ഒമാൻ തീരത്ത് 24 ഇന്ത്യൻ ജീവനക്കാരുള്ള ഇന്ധന ടാങ്കറിന് നേരെ ആക്രമണമുണ്ടായി. ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ, പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തുകയും പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

മസ്കറ്റ്: രണ്ട് മാസത്തിന് ശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതം. ഒമാൻ തീരത്തെ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണമുണ്ടായി. തീ പിടിച്ച ഇന്ധന ടാങ്കറിലെ 24 ജീവനക്കാരും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരുള്ള കപ്പലിന് നേരെ ആക്രമണം നടന്നെന്ന് ഷിപ്പിംഗ് മന്ത്രാലയം സ്ഥിരീകരിച്ചു. കപ്പലിലുള്ളവർ സുരക്ഷിതരാണെന്നും ഷിപ്പിംഗ് മന്ത്രാലയം ഡയറക്ടർ ഓപേഷ് കുമാർ ശർമ്മ പറഞ്ഞു. അതേസമയം, ലബനനിലെ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇസ്രയേലി നഗരങ്ങളിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തി. രണ്ട് വ്യോമ താവളങ്ങളും ആക്രമിച്ചു. തിരിച്ചടിയായി ഇറാൻ തലസ്ഥാനമായ ടെഹറാനിലും മറ്റു പ്രധാന നഗരങ്ങളിലും ഇസ്രയേൽ പോർ വിമാനങ്ങൾ മിസൈലാക്രമണം നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

പശ്ചിമേഷ്യയിൽ വീണ്ടും ആക്രമണങ്ങൾ നടക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. നൂറു ദിവസമായി തുടരുന്ന സംഘർഷം മനുഷ്യ ദുരിതം കൂട്ടുകയാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ആഗോള തലത്തിൽ ഉർജ്ജ സുരക്ഷയേയും സാമ്പത്തിക ഭദ്രതയേയും ഇത് ബാധിക്കുകയാണ്. എല്ലാ കക്ഷികളും നയതന്ത്ര നീക്കത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇറാനിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര വിലക്കുന്ന മാർഗ്ഗനിർദ്ദേശം ടെഹ്റാനിലെ ഇന്ത്യൻ എംബസി പുറത്തിറക്കി. ടെഹ്റാനിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മടങ്ങാൻ ശ്രമിക്കുന്നതനിടെയാണ് പുതിയ മാർഗ്ഗനിർദ്ദേശം. ഇറാനിലുള്ളവർ സാധ്യമായ മാർഗ്ഗത്തിലൂടെ മടങ്ങണമെന്നും നിർദ്ദേശമുണ്ട്. ഇസ്രയേലിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.