കൊളംബോ: 2009ല്‍ സര്‍ക്കാറും തമിഴ് പുലികളും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തില്‍ കാണാതായ 20000ത്തോളം തമിഴ് വംശജര്‍ മരിച്ചെന്ന് സമ്മതിച്ച് ശ്രീലങ്ക. കഴിഞ്ഞ ദിവസമാണ് കാണാതായ തമിഴ് വംശജര്‍ മരിച്ചതായി പ്രസിഡന്‍റ് ഗോതബായെ രാജപക്സെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കാണാതായ തമിഴ് വംശജര്‍ക്ക് എന്തുപറ്റിയെന്ന് ഇതുവരെ ശ്രീലങ്കന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നില്ല. 

യുഎന്‍ പ്രതിനിധിയുമായി കൊളംബോയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മരണസര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.  തന്‍റെ വെളിപ്പെടുത്തല്‍ തമിഴ് രാഷ്ട്രീയ നേതാക്കള്‍ രാഷ്ട്രീയമായി ഉപയോഗിച്ച് രാജ്യത്തെ സമാധാനം തകര്‍ക്കാന്‍ ഉപയോഗിക്കില്ലെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. തമിഴ്  വംശജര്‍ക്ക് നേരെ ശ്രീലങ്കന്‍ സൈന്യം മനുഷ്യത്വ രഹിതമായി പെരുമാറിയെന്നും കൂട്ടക്കൊല നടത്തിയെന്നും യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.  

ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമായിട്ടാണ് ശ്രീലങ്കയിലെ സംഭവം യുഎന്‍ വിലയിരുത്തുന്നത്. തമിഴ് പൗരന്മാരെ കണ്ണ്കെട്ടി വധശിക്ഷക്ക് വിധേയമാക്കുന്ന മൊബൈല്‍ ഫോണ്‍ വീഡിയോ ദൃശ്യങ്ങളും പുറത്തായിരുന്നു. ആഭ്യന്തര യുദ്ധം അവസാനിച്ചതിന് ശേഷവും നിരവധി തമിഴ് മാധ്യമപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും കാണാതായിട്ടുണ്ട്. ആഭ്യന്തര യുദ്ധകാലത്തെ ഇരകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള നിയമം പാസാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആഭ്യന്തര യുദ്ധകാലത്തെ പ്രതിരോധ സെക്രട്ടറിയായിരുന്നു ഗോതബായെ രാജപക്സെ.