കടലിന്റെ ഉപരിതലത്തില്‍ നിന്ന് ഏഴ് കിലോ മീറ്റര്‍ ആഴത്തില്‍ 1,200 കിലോമീറ്റര്‍ നീളമുള്ള ഒരു പ്രദേശത്താണ്  തിമിംഗലങ്ങളുടെ ശ്മശാനം കണ്ടെത്തിയത്. ഇവിടെ അഞ്ഞൂറോളം തിമിംഗലങ്ങളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. 

ബീജിംഗ്: ശാസ്ത്രലോകത്ത് അതിശയം തീര്‍ത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തിമിംഗലങ്ങളുടെ ശ്മശാനം കണ്ടെത്തി. ചൈന, ഇറ്റലി, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരുടെ സംഘമാണ് കടലിനടിയിലെ ഈ തിമിംഗല ശ്മശാനം കണ്ടെത്തിയത്. നേച്ചര്‍ ജേണലിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഈ കണ്ടെത്തലിനെക്കുറിച്ചുള്ള പേപ്പര്‍ പ്രസിദ്ധീകരിച്ചത്.

കടലിന്റെ ഉപരിതലത്തില്‍ നിന്ന് ഏഴ് കിലോ മീറ്റര്‍ ആഴത്തില്‍ 1,200 കിലോമീറ്റര്‍ നീളമുള്ള ഒരു പ്രദേശത്താണ് ചൈനീസ് ശാസ്ത്രജ്ഞരുടെ മുന്‍കൈയില്‍ തിമിംഗലങ്ങളുടെ ശ്മശാനം കണ്ടെത്തിയത്. ഇവിടെ അഞ്ഞൂറോളം തിമിംഗലങ്ങളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. സന്യയില്‍ സ്ഥിതി ചെയ്യുന്ന

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡീപ്പ്-സീ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, സ്റ്റേറ്റ് കീ ലബോറട്ടറി ഓഫ് ഡീപ്പ്-സീ സയന്‍സ് ആന്‍ഡ് ഇന്റലിജന്‍സ് ടെക്‌നോളജി ശാസ്ത്രഞ്ജരാണ് മൂന്ന് വര്‍ഷം കൊണ്ട് ഈ സമുദ്രശ്മശാനം കണ്ടെത്തിയത്.

എവിടെയാണ് ഈ സമുദ്രശ്മശാനം?

ഏകദേശം 50 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓസ്ട്രേലിയ അന്റാര്‍ട്ടിക്കയില്‍ നിന്ന് വേര്‍പിരിഞ്ഞപ്പോള്‍ രൂപംകൊണ്ട ഒരു റിഫ്റ്റ് വാലിയിലൂടെ (rift valley), ഓസ്ട്രേലിയയുടെ തെക്കുപടിഞ്ഞാറന്‍ അറ്റത്തുനിന്ന് പടിഞ്ഞാറോട്ട് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് നീളുന്നതാണ് ഡയമന്റീന ഫ്രാക്ചര്‍ സോണ്‍. പര്‍വതനിരകളും കിടങ്ങുകളും നിറഞ്ഞ ഈ പ്രദേശം കേന്ദ്രീകരിച്ചാണ് മഹത്തായ ഈ കണ്ടെത്തല്‍ നടന്നത്. കടലിന്റെ ഉപരിതലത്തില്‍ നിന്ന് ഏഴ് കിലോ മീറ്റര്‍ ആഴത്തില്‍ 1,200 കിലോമീറ്റര്‍ നീളമുള്ള ഒരു പ്രദേശമാണിത്. പല കാലങ്ങളില്‍ ജീവനില്ലാതായ അഞ്ഞൂറോളം തിമിംഗലങ്ങളുടെ അസ്ഥികളും മറ്റ് അവശിഷ്ടങ്ങളും ഫോസിലുകളും ഇവിടെ ഗവേഷകര്‍ കണ്ടെത്തി. ഇതില്‍ ചിലതിന് 5.3 ദശലക്ഷം വര്‍ഷം പഴക്കമുണ്ട്.

എങ്ങനെയാണ് ഈ മഹാത്ഭുതം കണ്ടെത്തിയത്?

2023-ന്റെ തുടക്കത്തിലാണ് ഈ കണ്ടെത്തലാരംഭിക്കുന്നത്. അന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ ഒരു അന്തര്‍വാഹിനി ഉപയോഗിച്ച് ഇവിടെ പര്യവേക്ഷണം നടത്തി. കടലിന്റെ ഉപരിതലത്തില്‍ നിന്ന് 23,000 അടി താഴെയായി അവര്‍ ഒരു ഒരു തിമിംഗല ഫോസില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ മുപ്പതിലേറെ പര്യവേക്ഷണങ്ങളിലാണ് അവര്‍ ഇവിടെ തിമിംഗല അവശിഷ്ടങ്ങളുടെ ശേഖരം കണ്ടെത്തിയത്. 485 തിമിംഗല അവശിഷ്ട സൈറ്റുകള്‍ ഇവിടെ കണ്ടെത്തി. ഗവേഷകര്‍ക്ക് ഈ ഫോസിലുകളുടെ 33 സാമ്പിളുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞു, ഇവയ്ക്ക് 5.26 ദശലക്ഷം മുതല്‍ 1,20,000 വര്‍ഷം വരെ പഴക്കമുണ്ടെന്ന് അവര്‍ കണ്ടെത്തി

എന്തൊക്കെയാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്?

വംശനാശം സംഭവിച്ച ഒരു തിമിംഗലത്തിന്റെ അസ്ഥികൂടം ഉള്‍പ്പെടെ അവശിഷ്ടങ്ങളും ഗവേഷകര്‍ ഇവിടെനിന്ന് കണ്ടെത്തി. കണ്ടെത്തിയ തലയോട്ടികളിലൊന്ന് 5.3 ദശലക്ഷം വര്‍ഷം പഴക്കമുള്ള 'പ്‌റ്റെറോസെറ്റസ് ബെന്‍ഗ്വേലെ' (Pterocetus benguelae) എന്ന തിമിംഗലത്തിന്റേതാണ്. അന്റാര്‍ട്ടിക് മിങ്കെ തിമിംഗലത്തിന്റെ ഫോസിലാണ് കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലുത്.

ഡയമന്റീന സോണില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ അഞ്ച് തിമിംഗല ആവാസ വ്യവസ്ഥകളും ഇല്ലാതാവുന്നതിന്റെ അവസാന ഘട്ടങ്ങളിലായിരുന്ന. അസ്ഥികള്‍ പൂര്‍ണ്ണമായും തുറന്നുവെച്ച നിലയിലായിരുന്നു. സൂക്ഷ്മജീവികളായിരുന്നു അവിടെ നിറയെ. എല്ലുകള്‍ തിന്നുന്ന പുഴുക്കള്‍ മുതല്‍ സ്‌ക്വാറ്റ് ലോബ്സ്റ്ററുകള്‍ വരെയും, സ്പൂണ്‍ പുഴുക്കള്‍ മുതല്‍ ജെല്ലിഫിഷുകള്‍ വരെയും ഇവിടെ കണ്ടെത്തി. ഈ ജീവികളില്‍ ചിലത് ഇതുവരെ കണ്ടെത്താത്ത ഇനങ്ങളിലുള്ളതാണ് എന്ന് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നു.

സങ്കല്‍പ്പാതീതം ഈ കണ്ടെത്തല്‍!

ആഴക്കടലില്‍ ഇത്തരത്തിലുള്ള ജീവന്റെ വിചിത്രമായ സമൂഹങ്ങള്‍ ആദ്യമായി കാണുകയാണെന്ന് ഗവേഷക സംഘത്തിന് നേതൃത്വം നല്‍കിയ ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ സിയാവോടോങ് പെങ് പറഞ്ഞു. ഇത്രയും വലിയ ഒരു ശ്മശാനം കണ്ടെത്തിയത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇതിന്റെ വലിപ്പവും ആഴവും പ്രായപരിധിയും സങ്കല്‍പ്പിച്ചതിലും അപ്പുറമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.