ദുർബലമായ സമ്പദ്‌വ്യവസ്ഥ, ഉയർന്ന ജീവിതച്ചെലവ്, തൊഴിലില്ലായ്മ എന്നിവ കാരണം റെക്കോർഡ് എണ്ണം പൗരന്മാർ രാജ്യം വിട്ടുപോകുന്ന സാഹചര്യത്തിലൂടെയാണ് ന്യൂസിലൻഡ് നിലവിൽ കടന്നുപോകുന്നത്

സിഡ്നി: ഓസ്ട്രേലിയയിലേക്ക് താമസം മാറി മുൻ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ. കുറച്ച് കാലമായ ജസീന്ത കുടുംബത്തോടൊപ്പം സഞ്ചാരത്തിലാണെന്നാണ് അവരുടെ ഓഫീസ് പ്രതിനിധി അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. നിലവിൽ ഓസ്ട്രേലിയയിൽ ആണ് അവർ താമസിക്കുന്നത്. ഓസ്ട്രേലിയയിലിരുന്ന് ജോലി ചെയ്യുന്നത് മൂലം കൂടുതൽ സമയം വീട്ടിൽ ചെലവഴിക്കാനാവുന്നുണ്ടെന്നാണ് ജസീന്തയുടെ ഓഫീസ് വിശദമാക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ജസീന്ത ഓസ്ട്രേലിയയിലേക്ക് താമസം മാറുന്നത് സംബന്ധിയായി നിരവധി പ്രചാരണങ്ങൾ വന്നത്. ന്യൂസിലാൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാമന്ത്രിയായിരുന്ന ജസീന്തയും ഭർത്താവ് ക്ലാർക്ക് ഗേഫോർഡ്, ഏഴ് വയസ് പ്രായമുള്ള മകൾ നീവ് എന്നിവർ നിലവിൽ സിഡ്നിയുടെ വടക്കൻ മേഖലയിലാണ് താമസിക്കുന്നത്. 

മുൻ നേതാക്കൾ പദവി ഒഴിഞ്ഞ ശേഷം വിദേശത്ത് സമയം ചെലവഴിക്കുന്നത് അസാധാരണമായ കാര്യമല്ലെന്ന് ജസീന്തയുടെ വക്താവ് വിശദമാക്കുന്നത്. എങ്കിലും കുടുംബം എപ്പോഴാണ് ഓസ്‌ട്രേലിയയിൽ എത്തിയതെന്നോ അവിടെ എന്ത് ജോലിയാണ് ചെയ്യുന്നതെന്നോ വക്താവ് വ്യക്തമാക്കിയില്ല. ദുർബലമായ സമ്പദ്‌വ്യവസ്ഥ, ഉയർന്ന ജീവിതച്ചെലവ്, തൊഴിലില്ലായ്മ എന്നിവ കാരണം റെക്കോർഡ് നിരക്കിലാണ് പൗരന്മാർ രാജ്യം വിട്ടുപോകുന്ന സാഹചര്യത്തിലൂടെയാണ് ന്യൂസിലൻഡ് നിലവിൽ കടന്നുപോകുന്നത്. ഇതിനിടയിലാണ് ജസീന്തയേപ്പോലെ ന്യൂസിലൻഡിലെ പ്രമുഖർ കുടുംബത്തോടെ ഓസ്‌ട്രേലിയയിലേക്കുള്ള മാറുന്നത്. അടുത്തിടെ ന്യൂസിലാൻഡ് ഉപേക്ഷിച്ചവരിൽ 60 ശതമാനത്തിലധികം പേരും ഓസ്‌ട്രേലിയയിലേക്കാണ് കുടിയേറിയത്. ഓസ്ട്രേലിയയിൽ ശരാശരി പ്രതിവാര വരുമാനം കൂടുതലാണെന്നതും ന്യൂസിലൻഡ് പൗരന്മാർക്ക് ജോലി ചെയ്യാനും താമസിക്കാനുമുള്ള അവകാശമുണ്ടെന്നതും ഇതിന് കാരണമാവുന്നത്. 

2017ൽ, 37-ാം വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഭരണാധികാരിയായും അധികാരത്തിലിരിക്കെ പ്രസവിക്കുന്ന രണ്ടാമത്തെ വനിതാ നേതാവെന്ന ചരിത്രവും ജസീന്ത കുറിച്ചിരുന്നു. ആറ് വർഷത്തിനുള്ളിൽ ക്രൈസ്റ്റ് ചർച്ച് ആക്രമണം, കൊവിഡ് മഹാമാരി തുടങ്ങിയ ദേശീയവും അന്തർദേശീയവുമായ പ്രതിസന്ധികളെയും ജസീന്ത നേരിട്ടു. പ്രമുഖ പാശ്ചാത്യ രാജ്യങ്ങൾ വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന സമയത്ത്, ജസീന്തയുടെ രാഷ്ട്രീയം അവരെ ഇടതുപക്ഷത്തിന്റെ ആഗോള പ്രതീകമാക്കി മാറ്റിയിരുന്നു.

എന്നാൽ ഭരണകാലത്തിന്റെ അവസാനത്തോടടുക്കുമ്പോൾ ജസീന്തയുടെ പ്രതിച്ഛായ ന്യൂസിലാൻഡിൽ സങ്കീർണ്ണമായി മാറിയിരുന്നു. ഭവന പ്രതിസന്ധി പരിഹരിക്കുമെന്നും കാർബൺ പുറന്തള്ളൽ കുറയ്ക്കുമെന്നും ഉള്ള വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ജസീന്ത വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. 2023 ജനുവരിയിൽ, ഇനി ഇതിന് ആവശ്യമായ ഊർജ്ജം തന്നിലില്ല എന്ന് വിശദമാക്കിയാണ് ജസീന്ത പ്രധാനമന്ത്രി പദവിയിൽ നിന്ന് രാജിവെച്ചത്. പദവി ഒഴിഞ്ഞ ശേഷം അവർ ഹാർവാർഡ് സർവകലാശാലയിൽ ഫെല്ലോഷിപ്പ് സ്വീകരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം