ടെക്‌സസിൽ ഇന്ത്യൻ വംശജരുടെ വീട്ടിൽ ഗൃഹപ്രവേശനത്തോട് അനുബന്ധിച്ച് നടന്ന പൂജ ആശങ്ക പരത്തി

ടെക്‌സസ്: അമേരിക്കയിലെ പുതിയ വീട്ടിൽ ഗൃഹപ്രവേശത്തിൻ്റെ ഭാഗമായി ഇന്ത്യൻ വംശജർ പൂജ നടത്തിയതിന് പിന്നാലെ അഗ്നിരക്ഷാ സേന പാഞ്ഞെത്തി. വീടിന് തീപിടിച്ചെന്ന് തെറ്റിദ്ധരിച്ച് ആരോ വിളിച്ചറിയച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ തീയണക്കാൻ സജ്ജരായി എത്തിയത്. വീട്ടുടമസ്ഥർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംത ഹഡിംബ എന്ന ഇന്ത്യൻ വംശജയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഹിന്ദുക്കളുടെ പൂജ അഗ്നിബാധയല്ലെന്ന കുറിപ്പും ഇതോടൊപ്പമുണ്ട്. വീടിൻ്റെ ഗ്യാരേജിലാണ് പൂജ നടത്തിയത്. ഇവിടെ പുക നിറഞ്ഞ നിലയിൽ കണ്ടാണ് അഗ്നിരക്ഷാ സേനയ്ക്ക് സന്ദേശം പോയത്. പിന്നാലെ ബെഡ്ഫോർഡ് ഫയർ ഡിപ്പാർട്മെൻ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വീട്ടുകാരോട് സംസാരിച്ച ഉദ്യോഗസ്ഥർക്ക് കാര്യം മനസിലായി. വീട്ടുകാർക്കെതിരെ എന്തെങ്കിലും നടപടിയെടുത്തോയെന്ന് വ്യക്തമല്ല.

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അമേരിക്കക്കാരായ പലരും നാടിൻ്റെ സംസ്കാരത്തോട് ഇത്രയേറെ സ്നേഹമുണ്ടെങ്കിൽ പിന്നെന്തിനാണ് അമേരിക്കയിൽ വന്നതെന്ന ചോദ്യമാണ് ഉന്നയിച്ചത്. മതപരമായ ആചാരങ്ങൾ വ്യക്തിസ്വാതന്ത്ര്യമെന്ന് മറുവാദവുമുണ്ട്.

YouTube video player