മിലാന്‍: വടക്കന്‍ ഇറ്റലിയില്‍ പശുഫാമിലെ ചാണകക്കുഴിയില്‍ വീണ് ഉടമകളടക്കം നാല് ഇന്ത്യക്കാര്‍ മരിച്ചു. പഞ്ചാബ് സ്വദേശികളാണ് മരിച്ചത്. മരിച്ച രണ്ട് പേര്‍ സഹോദരങ്ങളും ഫാമിന്‍റെ ഉടമകളുമാണ്. പ്രേം സിംഗ്(48), താര്‍സെം സിംഗ്(45), അമരീന്ദര്‍ സിംഗ്(29), മജിന്ദര്‍ സിംഗ്(28) എന്നിവരാണ് മരിച്ചത്. മിലാനിന് സമീപത്തെ പാവിയയിലാണ് സംഭവം. തൊഴിലാളികളിലൊരാള്‍ ടാങ്കില്‍ വീണപ്പോള്‍ രക്ഷിക്കാനിറങ്ങിയതാണ് മറ്റ് മൂന്നുപേരുമെന്നും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2017ലാണ് ഇവര്‍ ഫാം തുടങ്ങിയത്. 

നാല് പേരും സമയം കഴിഞ്ഞിട്ടും ഭക്ഷണം കഴിക്കാന്‍ എത്താത്തതിനെ തുടര്‍ന്ന് പ്രേം സിംഗിന്‍റെ ഭാര്യ നടത്തിയ അന്വേഷണത്തിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. സുരക്ഷ സംഘമെത്തി നാല് പേരുടെയും മൃതദേഹം പുറത്തെടുത്തു. കൃഷി മന്ത്രി തെരേസ ബെല്ലനോവ ഇവരുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. തൊഴിലിടങ്ങളില്‍ മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു.