കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും 34 പേർ മരിച്ചു. തലസ്ഥാനമായ കാഠ്മണ്ഡുവിൽ ഉൾപ്പെടെ 24 പേരെ കാണാതാവുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി നേപ്പാൾ പൊലീസ് അറിയിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതം സ്തംഭിച്ചു.

നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനമായ ബിഹാറിലെ ആറ് ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ബി​ഹാറിൽ ജനങ്ങളെ സുരക്ഷിത പ്രദേശത്തേക്ക് മാറ്റി പാർപ്പിക്കുകയാണ് അധികൃതർ. അതേസമയം,  അസ്സമിലെ പ്രളയരക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.

പ്രളയത്തിൽ ഇതുവരെ ഏഴ് പേരാണ് മരിച്ചത്. ലോകത്തെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ കാസിരംഗ ദേശീയ പാർക്കിന്റെ 70 ശതമാനവും പ്രളയത്തിൽ മുങ്ങി. 20 ലക്ഷം പേരെ ബാധിച്ച പ്രളയത്തിന്റെ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതലയോഗം വിളിച്ചിരുന്നു.