റൈഡിംഗ് മോവറിൽ നിന്ന് വീണപ്പോഴാണ് ട്രിസ്റ്റിയന് പാമ്പ് കടിയേറ്റതെന്നാണ് റിപ്പോർട്ട്. സമയത്ത് വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ ട്രിസ്റ്റിയൻ്റെ മരണം ഒരുപക്ഷേ തടയാമായിരുന്നുവെന്നാണ് 22 പേജുള്ള റിപ്പോർട്ടിൽ പറയുന്നത്

മെൽബൺ: ഓസ്‌ട്രേലിയയിൽ പാമ്പ് കടിയേറ്റ 11 വയസുകാരൻ വൈദ്യസഹായം ലഭിക്കാതെ മരിച്ചു. പാമ്പ് കടിയേറ്റ വിവരം ലഭിച്ചിട്ടും ഉടൻ ചികിത്സ നൽകുന്നതിനു പകരം അച്ഛൻ കിടന്നുറങ്ങാൻ പറയുകയായിരുന്നുവെന്നും ഇങ്ങനെയാണ് ചികിത്സ കിട്ടാതെ കുട്ടി മരിച്ചതെന്നുമാണ് കഴിഞ്ഞയാഴ്ച പുറത്ത് വന്ന ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. ട്രിസ്റ്റിയൻ ജെയിംസ് ഫ്രാം എന്ന പതിനൊന്നുകാരനാണ് മർഗോണിലുള്ള ഒരു എസ്റ്റേറ്റിൽ വെച്ച് 2021 നവംബർ 21ന് മരിച്ചത്. റൈഡിംഗ് മോവറിൽ നിന്ന് വീണപ്പോഴാണ് ട്രിസ്റ്റിയന് പാമ്പ് കടിയേറ്റതെന്നാണ് റിപ്പോർട്ട്. സമയത്ത് വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ ട്രിസ്റ്റിയൻ്റെ മരണം ഒരുപക്ഷേ തടയാമായിരുന്നുവെന്നാണ് 22 പേജുള്ള റിപ്പോർട്ടിൽ പറയുന്നത്. ബ്രൗൺ സ്നേക്ക് എന്ന ഇനം പാമ്പു കടിച്ചതിനെ തുടർന്നുള്ള വിഷബാധ കാരണം ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്നാണ് ഇപ്പോൾ പുറത്ത് വന്ന റിപ്പോർട്ടിലുള്ളത്.

പാമ്പ് കടിച്ചതിന്റെ പാടുകളുണ്ടോയെന്ന് ദേഹ പരിശോധന

ട്രിസ്റ്റിയൻ്റെ പിതാവ് കെറോഡ് ഫ്രാമിനും പേര് വെളിപ്പെടുത്താത്ത മറ്റ് രണ്ട് മുതിർന്നവർക്കും 11-കാരന് പാമ്പ് കടിയേറ്റതാകാമെന്ന് വിവരമുണ്ടായിരുന്നു. പാമ്പ് കടിച്ചതിന്റെ പാടുകളുണ്ടോയെന്ന് ദേഹ പരിശോധന നടത്തിയെങ്കിലും മുറിവുകളൊന്നും കാണാത്തതിനെത്തുടർന്നാണ് കുട്ടിയോട് കിടന്നുറങ്ങാൻ പറഞ്ഞതെന്നാണ് അച്ഛന്റെ മൊഴി. അസുഖം വന്നതുപോലെ കാണപ്പെട്ട മകന് മദ്യലഹരിയാണെന്നാണ് താൻ കരുതിയതെന്നാണ് കെറോഡ് ഫ്രാം അധികൃതരോട് പറഞ്ഞിരുന്നത്. തുടർന്ന് ട്രിസ്റ്റിയനോട് പോയി കിടന്നുറങ്ങാൻ ഫ്രാഹ്‌ം നിർദ്ദേശിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, മരണശേഷം നടത്തിയ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ മദ്യത്തിൻ്റെ അംശം കണ്ടെത്താനായിരുന്നില്ല. പിന്നീട് കുട്ടിക്ക് വയറുവേദനയും ശർദ്ദിയുമുണ്ടായി. 2021 നവംബർ 22 ന് രാവിലെയോടെ വീട്ടിൽ മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ കാലിൽ രണ്ടിടത്ത് പാമ്പ് കടിച്ചതിന്റെ പാടുകളും കണ്ടെത്തി.