കുട്ടികള്‍ അവരുടെ ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും നഗ്‌നചിത്രങ്ങള്‍ എടുക്കുന്നതും അയക്കുന്നതും കാണുന്നതും തടയണം. ഇതിനായി ഒന്നുകില്‍ ഫോണുകളില്‍ തന്നെയുള്ള ഫീച്ചറുകള്‍ പ്രവര്‍ത്തനക്ഷമമാക്കണം. അല്ലെങ്കില്‍ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യണം
ലണ്ടന്‍: ബ്രിട്ടനിലെ കുട്ടികളുടെ ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും നഗ്‌നചിത്രങ്ങള്‍ നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബ്രിട്ടന്‍ ഗൂഗിളിനോടും ആപ്പിളിനോടും ആവശ്യപ്പെട്ടു. 18 വയസ്സിന് താഴെയുള്ളവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണം എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ലഭ്യമാകുന്നതിനെതിരെ കടുത്ത നടപടികള്‍ പ്രഖ്യാപിക്കാന്‍ സ്റ്റാര്‍മര്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
കുട്ടികള്‍ അവരുടെ ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും നഗ്‌നചിത്രങ്ങള്‍ എടുക്കുന്നതും അയക്കുന്നതും കാണുന്നതും തടയണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതിനായി ഒന്നുകില്‍ ഫോണുകളില്‍ തന്നെയുള്ള ഫീച്ചറുകള്‍ പ്രവര്‍ത്തനക്ഷമമാക്കണം. അല്ലെങ്കില്‍ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യണം-ലണ്ടന്‍ ടെക് വീക്കില്‍ സംസാരിക്കവെ ഗൂഗിളും ആപ്പിളും അടക്കമുള്ള കമ്പനികളോട് സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു.
മൂന്ന് മാസത്തിനകം കമ്പനികള്‍ സ്വമേധയാ ഇക്കാര്യം നടപ്പാക്കിയില്ലെങ്കില്‍ കമ്പനികളെ അതിന് നിര്‍ബന്ധിതരാക്കുന്ന നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അനുസരിച്ചില്ലെങ്കില്‍ കമ്പനികള്‍ക്ക് പിഴ ചുമത്തുകയോ നിയമനടപടി സ്വീകരിക്കുകയോ ചെയ്യും. യുകെയില്‍ നിലവിലുള്ളതും പുതുതായി വില്‍ക്കുന്നതുമായ സ്മാര്‍ട്ട്ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഇത് ബാധകമാകും. ഓപ്പറേറ്റിംഗ് സിസ്റ്റം കമ്പനികളെയും റീട്ടെയിലര്‍മാര്‍ ഉള്‍പ്പെടെയുള്ള വിതരണക്കാരെയും നിയമപരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. മുതിര്‍ന്നവരുടെ ഫോണുകളെയും ഡിവൈസുകളെയും ഇത് ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇതൊരു അസാധ്യമായ വെല്ലുവിളിയല്ല. ലോകത്തിലെ ഏറ്റവും നൂതനമായ കമ്പനികള്‍ക്ക് ഇത് പരിഹരിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു'-അദ്ദേഹം പറഞ്ഞു.
ഇതിന് മറുപടിയായി, 'കുട്ടികളെ ഓണ്‍ലൈനില്‍ സംരക്ഷിക്കുന്നതില്‍ തങ്ങള്‍ പ്രതിബദ്ധരാണെന്ന് ഗൂഗിള്‍ വക്താവ് പറഞ്ഞു. സ്വകാര്യത സംരക്ഷിച്ചുകൊണ്ടുള്ള ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആപ്പിള്‍ ഇതിനകം തന്നെ ബ്രിട്ടനിലെ ഉപയോക്താക്കളുടെ പ്രായം പരിശോധിച്ചുറപ്പിച്ചിട്ടുണ്ട്. ഐമെസേജ് ഉള്‍പ്പെടെയുള്ള ആപ്പുകളില്‍ ബ്ലോക്കിംഗ് സേവനവും വാഗ്ദാനം ചെയ്യുന്നുണ്ട്. കുട്ടികള്‍ മെസേജസ്, എയര്‍ഡ്രോപ്പ്, ഫേസ്ടൈം എന്നിവയിലൂടെ നഗ്‌നചിത്രങ്ങളും വീഡിയോകളും അയക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ ഇതിലെ കമ്മ്യൂണിക്കേഷന്‍ സേഫ്റ്റി ഫീച്ചര്‍ മുന്നറിയിപ്പ് നല്‍കുംു. ചൈല്‍ഡ് അക്കൗണ്ട് ഉള്ള 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഈ ടൂള്‍ മുന്‍കൂട്ടി ഓണ്‍ ചെയ്തിട്ടുണ്ടാകും, രക്ഷിതാക്കള്‍ക്ക് ഐക്ലൗഡ് ഫാമിലി ക്രമീകരണങ്ങളിലൂടെ ഇത് ഓണ്‍ ചെയ്യാനും സാധിക്കുമെന്ന് ആപ്പിള്‍ വ്യക്തമാക്കുന്നു.
കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗവുമായി ബന്ധപ്പെട്ട് ബ്രിട്ടന്‍ ഇതിനകം ശ്രദ്ധേയമായ നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഓണ്‍ലൈന്‍ സേഫ്റ്റി ആക്ട് ആണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ പാലിക്കേണ്ട നിയമങ്ങളും കടമകളും ഇതിലുണ്ട്. ഇത് നടപ്പിലാക്കുന്നതും നിയന്ത്രിക്കുന്നതും മീഡിയ റെഗുലേറ്ററായ ഓഫ്‌കോം ആണ്.


