കൊവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ ഉത്തര കൊറിയ അതിര്‍ത്തികള്‍ അടച്ചിരുന്നു. 2020 തുടക്കത്തിന് ശേഷം ആദ്യമായാണ് എയർ കൊറിയോയുടെ ഒരു യാത്രാ വിമാനം അതിര്‍ത്തി കടന്ന് മറ്റൊരു രാജ്യത്തേക്ക് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു
ബെയ്ജിംഗ്: മൂന്ന് വർഷത്തിനിടെ ഉത്തര കൊറിയയുടെ ആദ്യ അന്താരാഷ്ട്ര യാത്രാ വിമാനം ബെയ്ജിംഗിൽ ഇറങ്ങിയതായി റിപ്പോർട്ട്. വിമാനത്താവളത്തിലെ അറൈവല്‍ ബോര്‍ഡില്‍ ഉത്തര കൊറിയിൽ നിന്നുള്ള വിമാനത്തിന്‍റെ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടത് വാര്‍ത്താ ഏജൻസിയായ എഎഫ്പിയിലെ ഒരു മാധ്യമ പ്രവര്‍ത്തകനാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എയർ കൊറിയോ ഫ്ലൈറ്റ് ജെഎസ് 151 ചൈനയുടെ തലസ്ഥാന വിമാനത്താവളത്തിൽ രാവിലെ 9:17 ഓടെ എത്തിയതായാണ് കണക്കാക്കുന്നത്.
കൊവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ ഉത്തര കൊറിയ അതിര്‍ത്തികള്‍ അടച്ചിരുന്നു. 2020 തുടക്കത്തിന് ശേഷം ആദ്യമായാണ് എയർ കൊറിയോയുടെ ഒരു യാത്രാ വിമാനം അതിര്‍ത്തി കടന്ന് മറ്റൊരു രാജ്യത്തേക്ക് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രാവിലെ എട്ടരയ്ക്കാണ് ഉത്തര കൊറിയൻ തലസ്ഥാനത്ത് നിന്ന് വിമാനം പുറപ്പെട്ടത്. എന്നാല്‍, സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വിവരങ്ങള്‍ ഒന്നും പറയാനില്ലെന്നാണ് എയര്‍ കൊറിയോ പ്രതിനിധി പ്രതികരിച്ചത്.
തിങ്കളാഴ്ച ബെയ്ജിംഗിലേക്കുള്ള നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്ന എയർ കൊറിയോ വിമാനം ഔദ്യോഗിക കാരണങ്ങളൊന്നും നൽകാതെ പെട്ടെന്ന് റദ്ദാക്കുകയായിരുന്നു. കൊവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ അതിർത്തികൾ അടച്ച 2020 മുതൽ ഉത്തര കൊറിയ പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെയാണ് മുന്നോട്ട പോയിരുന്നത്. എന്നാൽ, മൂന്ന് വർഷത്തെ കൊവിഡ്-ഇൻഡ്യൂസ്ഡ് ഐസൊലേഷന് ശേഷം, അതിർത്തി നിയന്ത്രണങ്ങളിൽ പ്യോങ്‌യാങ് കൂടുതൽ ഇളവുകള്‍ നല്‍കുന്നതിന്‍റെ സൂചനകളാണ് പുറത്ത് വരുന്നത്.
കഴിഞ്ഞ മാസം ഉത്തരകൊറിയൻ തലസ്ഥാനത്ത് നടന്ന സൈനിക പരേഡിൽ ചൈനീസ്, റഷ്യൻ ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് വിദേശത്ത് നിന്നുള്ളവര്‍ക്ക് ഉത്തര കൊറിയ പ്രവേശനം അനുവദിച്ചത്. കൂടാതെ, കഴിഞ്ഞയാഴ്ച കസാക്കിസ്ഥാനിൽ നടന്ന തായ്‌ക്വോണ്ടോ മത്സരത്തിൽ പങ്കെടുക്കാൻ അത്‌ലറ്റുകളുടെ ഒരു പ്രതിനിധിയെ പ്യോങ്‌യാങ് അനുമതി നൽകിയിരുന്നു.
