ഫ്ലോറിഡ : രണ്ടു ദിവസം മുമ്പ് ഫ്ലോറിഡ പൊലീസ്, അലീജിയൻറ് എയർ എന്ന ഒരു പ്രാദേശിക വിമാനക്കമ്പനിയിലെ എയർ ഹോസ്റ്റസായ നിക്കോൾ ഡെനിസനെ ഡൊമസ്റ്റിക് വയലൻസ് വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്തു. സ്വന്തം ഭർത്താവിന്റെ മുഖത്ത് ഊക്കനൊരു ഇടി പറ്റിച്ച് അയാളുടെ ഇടത്തേ കണ്ണ് കറുത്ത നിറത്തിലാക്കിക്കളഞ്ഞു നിക്കോൾ.  

ജൂലൈ 28 -ന് രാത്രി പതിനൊന്നുമണിയോടെ തന്റെ ഫ്ളയിങ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കണ്ടത് മറ്റൊരു സ്ത്രീയുമായി കിടക്ക പങ്കിടുന്ന ഭർത്താവിനെയാണ്. സ്വന്തം താക്കോൽ ഉപയോഗിച്ച് നിക്കോൾ അകത്തുകയറിയത് കിടപ്പറയിലായിരുന്ന ഭർത്താവും സ്നേഹിതയും അറിഞ്ഞില്ല. ബെഡ് റൂമിലേക്ക് കയറി വന്നപ്പോൾ സ്വന്തം ഭർത്താവിനെ മറ്റൊരു സ്ത്രീയുമായി ബന്ധപ്പെടുന്ന നിലയിൽ കണ്ട നിക്കോളിന്റെ സകല നിയന്ത്രണങ്ങളും കൈവിട്ടു.

അവർ നേരെ ഭർത്താവിന്റെ മുഖത്ത് ആഞ്ഞൊരു ഇടി കൊടുത്തു. അതു കൊണ്ട് അരിശം തീരാഞ്ഞ്, മുറിയിൽ ഉണ്ടായിരുന്ന ഭർത്താവിന്റെ അക്കൗസ്റ്റിക് ഗിറ്റാർ എടുത്ത് ചുമരിൽ ആഞ്ഞടിച്ചു. പ്ലൈവുഡ് ചുവർ പൊളിച്ചു കൊണ്ട് ആ ഗിറ്റാർ അപ്പുറത്തുള്ള ടോയ്‌ലെറ്റിനുള്ളിലേക്ക് ഒടിഞ്ഞുവീണു. എന്നിട്ടും ദേഷ്യം തീരാതെ ഭർത്താവിന്റെ മുഖവും കൈകളും മാന്തിപ്പൊളിക്കുക കൂടി ചെയ്തിട്ടാണ് നിക്കോൾ സ്ഥലം വിട്ടത്. 

കഴിഞ്ഞ ദിവസം ഫ്ലോറിഡ പൊലീസ് നിക്കോളിനെ ഡൊമസ്റ്റിക് വയലൻസ് ചുമത്തി അറസ്റ്റു ചെയ്തു. പകൽ ഒരു ജിമ്മിൽ ഫിറ്റ്നസ് ഇൻസ്ട്രക്ടറും വൈകുന്നേരം അടുത്തുള്ള ബാറിൽ ബാർ ടെൻഡറും ആയി ജോലി ചെയ്തുവരികയായിരുന്നു ഭർത്താവ്. താൻ ഭർത്താവിനെ അപ്പോഴത്തെ അരിശത്തിന് ആക്രമിക്കുകയും ഗിറ്റാർ തല്ലി ഓടിക്കുകയും ചെയ്തു എന്ന് നിക്കോൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.