കൊവിഡ് പോസിറ്റീവ് ആയ ശേഷം ഉക്രൈനിലെ ആശുപത്രിയില്‍ നിന്ന് ദിമിത്രിയെ ഡിസ് ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ പെട്ടന്ന് ആരോഗ്യനില തകരാറിലായതോടെ ദിമിത്രിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ദില്ലി: കൊവിഡ് 19 വൈറസില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ അവകാശപ്പെട്ട ഫിറ്റ്നെസ് ട്രെയിനര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഉക്രൈന്‍ സ്വദേശിയും മുപ്പത്തിമൂന്നുകാരനുമായ ദിമിത്രി സ്റ്റുഷുഖാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ദിമിത്രി കൊറോണ വൈറസ് ബാധിച്ച് മരിച്ച വിവരം ആദ്യ ഭാര്യയാണ് ലോകത്തെ അറിയിച്ചത്. 

തുര്‍ക്കിയിലേക്കുള്ള യാത്രയിലാണ് ദിമിത്രിക്ക് വൈറസ് ബാധയുണ്ടായതെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊവിഡ് പോസിറ്റീവ് ആയ ശേഷം ഉക്രൈനിലെ ആശുപത്രിയില്‍ നിന്ന് ദിമിത്രിയെ ഡിസ് ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ പെട്ടന്ന് ആരോഗ്യനില തകരാറിലായതോടെ ദിമിത്രിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലാണ് ദിമിത്രിയെ രണ്ടാമതും ആശുപത്രിയിലാക്കിയതെന്നാണ് മുന്‍ഭാര്യ സോഫിയ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ വ്യക്തമാക്കിയത്. 

View post on Instagram

ശ്വസന, ഹൃദയ സംബന്ധിയായ തകരാറുകള്‍ കൊവിഡ് ബാധയ്ക്ക് പിന്നാലെ ദിമിത്രിക്ക് രൂക്ഷമായിരുന്നു. തന്‍റെ മൂന്ന് കുഞ്ഞുങ്ങളുടെ പിതാവിനെ രക്ഷിക്കാന്‍ കഴിയുന്നത് ചെയ്തുവെന്നും എന്നാല്‍ കാര്യങ്ങള്‍ നമ്മളെ ആശ്രയിച്ചല്ലല്ലോയെന്നാണ് സോഫിയ വ്യക്തമാക്കുന്നത്. ദിമ ഇനി നമ്മോടൊപ്പമില്ലെന്നും അവന്‍റെ ഹൃദയത്തിന് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ലെന്നും മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള കുറിപ്പില്‍ സോഫിയ പറയുന്നു. 

കൊവിഡ് പോസിറ്റീവായതിന് പിന്നാലെ ഒക്ടോബര്‍ 15ന് ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നവരോട് രോഗാവസ്ഥയേക്കുറിച്ച് ദിമിത്രി സംസാരിച്ചിരുന്നു. അസുഖം ബാധിക്കുന്നത് വരെ കൊവിഡ് ഇല്ലെന്നായിരുന്നു കരുതിയിരുന്നത്. വളരെ കുറഞ്ഞ കാലം അലട്ടുന്ന ഒരു അസുഖമായാണ് കൊറോണ വൈറസിനെ കണ്ടിരുന്നത്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍ എന്നാണ് ദിമിത്രി കഴിഞ്ഞ ദിവസം ഫോളോവേഴ്സിനോട് പറഞ്ഞത്. എട്ട് ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം ഒക്ടോബര്‍ 15നായിരുന്നു ആശുപത്രിയില്‍ നിന്ന് ഡിസിചാര്‍ജ് ചെയ്തത്. എന്നാല്‍ വീട്ടിലെത്തിയ ദിമിത്രിയുടെ അവസ്ഥ മോശമാവുകയായിരുന്നു.