പരിശോധനയിൽ കഫേയിലും സമീപത്തെ കെട്ടിടത്തിലും വെടിയുണ്ടകള്‍ പതിച്ചതിന്‍റെ അടയാളങ്ങള്‍ കണ്ടെത്തി

ഒട്ടാവ: നടനും സ്റ്റാന്‍ഡ് അപ് കൊമേഡിയനുമായ കപിൽ ശര്‍മയുടെ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ കഫേയിൽ വെടിവെപ്പ്. കപിൽ കപ്സ് കഫേ എന്ന കപിൽ ശര്‍മ അടുത്തിടെ തുടങ്ങിയ കഫേക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ബുധനാഴ്ച രാത്രിയാണ് കഫേക്കുനേരെ വെടിവെപ്പുണ്ടായത്. 

ആക്രമണത്തിൽ കഫേക്ക് കേടുപാട് സംഭവിച്ചു. സമീപത്തെ കെട്ടിടങ്ങളിലേക്കും വെടിവെപ്പുണ്ടായി. സംഭവത്തിൽ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ആക്രമണം പ്രദേശത്തെ ഇന്ത്യക്കാരെയും പ്രദേശവാസികളെയും ആശങ്കയിലാഴ്ത്തി.

നിരവധി തവണ വെടിയുതിര്‍ത്തതായി പൊലീസ് പറഞ്ഞു. പരിശോധനയിൽ കഫേയിലും സമീപത്തെ കെട്ടിടത്തിലും വെടിയുണ്ടകള്‍ പതിച്ചതിന്‍റെ അടയാളങ്ങള്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് കഫേയും സമീപത്തെ കെട്ടിടവും പൊലീസ് സീൽ ചെയ്തു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്ഥലത്ത് നിന്ന് വെടിയുണ്ടകളും പൊലീസ് ശേഖരിച്ചു. ഫോറന്‍സിക് സംഘത്തിന്‍റെ പരിശോധനയും പുരോഗമിക്കുകയാണ്.

അതേസമയം. വെടിവെപ്പിന്‍റെ ഉത്തരവാദിത്വം ഖലിസ്ഥാനി ഭീകരൻ ഏറ്റെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖലിസ്ഥാനി വിഭാഗമായ ബാബര്‍ ഖൽസ ഇന്‍റര്‍നാഷണലിന്‍റെ ഹര്‍ജിത് സിങ് ലഡ്ഡിയാണ് ഉത്തരവാദിത്വം ഏറ്റെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികിട്ടാ പുള്ളികളുടെ പട്ടികയിൽ ഉള്‍പ്പെടുത്തിയ ഭീകരനാണ് ഹര്‍ജിത് സിങ് ലഡ്ഡി. കപിൽ ശര്‍മയുടെ പരാമര്‍ശങ്ങളിൽ പ്രകോപിതനായാണ് ആക്രമണമെന്നാണ് ഹര്‍ജിത് സിങ് ലഡ്ഡി അവകാശപ്പെടുന്നത്.

അതേസമയം, ആക്രണത്തിൽ ഇതുവരെ കപിൽ ശര്‍മ പ്രതികരിച്ചിട്ടില്ല. വ്യക്തിവിരോധത്താലാണോ ആക്രമണമെന്നതടക്കമുള്ള കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഇന്ത്യക്കാര്‍ ഏറെയുള്ള ബ്രിട്ടീഷ് കൊളംബിയിൽ ഭാര്യ ഗിന്നി ചത്രാത്തിനൊപ്പം ചേര്‍ന്നാണ് കപിൽ ശര്‍മ പുതിയ സംരംഭം ആരംഭിച്ചത്. ഇതിനോടകം കഫേ ആസ്വാദകരുടെ ഇഷ്ടപ്പെട്ടയിടമായി മാറിയിരുന്നു. ഇതിനിടെയാണിപ്പോള്‍ ആക്രമണം ഉണ്ടായത്.

പരമ്പരാഗത പഞ്ചാബി വിഭവമായ ഗുര്‍വാലെ ചാവൽ (ശര്‍ക്കര ചേര്‍ത്തുള്ള ചോറ്) മുതൽ വൈറൽ മാച്ച ലാറ്റെ, വാനിൽ കോള്‍ഡ് ബ്രൂ തുടങ്ങിയവ വരെ കഫേയിൽ ലഭ്യമാണ്. ലെമണ്‍ പിസ്ത കേക്ക്, ഫഡ്ജി ബ്രൗണികള്‍, ക്രൊസാന്‍റ്, ക്രാൻബെറി കുക്കീസ് എന്നിവയും കഫേയിലുണ്ട്. കഫേയുടെ ഇന്‍സ്റ്റഗ്രാം പേജിലടക്കം നിരവധി ഫോളോവേഴ്സാണുള്ളത്.