ഇന്ത്യ അഫ്ഗാനിസ്ഥാന് നൽകിയ സഹായം വിലയിരുത്തും. അഫ്ഗാന്‍ ജനതയ്ക്ക് തുടര്‍ന്നും സഹായം നല്‍കാനാണ് ഇന്ത്യയുടെ തീരുമാനം. 

കാബൂള്‍: താലിബാന്‍ ഭരണമേറ്റടുത്തിന് ശേഷം ഇതാദ്യമായി ഇന്ത്യന്‍ നയതന്ത്ര സംഘം അഫ്ഗാനിസ്ഥാനില്‍‍ (Afghanistan). വിദേശകാര്യമന്ത്രാലയ സംഘം ഉന്നത താലിബാന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. താലിബാനുമായി കഴിഞ്ഞ ഓഗസ്റ്റില്‍ ചര്‍ച്ച നടന്നെങ്കിലും അഫ്ഗാനിസ്ഥാനിലെത്തി ഇന്ത്യ ചര്‍ച്ച നടത്തുന്നത് ഇതാദ്യമാണ്. വിദേശ കാര്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ജെ പി സിംഗിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അഫ്ഗാനിസ്ഥാനിലെത്തിയിരിക്കുന്നത്. അഫ്ഗാന് പല ഘട്ടങ്ങളിലായി നല്‍കിയ സഹായം വിലയിരുത്താനാണ് സന്ദര്‍ശനമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇരുപതിനായിരം മെട്രിക് ടണ്‍ ഗോതമ്പ്, അഞ്ച് ലക്ഷം ഡോസ് കൊവിഡ് വാക്സീന്‍, 13 ടണ്‍ മറ്റ് മരുന്നുകള്‍ എന്നിവ ഇന്ത്യ നല്‍കിയിരുന്നു. 

ഇന്ത്യക്കൊപ്പം അഫ്ഗ്ഗാന് സഹായ ഹസ്തവുമായെത്തിയ വിവിധ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളുമായും വിദേശകാര്യമന്ത്രാലയ സംഘം ചര്‍ച്ച നടത്തും. താലിബാന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയാണ് സന്ദര്‍ശനത്തിലെ മുഖ്യ അജണ്ട. അഫ്ഗാന് ഇനി എന്ത് സഹായം വേണമന്നതിലാകും ചര്‍ച്ചയെന്ന് വിദേശകാര്യമന്ത്രാലയം പറയുമ്പോഴും തീവ്രവാദം പ്രധാന വിഷയമാകാനാണ് സാധ്യത. പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കെതിരായി ചില തീവ്രവാദ ഗ്രൂപ്പുകള്‍ ശക്തി പ്രാപിക്കുന്നുവെന്ന യുഎന്‍ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍. ഭീകരസംഘടനകളുടെ സാന്നിധ്യവും അവര്‍ക്ക് സഹായം നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകളും താലിബാന്‍ തുടര്‍ച്ചായായി നിഷേധിക്കുമ്പോഴും യുഎന്‍ മുന്നറിയിപ്പിന്‍റെ നിജസ്ഥിതി ഇന്ത്യ ആരാഞ്ഞേക്കും. അഫ്ഗാന്‍ നല്ല പങ്കാളിയാണെന്നും, എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ലെന്നും യുഎന്‍ മുന്നറിയിപ്പിനോട് വിദേശ കാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു. ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാന്‍ താവളമാകരുതെന്ന മുന്നറിയിപ്പ് താലിബാന്‍ അധികാരമേറ്റെടുത്ത സമയം തന്നെ ഇന്ത്യ നല്‍കിയിരുന്നു.