സിംഗപ്പൂ‍ർ എയർലൈൻസിന് പുറമെ ഈ നിബന്ധന സ്കൂട്ടിനും ബാധകമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

സിംഗപ്പൂർ: വിമാന യാത്രയ്ക്കിടെയുള്ള പവർ ബാങ്ക് ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി സിംഗപ്പൂർ എയർലൈൻസ്. യാത്രയ്ക്കിടെ വിമാനത്തിൽ വെച്ച് സ്മാർട്ട് ഫോണുകളും ടാബ്‍ലറ്റുകളും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തുകയാണ് കമ്പനി. ഏപ്രിൽ ഒന്നാം തീയ്യതി മുതൽ ഈ നിബന്ധന പ്രാബല്യത്തിൽ വരും. വിമാനത്തിലെ യുഎസ്‍ബി പോർട്ടുകൾ ഉപയോഗിച്ച് പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നതിനും അന്ന് മുതൽ വിലക്ക് ഏ‍ർപ്പെടുത്തും.

ഹാന്റ് ബാഗേജിൽ പവർ ബാങ്കുകൾ കൊണ്ടു പോകുന്നതിന് വിലക്കൊന്നും ഉണ്ടായിരിക്കില്ലെന്ന് സിംഗപ്പൂർ എയർലൈൻസ് അറിയിച്ചിട്ടുണ്ട്. എന്നാൽ വിമാനത്തിനുള്ളിൽ വെച്ച് ഇവ ഉപയോഗിക്കാൻ പാടില്ലെന്ന് മാത്രമാണ് വ്യവസ്ഥ. അതേസമയം ചെക്ക് ഇൻ ലഗേജിൽ പവർ ബാങ്കുകൾ പോലുള്ള പോർട്ടബിൾ ചാർജിങ് ഉപകരണങ്ങൾ ഒന്നും കൊണ്ടുപോകാൻ പാലില്ലെന്ന കർശന നിബന്ധന തുടർന്നും പ്രാബല്യത്തിലുണ്ടാവുമെന്നും അറിയിപ്പിൽ പറയുന്നു. സിംഗപ്പൂർ എയർലൈൻസിന്റെ സബ്സിഡിയറി കമ്പനിയായ സ്കൂട്ടും സമാനമായ നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.

100Wh വരെ ശേഷിയുള്ള പവർ ബാങ്കുകൾ മുൻകൂർ അനുമതിയില്ലാതെ കൊണ്ടുപോകാമെന്നും 100Wh മുതൽ 160Wh വരെ ശേഷിയുള്ളവ വിമാന കമ്പനിയുടെ അനുമതി വാങ്ങിയ ശേഷം മാത്രവും കൊണ്ടുപോകാമെന്നുമാണ് സിംഗപ്പൂർ എയർലൈൻസിന്റെ അറിയിപ്പിലുള്ളത്. അതേസമയം ഇത്തരം നിയന്ത്രണം കൊണ്ടുവരുന്ന ആദ്യത്തെ വിമാന കമ്പനിയല്ല സിംഗപ്പൂർ എയർലൈൻസ്. ലിഥിയം അയോൺ ബാറ്ററികളുടെ സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി പല എയർലൈനുകളും സമാനമായ നിയന്ത്രണങ്ങൾ അടുത്ത കാലത്തായി ഏർപ്പെടുത്തുകയാണ്. 

ദക്ഷിണ കൊറിയൻ വിമാന കമ്പനിയായ ബുസാൻ എയർലൈൻസ് ഹാന്റ ബാഗേജുകളിൽ പവർ ബാങ്കുകൾക്ക് പൂർണ വിലക്ക് ഏർപ്പെടുത്തുന്ന തരത്തിലുള്ള നിർദേശങ്ങളും കൊണ്ടുവന്നു. ഈ കമ്പനിയുടെ ഒരു വിമാനത്തിൽ ജനുവരി 28ന് ഉണ്ടായ തീപിടുത്തം പവ‍ർ ബാങ്കിൽ നിന്ന് ഉണ്ടായതാണെന്ന കണ്ടെത്തിലിന് ശേഷമായിരുന്നു ഈ തീരുമാനം. ബാറ്ററിയുടെ ഇൻസുലേഷൻ ഉരുകിയതാണ് തീപിടുത്തത്തിലേക്ക് നയിച്ചത്. തായ് എയർവേയ്സ്, എയർ ഏഷ്യ, ഇവ എയർ. ചൈന എയർലൈൻസ് എന്നിങ്ങനെയുള്ള മറ്റ് ചില കമ്പനികൾ യാത്രക്കാർ എക്സ്റ്റേണൽ ബാറ്ററികൾ കൊണ്ടുപോകുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം