പൂര്‍ണ്ണവളര്‍ച്ചയെത്തിയ പെണ്‍ ഈച്ചകള്‍ ഉഷ്ണരക്തമുള്ള ജീവികളുടെ ശരീരത്തിലെ മുറിവുകളില്‍ മുട്ടയിടുകയാണ് ചെയ്യുന്നത്. ഇതിന്റെ ലാര്‍വകള്‍ ആ ജീവിയുടെ മാംസം ആഹാരമാക്കുന്നു. ഇത് അവയവങ്ങള്‍ക്ക് കേടു വരുത്താനും ബാക്ടീരിയ അണുബാധ ഉണ്ടാവാനും കാരണമാവുന്നു
ടെക്‌സസ്: മൃഗങ്ങളുടെയും മനുഷ്യരുടെയും മുറിവുകളില്‍ മുട്ടയിട്ട് മാംസം തിന്നുന്ന ന്യൂ വേള്‍ഡ് സ്‌ക്രൂവേം അമേരിക്കയിലെ ടെക്‌സസില്‍ കണ്ടെത്തി. ഒരിനം പരാദ ഈച്ചകളുടെ ലാര്‍വകളാണ് ഈ പുഴുക്കള്‍. ഉഷ്ണരക്തമുള്ള ജീവികളുടെ ശരീരത്തിലെ മാംസപേശികളാണ് ഇവ ആഹാരമാക്കുന്നത്.
തെക്കന്‍ ടെക്‌സസില്‍ ന്യൂ വേള്‍ഡ് സ്‌ക്രൂവേം ബാധ കണ്ടെത്തിയതായി യു.എസ് കൃഷി വകുപ്പാണ് അറിയിച്ചത്. ടെക്‌സാസിലെ ലാ പ്രയോറിലുള്ള മൂന്നാഴ്ച പ്രായമുള്ള പശുക്കിടാവിലാണ് ഇത് കണ്ടെത്തിയത്. പശുക്കിടാവില്‍നിന്നുള്ള സാമ്പിള്‍ പരിശാധിച്ച അയോവയിലെ നാഷണല്‍ വെറ്ററിനറി സര്‍വീസസ് ലബോറട്ടറി അത് ന്യൂ വേള്‍ഡ് സ്‌ക്രൂവേം ആണെന്ന് സ്ഥിരീകരിച്ചു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് യു.എസില്‍ നിന്ന് പൂര്‍ണ്ണമായി തുടച്ചുനീക്കപ്പെട്ട പരാദ ജീവിയാണിത്.
പൂര്‍ണ്ണവളര്‍ച്ചയെത്തിയ പെണ്‍ ഈച്ചകള്‍ ഉഷ്ണരക്തമുള്ള ജീവികളുടെ ശരീരത്തിലെ പുതിയ മുറിവുകളില്‍ മുട്ടയിടുകയാണ് ചെയ്യുന്നത്. ഇതിന്റെ ലാര്‍വകള്‍ ആ ജീവിയുടെ മാംസം ആഹാരമാക്കുന്നു. ഇത് പ്രധാന അവയവങ്ങള്‍ക്ക് കേടുപാട് വരുത്താനും ബാക്ടീരിയ അണുബാധ ഉണ്ടാവാനും കാരണമാവുന്നു. ഇത്തരം കേസുകള്‍ അതീവ ഗുരുതരമാകാം. ഇത് മരണത്തിന് വരെ കാരണമാകാം.
മനുഷ്യരില്‍ ഈ രോഗബാധ സാധ്യമാണെങ്കിലും അപൂര്‍വ്വമാണ്. രോഗബാധ ഉണ്ടായാല്‍ അത് മാരകമാവാന്‍ സാധ്യതയുണ്ട്. നിലവില്‍ ഇത് മനുഷ്യര്‍ക്ക് കാര്യമായ ഭീഷണി ഉയര്‍ത്തുന്നില്ലെങ്കിലും കന്നുകാലികള്‍ക്ക് ഇത് മാരകമാവാമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കന്നുകാലികളുമായോ മറ്റ് ഉഷ്ണരക്തമുള്ള ജീവികളുമായോ ഇടപഴകി ജോലി ചെയ്യുന്നവര്‍, പുറത്ത് കിടന്നുറങ്ങുന്നവര്‍ എന്നിവര്‍ക്കാണ് ഈ രോഗബാധ വരാന്‍ സാധ്യത കൂടുതല്‍. തുറന്ന മുറിവുകള്‍ ഉള്ളവര്‍, ചോരയൊലിക്കുന്ന വ്രണങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് ഈ അണുബാധ വരാനിടയുണ്ട്. ചര്‍മ്മത്തിലുണ്ടാകുന്ന ചെറിയ പോറലുകളും തുറന്ന മുറിവുകളും ഈച്ചകളെ ആകര്‍ഷിച്ചേക്കാമെന്ന് യു.എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കി.
ഈ പരാദത്തെ നിയന്ത്രിക്കുന്നതിനും നിര്‍മാര്‍ജനം ചെയ്യുന്നതിനുമുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി കൃഷിവകുപ്പ് അറിയിച്ചു. രോഗബാധയുള്ള പ്രദേശത്തിന് ചുറ്റും 20 കിലോമീറ്റര്‍ പരിധി നിശ്ചയിച്ച് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. മൃഗങ്ങളെ കടത്തുന്നതില്‍ നിയന്ത്രണവും നിരീക്ഷണവും ഏര്‍പ്പെടുത്തി. വന്ധ്യംകരിച്ച ഈച്ചകളെ തുറന്നുവിടുന്നതും ആരംഭിച്ചു.
ഈച്ചകള്‍ വംശവര്‍ദ്ധനവ് നടത്താതിരിക്കാന്‍ വന്ധ്യംകരിച്ച ആണീച്ചകളെയാണ് ഉപയോഗിക്കുന്നത്. ഫാക്ടറികളില്‍ വളര്‍ത്തുന്ന ഈച്ചകളെ ഗാമാ കിരണങ്ങള്‍ ഏല്‍പ്പിച്ച് വന്ധ്യംകരിക്കുകയാണ് ചെയ്യുക. അതിനുശേഷം, ഈയിനം ഈച്ചകളേക്കാള്‍ കൂടുതല്‍ വന്ധ്യംകരിച്ച ഈച്ചകളെ പുറത്തുവിടുന്നു. വംശവര്‍ദ്ധന ശേഷിയുള്ള പെണ്‍ ഈച്ചകള്‍ വന്ധ്യംകരിച്ച ആണ്‍ ഈച്ചകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ അവയ്ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകില്ല. അങ്ങനെ വംശവര്‍ദ്ധന തടയുന്നു.
സ്‌ക്രൂവേം ബാധ സാമ്പത്തികമായി വലിയ തകര്‍ച്ചയ്ക്ക് കാരണമാവാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമേരിക്കയിലുണ്ടായ ഏറ്റവും വലിയ രോഗവ്യാപനം 1972-ലായിരുന്നു. അന്ന് 90,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.


