ഇന്ത്യൻ വംശജനായ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ, കാമുകിയുടെ സംഗീത പരിപാടിക്ക് സർക്കാർ വിമാനം ഉപയോഗിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി രംഗത്തെത്തി.
വാഷിങ്ടണ്‍: കാമുകിയുടെ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ യുഎസ് സർക്കാരിന്‍റെ വിമാനത്തിൽ പറന്നതോടെയുണ്ടായ വിവാദങ്ങളെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ വംശജനായ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ. അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമായ ആരോപണം എന്നാണ് കാഷ് പട്ടേലിന്‍റെ പ്രതികരണം.
മുൻ എഫ്ബിഐ ഏജന്‍റ് കൈൽ സെറാഫിൻ പോഡ്‌കാസ്റ്റിൽ ആരോപണം ഉന്നയിച്ചതോടെയാണ് വിവാദം തുടങ്ങിയത്. ഒക്‌ടോബർ 25-ന് പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന ഗുസ്തി മത്സരത്തിനിടെ ഗായികയായ അലക്സിസ് വിൽക്കിൻസിന്‍റെ സംഗീത പരിപാടിയുണ്ടായിരുന്നു. ഇതു കാണാൻ ഏകദേശം 532 കോടി രൂപ (60 ദശലക്ഷം യുഎസ് ഡോളർ) വിലയുള്ള എഫ്ബിഐയുടെ ജെറ്റിലാണ് കാഷ് പട്ടേൽ പറന്നതെന്നാണ് ആരോപണം. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത ഷട്ട് ഡൌണിന്‍റെ സമയത്ത് സമയത്ത്, കാഷ് പട്ടേൽ നമ്മുടെ ചെലവിൽ കാമുകിയുമൊത്ത് കറങ്ങാൻ പോകുന്നത് ശരിയാണോ എന്നായിരുന്നു മുൻ എഫ്ബിഐ മുൻ ഏജന്‍റിന്‍റെ ചോദ്യം.
എഫ്ബിഐയുടെയും കാഷ് പട്ടേലിന്റെയും മറുപടി
എഫ്ബിഐ നൽകിയ വിശദീകരണം സുരക്ഷാ കാരണങ്ങളാൽ ഡയറക്ടർ ഔദ്യോഗിക യാത്രകൾക്കല്ലെങ്കിൽ പോലും ഔദ്യോഗിക വിമാനത്തിൽ യാത്ര ചെയ്യാൻ ബാധ്യസ്ഥനാണെന്നാണ്. ഔദ്യോഗികമല്ലാത്ത യാത്രകൾക്ക് കാഷ് പട്ടേൽ മുൻകൂട്ടി പണം സർക്കാരിന് തിരികെ നൽകുന്നുണ്ടെന്നും എഫ്ബിഐ വ്യക്തമാക്കി. കാഷ് പട്ടേൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ജെറ്റ് ഉപയോഗിച്ചത് നിയമം പാലിച്ചാണെന്നും എഫ്ബിഐ വിശദീകരിച്ചു.
അടിസ്ഥാനരഹിതമായ കിംവദന്തികൾ ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു കാഷ് പട്ടേലിന്‍റെ മറുപടി- "നിങ്ങൾക്ക് എന്നെ എത്ര വേണമെങ്കിലും വിമർശിക്കാം. എന്നാൽ എന്റെ സ്വകാര്യ ജീവിതത്തെയും എനിക്ക് ചുറ്റുമുള്ളവരെയും ആക്രമിക്കുന്നത് ശരിയല്ല. എന്‍റെ ജീവിത പങ്കാളിയായ, യഥാർത്ഥ രാജ്യസ്നേഹിയായ അലക്സിസിനെതിരെയുള്ള അറപ്പുളവാക്കുന്ന ആക്രമണങ്ങൾ ശരിയല്ല. മറ്റുള്ളവർ പല ജന്മം ജനിച്ചു ജീവിച്ചാൽ ചെയ്യുന്നതിനേക്കാൾ കൂടുതൽ ഈ രാജ്യത്തിന് വേണ്ടി ചെയ്ത വ്യക്തിയാണവർ. കുടുംബത്തോടുള്ള സ്നേഹം എന്നുണ്ട്, അത് തകർക്കാൻ നിങ്ങൾക്ക് കഴിയില്ല. ഞാനും ഈ എഫ്ബിഐയും ഞങ്ങളുടെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും". അലക്സിസ് വിൽക്കിൻസ് ഇതിനകം എഫ്ഐബി മുൻ ഏജന്‍റിനെതിരെ അപകീർത്തി കേസ് ഫയൽ ചെയ്തു. 5 മില്യണ്‍ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് നൽകിയത്.
