സലൂമി എന്ന് പേരുള്ള സെറാമിക് ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. സുഡാനിലെ ഖാർത്തൂമിലുള്ള ബാഹ്റി എന്നയിടത്താണ് സ്ഫോടനമുണ്ടായത്. നിരവധി ഇന്ത്യക്കാർ അപകടത്തിൽ പെട്ടെന്നാണ് സംശയം.
ഖാർത്തൂം: സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ ചൊവ്വാഴ്ച വൈകിട്ടോടെയുണ്ടായ സ്ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടു. ഇതിൽ 18 പേരെങ്കിലും ഇന്ത്യക്കാരാണ് എന്നാണ് വിവരം. കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. 135 പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം.
ഇവിടെ ജോലി ചെയ്തിരുന്ന 16 ഇന്ത്യക്കാരെക്കുറിച്ച് വിവരം കിട്ടിയിട്ടില്ലെന്ന് ചില ദേശീയമാധ്യമങ്ങൾ വ്യക്തമാക്കുന്നു. ഇതിൽ മലയാളികളുണ്ടോ എന്ന് വ്യക്തമല്ല.
സുഡാനിലെ ഖാർത്തൂമിലുള്ള ബാഹ്റി എന്നയിടത്തുള്ള സലൂമി എന്ന സെറാമിക് ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. ഫാക്ടറിയിൽ ചൊവ്വാഴ്ച വൈകിട്ടോടെ ഒരു ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്ന പ്രാഥമിക വിവരമാണ് പുറത്തുവരുന്നത്. കേരളത്തിൽ നിന്ന് ആരുടെയും പേര് മരിച്ചവരുടെ പട്ടികയിലില്ല. പരിക്കേറ്റവരിൽ ആറ് പേരുടെ നില അതീവഗുരുതരമാണെന്നാണ് വിവരം. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
ഇതൊരു അപകടമാണോ ആക്രമണമാണോ എന്ന കാര്യത്തിലും ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അപകടമാണ് എന്നാണ് ഖാർത്തൂമിലെ ബാഹ്റി പ്രാദേശിക പൊലീസ് മേധാവി ബ്രിഗേഡിയർ ജനറൽ ഹസ്സൻ അബ്ദുള്ള വ്യക്തമാക്കുന്നത്.
ഫാക്ടറിയിലേക്കുള്ള സാധനങ്ങൾ ഇറക്കുന്നതിനിടെയാണ് ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഗ്യാസ് ടാങ്കർ പൂർണമായും ചിതറിത്തെറിച്ചു. ഇതോടെ ഫാക്ടറിയ്ക്കുള്ളിലേക്കും തീ പടർന്നു. ഇതോടെയാണ് ജീവനക്കാർ പലരും തീപിടിത്തത്തിൽ അകപ്പെട്ടതെന്ന് സുഡാനിലെ ബാഹ്റിയിലുള്ള സംസ്ഥാന ടെലിവിഷൻ വ്യക്തമാക്കുന്നു. രക്ഷാ പ്രവർത്തനം ഊർജിതമായി നടക്കുന്നണ്ടെന്നും ടെലിവിഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വ്യവസായമേഖലയായ ഇവിടെ നിന്ന് കറുത്ത പുകപടലങ്ങൾ ഉയർന്നു പൊങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കൂടുതൽ വിവരങ്ങളറിയാൻ ബന്ധപ്പെടേണ്ട എംബസി നമ്പർ: