ഈജീപ്ത് എയറിനെതിരെയാണ് യുവാവ് കോടതിയിലെത്തിയത്. 44 കോടി രൂപയാണ് യുവാവ് നഷ്ടപരിഹാരം തേടിയിട്ടുള്ളത്.

വാഷിംഗ്ടൺ: വിമാനയാത്രയ്ക്കിടെ സീറ്റിന് മുന്നിലെ പോക്കറ്റിൽ കയ്യിട്ടപ്പോൾ സൂചി തട്ടി പരിക്കേറ്റു. വിമാന കമ്പനിയോട് വൻതുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്. 2024 ഒക്ടോബർ 16ന് ഈജിപ്തിലെ കെയ്റോയിൽ നിന്ന് വാഷിംഗ്ടണിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്. സീറ്റ് പോക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സൂചിയിലാണ് യുവാവിന്റെ വിരലുകൾ തട്ടിയത്. പിന്നാലെ സൂചി യുവാവിന്റെ വിരലുകളിൽ പരിക്കേൽപ്പിച്ചിരുന്നു. ഈജീപ്ത് എയറിനെതിരെയാണ് യുവാവ് കോടതിയിലെത്തിയത്. 44 കോടി രൂപയാണ് യുവാവ് നഷ്ടപരിഹാരം തേടിയിട്ടുള്ളത്. തനിക്ക് മുൻപ് ഇതേ സീറ്റ് ഉപയോഗിച്ച യാത്രക്കാരന്റെ വിവരങ്ങൾ എയർ ലൈനിനോട് തെരക്കിയിട്ടും വിമാന കമ്പനി നൽകിയില്ല. ഇതിനാൽ മഞ്ഞപ്പിത്തവും എച്ച്ഐവി പോലുള്ള എന്തെങ്കിലും ബാധിച്ചോയെന്ന് അറിയാതെ മാനസിക സംഘർഷത്തിലാവുകയും ഇത്തരം രോഗങ്ങൾ കണ്ടെത്താൻ വേണ്ടി പരിശോധനകൾ നടത്താനായി വൻ തുക ചെലവിടേണ്ടി വന്നുവെന്നുമാണ് യുവാവ് കോടതിയിൽ വിശദമാക്കിയത്.

രോഗങ്ങൾ കണ്ടെത്താൻ അനാവശ്യമായി പരിശോധനകൾക്ക് വിധേയനാകേണ്ടി വന്നുവെന്ന് യുവാവ് 

ജോൺ ഡോ എന്നയാളാണ് ഈ‍ജിപ്ത് എയർലൈനിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. മുൻയാത്രക്കാരനേക്കുറിച്ച് അറിയാൻ എയർലൈനുമായി നിരവധി തവണ ബന്ധപ്പെട്ടിട്ടും മറുപടിയുണ്ടായില്ല. മാസങ്ങളുടെ അനിശ്ചിതത്വം മാനസികമായി കടുത്ത വെല്ലുവിളികളാണ് ശ്രദ്ധിച്ചത്. സ്വകാര്യ ജീവിതത്തിലും സാരമായി പ്രശ്നങ്ങളുണ്ടാവാൻ സൂചി കാരണമായി. മുൻസൈനികനായ 40കാരനാണ് കോടതിയിൽ എത്തിയിട്ടുള്ളത്. ഭാര്യയോട് പോലും അടുത്ത് പെരുമാറാൻ പോലും ഭയന്ന സാഹചര്യമാണ് പരാതിക്കാരനുണ്ടായതെന്നാണ് ഹർജി വിശദമാക്കുന്നത്. മാസങ്ങൾക്ക് ശേഷമാണ് യുവാവിന് ആരോഗ്യ പരമായ ബുദ്ധിമുട്ടുകളൊന്നും സൂചി കൊണ്ടുണ്ടായ പരിക്കിൽ നിന്ന് ഉണ്ടായില്ലെന്ന് പരിശോധനാ ഫലം ലഭിക്കുന്നത്. യാത്രക്കാരുടെ മാനുഷിക മൂല്യങ്ങൾ കണക്കിലെടുക്കാതെയുള്ള വിമാന കമ്പനിയുടെ ഇടപെടലിനെതിരേയാണ് പരാതി.

പരിശോധനാ ഫലം വരാൻ വൈകിയ സമയത്ത് 40കാരൻ നേരിടേണ്ടി വന്ന സമ്മർദ്ദവും മാനസിക പ്രയാസവും അനാവശ്യമായി പരിശോധനകൾക്കായി ചെലവിടേണ്ടി വന്നതായ പണത്തിനുമാണ് 44 കോടി രൂപ യുവാവ് നഷ്ടപരിഹാരം ചോദിച്ചിരിക്കുന്നത്. ഒടുവിലെ പരിശോധനാ ഫലം എത്തിയതിന് പിന്നാലെ കഴിഞ്ഞ ആഴ്ചയാണ് യുവാവ് കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്ക് മുൻപ് സീറ്റിലിരുന്നയാൾ ഉപേക്ഷിച്ച ഇൻജക്ഷനുപയോഗിക്കുന്ന സൂചി യാത്രയ്ക്ക് ശേഷം ക്യാബിൻ വൃത്തിയാക്കിയപ്പോൾ എയ‍ർലൈൻ ജീവനക്കാരുടെ ശ്രദ്ധയിൽ വന്നില്ലെന്നതും വീഴ്ചയായി വിശദമാക്കുന്നതാണ് പരാതി. ഓരോ യാത്രയ്ക്ക് ശേഷവും ക്യാബിൻ വൃത്തിയാക്കേണ്ടത് വിമാന കമ്പനിയുടെ ഉത്തരവാദിത്തത്തിൽ പെടുന്നതാണെന്നും യുവാവ് വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം