അഞ്ച് മാസത്തോളം ഇയാള്‍ ഇറാന്‍ ഏജന്റുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി പൊലീസ് ആരോപിച്ചു. അടുത്ത ദിവസങ്ങളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ഏജന്‍സികള്‍ അറിയിച്ചു.
ജറൂസലെം: ഇസ്രായേലിനുള്ളില്‍ നിന്നും ഇറാനു വേണ്ടി പ്രവര്‍ത്തിച്ചു എന്നാരോപിച്ച് ഒരാളെ ഇസ്രായേലി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇറാന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.
ബാറ്റ് യാമില്‍ നിവാസിയായ ഒരു യുവാവാണ് മെയ് മാസം അറസ്റ്റിലായതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് മാസത്തോളം ഇയാള്‍ ഇറാന്‍ ഏജന്റുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി പൊലീസ് ആരോപിച്ചു. അടുത്ത ദിവസങ്ങളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ഏജന്‍സികള്‍ അറിയിച്ചു.
മുപ്പതു വയസ്സിനു മീതെയുള്ള ഒരാളാണ് പ്രതിയെന്ന് മാത്രമാണ് നിലവില്‍ പുറത്തുവന്ന വിവരം. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും. ഈ വര്‍ഷം ആദ്യം മുതല്‍ അഞ്ച് മാസത്തോളം ഒരു ഇറാന്‍ ചാരനുമായി ഇയാള്‍ ഓണ്‍ലൈന്‍ വഴി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മെയ് മാസമാണ് ഇയാള്‍ പിടിയിലായത്. ഇസ്രായേലിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ചില ജോലികള്‍ ചെയ്യാന്‍ ഇയാള്‍ സമ്മതിച്ചതായാണ് ആരോപണം.
കുറ്റകൃത്യങ്ങളുടെ സ്വഭാവത്തെക്കുറിച്ചും ഏജന്‍സികള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഷിന്‍ ബെറ്റും പൊലീസും സംയുക്തമായാണ് അന്വേഷണം നടത്തിയത്.സമാനമായ കുറ്റങ്ങള്‍ ചെയ്തു എന്നാരോപിച്ച് സമീപ വര്‍ഷങ്ങളില്‍ ഇസ്രായലില്‍ പലരും പിടിയിലായിട്ടുണ്ട്. ദേശീയ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയുയര്‍ത്തി എന്ന കുറ്റത്തിന് ഇവരില്‍ പലരും ശിക്ഷിക്കപ്പെടുകയും ചെയ്തു.
ഇറാന്‍ സോഷ്യല്‍ മീഡിയ വഴി സാധാരണ പൗരന്മാരെ ചാരന്മാരായി റിക്രൂട്ട് ചെയ്യുകയാണെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു. പ്രതിഫലം വാഗ്ദാനം ചെയ്ത് അവരെക്കൊണ്ട് പല കാര്യങ്ങള്‍ ചെയ്യിക്കുകയാണ്. പൊതുസ്ഥലങ്ങള്‍ നശിപ്പിക്കുക, പൊതുസ്ഥലങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ പോലുള്ള താരതമ്യേന ലളിതമായ ജോലികളാണ് ആദ്യം ചെയ്യിക്കുന്നത്, പിന്നീട് കൂടുതല്‍ കഠിനവും അക്രമാസക്തവുമായ കുറ്റകൃത്യങ്ങള്‍ ചെയ്യിക്കുകയാണെന്ന് ഇസ്രായേല്‍ അധികൃതര്‍ വ്യക്തമാക്കുന്നു.


