വാഷിങ്ടണ്‍: കൊവിഡ് 19നെതിരെ ഫൈസര്‍ വികസിപ്പിച്ച വാക്‌സിന് അനുമതി നല്‍കി അമേരിക്ക. വെള്ളിയാഴ്ച രാത്രിയാണ് വാക്‌സിന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീഡിയോയിലൂടെ അറിയിച്ചത്. ഒമ്പത് മാസത്തിനുള്ളില്‍ സുരക്ഷിതവും ഫലപ്രദവുമായി വാക്‌സിന്‍ എത്തിക്കാന്‍ കഴിഞ്ഞു. ചരിത്രത്തില്‍ ശാസ്ത്രത്തിന്റെ വലിയ നേട്ടങ്ങളിലൊന്നാണിത്. ലക്ഷക്കണക്കിന് ആളുകളെ വാക്‌സിന്‍ മരണത്തില്‍ നിന്ന് രക്ഷിക്കും-ട്രംപ് പറഞ്ഞു.

സുരക്ഷക്ക് ഗോള്‍ഡന്‍ സ്റ്റാന്‍ഡേര്‍ഡാണ് വാക്‌സിന് ലഭിച്ചത്. 1400 കോടി ഡോളറാണ് തന്റെ സര്‍ക്കാര്‍ വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി അനുവദിച്ചതെന്നും ട്രംപ് പറഞ്ഞു. എല്ലാ അമേരിക്കക്കാര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ സാധിക്കുമെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി. 24 മണിക്കൂറിനുള്ളില്‍ ആദ്യ ഡോസ് നല്‍കും. മുതിര്‍ന്ന പൗരന്മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക.

അതേസമയം, സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് എഫ്ഡിഎ ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വാക്‌സിന് അനുമതി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിവെക്കാന്‍ എഫ്ഡിഎ കമ്മീഷണര്‍ സ്റ്റീഫന്‍ ഹാണിനോട് വൈറ്റ് ഹൗസ് സ്റ്റാഫ് മേധാവി മാര്‍ക്ക് മിഡോസ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടനാണ് ആദ്യം ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയത്. ബ്രിട്ടനില്‍ വാക്‌സിനേഷന്‍ ആരംഭിക്കുകയും ചെയ്തു. ചിലരില്‍ വാക്‌സിന്‍ അലര്‍ജിയുണ്ടാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.