കിംഗ്‌ഷർസ്റ്റിലെ ബാബ്‌സ് മിൽ പാർക്കിൽ തണുത്തുറഞ്ഞ് തടാകത്തിലെ ഐസില്‍ കുട്ടികള്‍ കളിക്കുന്നതിനിടെ ഐസ് കട്ട ഇടിയുകയും കുട്ടികള്‍ തണുത്തുറഞ്ഞ വെള്ളത്തിലേക്ക് വീഴുകയുമായിരുന്നു. 


ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാം നഗരത്തിന് സമീപത്തെ മഞ്ഞ് മൂടിയ തടകത്തിലെ മഞ്ഞ് പാളി തകര്‍ന്ന് തണുത്തുറഞ്ഞ വെള്ളത്തില്‍ വീണ നാല് കുട്ടികളുടെ നില അപകടകരമായി തുടരുന്നു. ആറ് പേര്‍ തടാകത്തിലേക്ക് വീണുമരിച്ചെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതുവരെ ആരുടെയും മരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് അഗ്നിശമന സേനാ വിഭാഗം അറിയിച്ചു. കിംഗ്‌ഷർസ്റ്റിലെ ബാബ്‌സ് മിൽ പാർക്കിൽ തണുത്തുറഞ്ഞ് തടാകത്തിലെ ഐസില്‍ കുട്ടികള്‍ കളിക്കുന്നതിനിടെ ഐസ് കട്ട ഇടിയുകയും കുട്ടികള്‍ തണുത്തുറഞ്ഞ വെള്ളത്തിലേക്ക് വീഴുകയുമായിരുന്നു. കുട്ടികളെ ബര്‍മിംഗ്ഹാമിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

കുട്ടികളെ രക്ഷപ്പെടുത്തുമ്പോള്‍ തണുത്തുറഞ്ഞ വെള്ളിലേക്ക് വീണതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് ഹൃദയസ്തംഭനം അനുഭവപ്പെട്ടിരുന്നെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്സ് ആംബുലൻസ് സർവീസ് അറിയിച്ചു. എന്നാല്‍, കുട്ടികളുടെ നിലവിലെ ആരോഗ്യ സ്ഥിതിയെ കുറച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. യുകെയില്‍ കടുത്ത തണുപ്പാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഇത് സംബന്ധിച്ച് കാലാസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അപകടം സംഭവിക്കുമ്പോള്‍ ആറ് പേര്‍വരെ തടാകത്തിലുണ്ടായിരുന്നതായി വെസ്റ്റ് മിഡ്‌ലാൻഡ്‌സ് അഗ്നിശമനസേനാ മേധാവി റിച്ചാർഡ് സ്റ്റാന്റൺ പറഞ്ഞു. 

Scroll to load tweet…

ജലാശയത്തിനടിയില്‍ എന്തെങ്കിലും ഉണ്ടോയെന്ന തിരച്ചില്‍ നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകട വിവരം ആദ്യം പുറത്തറിഞ്ഞപ്പോള്‍ ആറ് പേര്‍ മരിച്ചെന്നായിരുന്നു പുറത്ത് വന്ന വിവരങ്ങള്‍. എന്നാല്‍. ആറ് പേര്‍ മരിച്ചിട്ടില്ലെന്നും നാല് കുട്ടികള്‍ ഗുരുതരാവസ്ഥയിലുള്ളതായും അദ്ദേഹം വ്യക്തമാക്കി. രക്ഷാഘട്ടത്തില്‍ ഒരു അഗ്നിശമനസേനാംഗത്തിന് കടുത്ത കുളിര്‍ അനുഭവപ്പെടുന്ന അസാധാരണ അവസ്ഥയായ ഹൈപ്പോതെര്‍മിയ പിടിപെട്ടിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ ആശുപത്രിയിലാക്കിയെന്നും സുഖം പ്രാപിച്ച് വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഗ്നിശമനാ സേനയും ആംബുലന്‍സുകളും എത്തുന്നതിന് മുമ്പ് തന്നെ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഈ സമയം പ്രദേശത്ത് ഒരു സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. എന്നാല്‍ ഒറ്റ രാത്രികൊണ്ട് ഇത് -3 ഡിഗ്രിവരെ താഴുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. യുകെയിലെമ്പാടും വരും ദിവസങ്ങളില്‍ കടുത്ത മൂടല്‍മഞ്ഞ് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.