ദില്ലി: ഈ വര്‍ഷം ഒക്ടോബറോടുകൂടി  സ്വന്തം മണ്ണിലെ തീവ്രവാദത്തെ ഇല്ലാതാക്കാന്‍ മതിയായ നടപടികള്‍ സ്വീകരിക്കണമെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ് എ ടി എഫ്) കര്‍ശന നിര്‍ദേശം നല്‍കി. യുഎന്‍ നിര്‍ദേശിച്ച ഭീകര വിരുദ്ധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും അറിയിച്ചു. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. സമിതിയില്‍ ചൈന പാകിസ്ഥാന് അനുകൂലമായി രംഗത്തുവന്നെങ്കിലും ഫലമുണ്ടായില്ല.

നേരത്തെയും പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും നടപടിയെടുത്തില്ലെന്ന് സമിതി കുറ്റപ്പെടുത്തി. രാജ്യത്ത് തീവ്രവാദം തടയുന്നതിനും ഭീകരവാദികളുടെ സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കുന്നതിനും മതിയായ നടപടികള്‍ സ്വീകരിച്ചില്ലെന്നും സമിതി ആരോപിച്ചു. എഫ് എ ടി എഫ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ പാകിസ്ഥാന് സാമ്പത്തികമടക്കമുള്ള അന്താരാഷ്ട്ര ഉപരോധങ്ങള്‍ നേരിടേണ്ടി വരും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളാണ് സമിതിയില്‍ പാകിസ്ഥാനെതിരെ രംഗത്തുവന്നത്. ആഗോള ഭീകരരായ ഹാഫിസ് സയീദ്, അസ്ഹര്‍ മഹമൂദ് എന്നിവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടെന്ന്  ഇന്ത്യ കുറ്റപ്പെടുത്തി. പാകിസ്ഥാന്‍റെ തീവ്രവാദ വിരുദ്ധ നിയമം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ചല്ലെന്നും സമിതി ആരോപിച്ചു.

യുഎന്‍ പ്രഖ്യാപിച്ച ഭീകരര്‍ക്കെതിരെപ്പോലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതേസമയം, ലഷ്കര്‍ ഇ ത്വയ്ബ, ജമാഅത്ത് ഉജ് ദവ, ഫലാ ഇന്‍സാനിയാത്, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളുടെ 700ഓളം ആസ്തികള്‍ പിടിച്ചെടുത്തെന്ന് പാകിസ്താന്‍ വ്യക്തമാക്കി. അത് മതിയായ നടപടിയല്ലെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അറിയിച്ചു. തീവ്രവാദികള്‍ക്കുള്ള ഫണ്ടിംഗ് തടയുന്നതിനോ ആയുധങ്ങള്‍ പിടികൂടുന്നതിനോ പാകിസ്ഥാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് സമിതി വ്യക്തമാക്കി. 2018ല്‍ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.