സിസിടിവി ദൃശ്യങ്ങൾളില്‍ വീടിന്‍റെ കൂറ്റന്‍ മതില്‍ ചാടിക്കടന്ന് സ്ത്രീയെയും കുട്ടികളെയും അക്രമിക്കുന്നത് കാണാം.

കഴിഞ്ഞ വ്യാഴാഴ്ച (3.7.'25) രാത്രി വീട്ടിലേക്ക് സാധാനങ്ങൾ വാങ്ങാനായി പോയ സ്ത്രീയെയാണ് സിംഹം ആക്രമിച്ചത്. സിംഹം മതില്‍ ചാടിക്കടക്കുമ്പോൾ തെരുവില്‍ നിരവധി പേർ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ സിംഹം സ്ത്രീയുടെ പിന്നീലൂടെ ചാടിക്കയറുകയും സ്ത്രീ താഴെ വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ സിംഹത്തിന്‍റെ ഉടമസ്ഥര്‍ സ്ഥലത്തേക്ക് ഓടിയെത്തി. എന്നാല്‍ സിംഹം സ്ത്രീ ഉപേക്ഷിച്ച് സമീപത്തുണ്ടായിരുന്ന രണ്ട് കുട്ടികളെ അക്രമിച്ചു. ഇതില്‍ അഞ്ച് വയസുകാരന്‍റെ മുഖവും കൈകളും സിംഹം കടിച്ച് കീറിയതായി കുട്ടിയുടെ അച്ഛന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പറയുന്നു. മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരുടെയും നില ഗുരുതരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Scroll to load tweet…

സിംഹം തെരുവില്‍ നിന്നവരെ ആക്രമിക്കുമ്പോൾ അതിന്‍റെ ഉടമസ്ഥര്‍ അക്രമം കണ്ട് രസിക്കുകയായിരുന്നെന്നും പരിക്കേറ്റ അഞ്ച് വയസുകാരന്‍റെ പിതാവ് പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോ പോലീസ് തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. പ്രതികൾ സംഭവ സ്ഥലത്ത് നിന്നും സിംഹവുമായി രക്ഷപ്പെട്ടെങ്കിലും 12 മണിക്കൂറിനുള്ളില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. 11 മാസം പ്രായമുള്ള സിംഹത്തെ വന്യജീവി പാർക്കിലേക്ക് തുറന്ന് വിട്ടതായി പോലീസ് അറിയിച്ചു. പാകിസ്ഥാനില്‍ സിംഹം, പുലി തുടങ്ങിയ മൃഗങ്ങളെ വളര്‍ത്തുന്നത് സമ്പത്തിന്‍റെയും പദവിയുടെയും അധികാരത്തിന്‍റെയും ചിഹ്നമായി കണക്കാക്കുന്നു.