ഇയാളുടെ ഫോണിലെ സെർച്ച് ഹിസ്റ്ററിയിൽ നിന്നാണ് മകൾ കൊടും ചൂടിൽ ജീവന് വേണ്ടി പോരാടുന്ന സമയത്ത് ഇയാൾ അശ്ലീല വീഡിയോ കാണുകയായിരുന്നുവെന്ന് വ്യക്തമായത്.

അരിസോണ: രണ്ട് വയസുള്ള മകളെ കൊടും ചൂടിൽ കാറിൽ ലോക്ക് ചെയ്തു മറന്നു. പി‌ഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. കേസിൽ ജയിലിൽ ആവുമെന്നിരിക്കെ ജീവനൊടുക്കി പിതാവ്. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. 38 വയസുകാരനായ ക്രിസ്റ്റോഫർ സ്കോൾടേസ് ആണ് അശ്ലീല വീഡിയോ കാണാനുള്ള വെപ്രാളത്തിനിടെ പിഞ്ചുകുഞ്ഞിനെ കാറിൽ മറന്നത്. കേസിൽ 38കാരൻ കുറ്റക്കാരനാണെന്ന് കഴിഞ്ഞ മാസം കോടതി കണ്ടെത്തിയിരുന്നു. കേസില്‍ വിധി വരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ബുധനാഴ്ച ഇയാളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മൂന്നര മണിക്കൂറോളമാണ് കുഞ്ഞ് കാറിനുള്ളില്‍ കുടുങ്ങിക്കിടന്നത്.

2024 ജൂലൈ മാസത്തിലാണ് കാറിന്റെ പിൻസീറ്റിൽ ഉറങ്ങുകയായിരുന്ന രണ്ട് വസുകാരിയെ പാർക്കിംഗ് ഏരിയയിൽ 38കാരൻ മറന്നത്. വീട്ടിലെത്തിയ 38കാരൻ അശ്ലീല വീഡിയോ കാണുകയും മദ്യപിക്കുകയും വീഡിയോ ഗെയിം കളിക്കുകയും ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞപ്പോഴും ഇയാൾ കുഞ്ഞിന്റെ കാര്യം ഓർത്തിരുന്നില്ല. 43 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് കുട്ടിയെ 38കാരൻ കാറിൽ മറന്നത്. പിന്നീട് 38കാരന്റെ ഭാര്യ വീട്ടിലെത്തി കുഞ്ഞിനെ അന്വേഷിക്കുമ്പോഴാണ് മകൾ വീട്ടിലില്ലെന്ന കാര്യം ഇയാൾ തിരിച്ചറിയുന്നത്. കേസിൽ വിധി വരാനിരിക്കെയാണ് 38കാരൻ ജീവനൊടുക്കിയത്. 20 മുതൽ 30 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾക്കെതിരെ കോടതിയിൽ തെളിഞ്ഞത്. 

മകളെ കാറിൽ നിന്ന് എടുക്കാൻ മറക്കരുതെന്ന് ഓർമ്മിപ്പിക്കുന്ന ഭാര്യയുടെ സന്ദേശങ്ങൾ തെളിവായി 

മകളെ കാറിൽ നിന്ന് എടുക്കാൻ മറക്കരുതെന്ന് ഓർമ്മിപ്പിക്കുന്ന ഭാര്യയുടെ സന്ദേശങ്ങൾ ഉൾപ്പെടെയുള്ളവ കേസിൽ ഇയാൾക്കെതിരെയുള്ള തെളിവുകളായി മാറിയിരുന്നു. കുട്ടിയെ കാറിൽ മറക്കുന്നത് ഇയാളുടെ പതിവ് രീതിയാണെന്ന് സ്ഥാപിക്കാൻ ഈ മെസേജുകൾ കാരണമായിരുന്നു. സിസിടിവി ഫൂട്ടേജുകളിൽ ഉച്ചയ്ക്ക് 12.53ന് വീട്ടിലെത്തിയ 38കാരൻ ഉച്ച കഴിഞ്ഞ് 2.30 ന് പുറത്തിറങ്ങിയ ശേഷം തിരികെ പോയിരുന്നു. ഇയാളുടെ ഭാര്യ എറീക വൈകുന്നേരം 4 മണിയോടെയാണ് വീട്ടിലെത്തിയത്. 

കാറിൽ നിന്ന് കുട്ടിയെ ജീവനോടെയാണ് പുറത്ത് എടുത്തതെങ്കിലും ആശുപത്രിയിലെത്തി ഒരു മണിക്കൂർ കഴിഞ്ഞതോടെ അവശനിലയിലായ കുഞ്ഞ് മരിക്കുകയായിരുന്നു. ഇയാളുടെ ഫോണിലെ സെർച്ച് ഹിസ്റ്ററിയിൽ നിന്നാണ് മകൾ കൊടും ചൂടിൽ ജീവന് വേണ്ടി പോരാടുന്ന സമയത്ത് ഇയാൾ അശ്ലീല വീഡിയോ കാണുകയായിരുന്നുവെന്ന് വ്യക്തമായത്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം