കൊടുമുടിയിലേക്കുള്ള വഴിനീളെ മാലിന്യങ്ങളാണെന്ന പ‍ര്‍വ്വതാരോഹകരുടെ പരാതിയെ തുട‍ര്‍ന്നാണ് ശുചീകരണം നടത്തിയത്

കാഠ്മണ്ടു: ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ എവറസ്റ്റ് കൊടുമുടിയിലേക്കുള്ള വഴി നീളെ ശുചീകരണം നടത്തി. നേപ്പാൾ സ‍ക്കാരിന്റെ നി‍ദ്ദേശത്തോടെ എവറസ്റ്റിന്റെ ബേസ് ക്യാംപിനോട് ചേ‍ര്‍ന്ന് താമസിക്കുന്നവരുടെ ശ്രമഫലമായാണ് ശുചീകരണം നടത്തിയത്. 11 ടൺ മാലിന്യവും നാല് മൃതശരീരങ്ങളുമാണ് ഇവ‍‍ര്‍ മഞ്ഞുമല നിരകളിൽ നിന്നും താഴേക്ക് എത്തിച്ചത്.

കൊടുമുടിയിലേക്കുള്ള വഴി നീളെ മനുഷ്യ വിസ‍ര്‍ജ്യവും ഉപേക്ഷിച്ച ഓക്സിജൻ കുപ്പികളും കീറിയ ടെന്റുകളും കയറുകളും പൊട്ടിയ ഏണികളും കാനുകളുമാണെന്ന് പ‍ര്‍വ്വതരാഹോകര്‍ പരാതിപ്പെട്ടിരുന്നു. ഈ മാലിന്യത്തിന് പുറമെ ഇതുവരെ എവറസ്റ്റ് കീഴടക്കാൻ പോയി പാതിവഴിയിൽ മരിക്കുകയും വീണ്ടെടുക്കാൻ സാധിക്കാത്തതുമായ 300 പേരുടെ മൃതദേഹങ്ങളും ഈ മലനിരയിലുണ്ട്. മഞ്ഞിൽ ഉറഞ്ഞുകിടക്കുന്ന ഈ മൃതദേഹങ്ങൾ വേനൽക്കാലത്ത് കാണാൻ സാധിക്കുമെങ്കിലും വീണ്ടെടുക്കാനാകാറില്ല.

ബേസ് ക്യാംപിന്റെ മുകൾ ഭാഗത്ത് നിന്ന് അഞ്ച് ടണ്ണോളം മാലിന്യങ്ങളും കീഴ് ഭാഗത്ത് നിന്ന് ആറ് ടണ്ണോളം മാലിന്യവുമാണ് കണ്ടെടുത്തത്. ഇവയെല്ലാം മനുഷ്യ വിസ‍ര്‍ജ്യങ്ങളും പ‍ര്‍വ്വതാരോഹകര്‍ ഉപേക്ഷിച്ച വസ്തുക്കളുമാണ്. ഇതോടൊപ്പം കണ്ടെത്തിയ നാല് മൃതദേഹങ്ങൾ ആരുടേതൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ബേസ് ക്യാംപിന്റെ മുകൾ ഭാഗത്ത് നിന്ന് മാലിന്യങ്ങൾ നിറച്ച ചില ബാഗുകൾ മോശം കാലാവസ്ഥ മൂലം താഴേക്ക് എത്തിക്കാനായില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ചരിത്രത്തിൽ ഏറ്റവും കൂടുതൽ പര്‍വ്വതാരോഹകര്‍ എവറസ്റ്റിൽ മരിച്ചത് 2015 ലാണ്. 11 പേരാണ് കൊല്ലപ്പെട്ടത്. ഒൻപത് പേ‍ര്‍ നേപ്പാൾ ഭാഗത്തും, രണ്ട് പേര്‍ തിബറ്റൻ ഭാഗത്തുമാണ് മരിച്ചത്. ഇത്തവണ 381 പേര്‍ക്കാണ് എവറസ്റ്റ് കൊടുമുടിയിലേക്ക് പോകാൻ നേപ്പാള്‍ സര്‍ക്കാര്‍ അനുമതി നൽകിയത്. ഒരാള്‍ക്ക് 11000 ഡോളറാണ് എവറസ്റ്റിലേക്ക് കയറുന്നതിനുള്ള പ്രവേശന പാസ് നിരക്ക്. ഇതാണ് നേപ്പാളിന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്ന്.