സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിർത്താൻ പാകിസ്ഥാൻ അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് (ഐഎംഎഫ്) വായ്പ വാങ്ങി‌യതിന് തൊട്ടുപിന്നാലെ കോടികൾ ചെലവാക്കി പതാക ഉയർത്തുമെന്ന പ്രഖ്യാപനം വന്നത്.

ഇസ്ലാമാബാദ്: ഇന്ത്യ നിർമിക്കുന്ന ദേശീയപതാകയേക്കാൾ ഉയരം കൂടിയ ദേശീയപതാക നിർമിക്കുന്നതിനായി പാകിസ്ഥാൻ 40 കോടി രൂപ ചെലവാക്കുന്നു. സാമ്പത്തികമായി തകർന്ന് നിൽക്കുമ്പോഴാണ് പാകിസ്ഥാൻ ഇത്രയും പണം ചെലവാക്കുന്നത്. പഞ്ചാബ് പ്രവിശ്യാ സർക്കാറാണ് 76-ാമത് സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഗസ്റ്റ് 14 ന് 500 അടി ഉയരമുള്ള പതാക ഉയർത്തുമെന്ന് പ്രഖ്യാപിച്ചത്. ലാഹോറിലെ ലിബർട്ടി ചൗക്കിൽ പതാക ഉയർത്തും. സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിർത്താൻ പാകിസ്ഥാൻ അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് (ഐഎംഎഫ്) വായ്പ വാങ്ങി‌യതിന് തൊട്ടുപിന്നാലെ കോടികൾ ചെലവാക്കി പതാക ഉയർത്തുമെന്ന പ്രഖ്യാപനം വന്നത്. 413 അടി ഉയരമുള്ള പതാക അതിർത്തിയിൽ ഉയർത്താൻ ഇന്ത്യ പദ്ധതിയിട്ടതിന് പിന്നാലെയാണ് 500 അടി ഉയരമുള്ള പതാക ഉയർത്തുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചതെന്നും ശ്രദ്ധേയം. 

പഞ്ചാബ് പ്രവിശ്യക്ക് മാത്രം വിദേശ വായ്പകൾ തിരിച്ചടയ്ക്കാൻ അടുത്ത രണ്ട് വർഷത്തിനുള്ളിൽ കുറഞ്ഞത് 2,000 കോടി രൂപ ആവശ്യമാണെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. 2017-ൽ വാഗ അതിർത്തിയിൽ പാകിസ്ഥാൻ 400 അടി ഉയരമുള്ള പതാക ഉയർത്തിയിരുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ പതാകയായിരുന്നു അത്. ഇന്ത്യ 360 അടി ഉയരമുള്ള പതാക ഉയർത്തിയതിന് പിന്നാലെയാണ് പാകിസ്ഥാൻ 400 അടി ഉയരമുള്ള പതാക ഉയർത്തിയത്. പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പതാകയായിരുന്നു അന്നുയർത്തിയത്. ഈ റെക്കോർഡ് മറികടക്കാനാണ് 500 അടി ഉയരമുള്ള പതാക ഉയർത്തുന്നത്. 

വിദേശ കടം തിരിച്ചടക്കാനായി പാകിസ്ഥാന് മൂന്ന് ബില്യൺ ഡോളർ വായ്പ നൽകാൻ ഐഎംഎഫ് അനുമതി നൽകിയിരുന്നു. ഒമ്പത് മാസത്തിനുള്ളിൽ ഫണ്ട് അനുവദിക്കും. നേരത്തെ, സൗദി അറേബ്യ രണ്ട് ബില്യൺ യുഎസ് ഡോളറും യുഎഇ ഒരു ബില്യൺ ഡോളറും സഹായമായി നൽകി. കഴിഞ്ഞ വർഷം പ്രളയത്തിൽ 1,739 പേർ കൊല്ലപ്പെടുകയും 2 ദശലക്ഷം വീടുകൾ നശിക്കുകയും ചെയ്തതിന് പിന്നാലെയാണ് പാകിസ്ഥാൻ സാമ്പത്തിക തകർച്ച നേരിട്ടത്. 30 ബില്യൺ ഡോളറിന്റെ നാശനഷ്ടമാണ് പ്രളയത്തിലുണ്ടായത്. 

Read More... പബ്ജി പ്രണയകഥ, സീമ ഹൈദര്‍ തിരികെ പാകിസ്താനിലെത്തിയില്ലെങ്കില്‍ ഭീകരാക്രമണമെന്ന് പൊലീസിന് ഭീഷണി സന്ദേശം