വെസ്റ്റ് വിർജീനിയയിലെ ആത്മീയ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് നാല് വയോധികരെ കാണാതായതെന്ന് പൊലീസ്
ന്യൂയോർക്ക്: ഇന്ത്യൻ വംശജരായ നാലംഗ കുടുംബത്തെ യുഎസിൽ കാണാതായി. വെസ്റ്റ് വിർജീനിയയിലെ ആത്മീയ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായതെന്ന് പൊലീസ് അറിയിച്ചു. ജൂലൈ 29-ന് പെൻസിൽവാനിയയിലെ ബർഗർ ഷോപ്പിലാണ് ഇവരെ അവസാനമായി കണ്ടത്.
ആശാ ദിവാൻ (85), കിഷോർ ദിവാൻ (89), ശൈലേഷ് ദിവാൻ (86), ഗീതാ ദിവാൻ (84) എന്നിവരെയാണ് കാണാതായത്. ഇകെഡബ്ല്യു2611 ടൊയോട്ട കാറിലാണ് ഇവർ വെസ്റ്റ് വിർജീനിയയിലെ മാർഷൽ കൗണ്ടിയിലുള്ള പ്രഭുപാദ പാലസ് ഓഫ് ഗോൾഡിലേക്ക് യാത്ര തിരിച്ചത്.
ബർഗർ കടയിലെ നിരീക്ഷണ ക്യാമറകളിൽ, നാലംഗ സംഘത്തിലെ രണ്ടു പേർ റെസ്റ്റോറന്റിലേക്ക് കയറുന്നതിന്‍റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇവരുടെ അവസാനത്തെ ക്രെഡിറ്റ് കാർഡ് ഇടപാടും ഇതേ സ്ഥലത്താണ് നടന്നത്. കുടുംബം പിറ്റ്സ്ബർഗിലേക്കും അവിടെ നിന്ന് വെസ്റ്റ് വിർജീനിയയിലെ മൗണ്ട്സ്‌വില്ലേയിലേക്കും പോവുകയായിരുന്നുവെന്ന് മാർഷൽ കൗണ്ടി ഷെരീഫ് മൈക്ക് ഡൗഗെർട്ടി പറഞ്ഞു. ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും നാല് പേരെയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വെസ്റ്റ് വിർജീനിയയിലെ മാർഷൽ, ഒഹായോ കൗണ്ടികളിലെ പൊലീസ് സമീപ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തി വരികയാണ്. ഫോൺ സിഗ്നലുകൾ ട്രാക്ക് ചെയ്തും അന്വേഷണം നടത്തുന്നുണ്ട്. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചും തെരച്ചിൽ നടത്തുമെന്ന് പൊലീസ് പറഞ്ഞു. എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ മാർഷൽ കൗണ്ടി ഷെരീഫ് ഓഫീസുമായി 304-843-5422 എന്ന നമ്പറിൽ ബന്ധപ്പെടാൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.


