ടെഹ്‍റാന്‍: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്റ്റെനാ ഇംപറോയിലെ നാലു മലയാളികളെന്ന് സ്ഥിരീകരിച്ചു. കപ്പലിന്‍റെ ക്യാപ്റ്റൻ കൊടുങ്ങല്ലൂർ സ്വദേശി പി ജി സുനിൽ കുമാർ, ആലുവ സ്വദേശി ഷിജു ഷേണായ് , കണ്ണൂർ മേലേക്കണ്ടി പ്രജിത്ത്, ആലുവ സ്വദേശി ഡിജോ പാപ്പച്ചൻ എന്നിവരെ കുറിച്ചുള്ള വിവരമാണ് ഇറാന്‍ കൈമാറിയത്. 

ഇന്ത്യ, ലാത്വിയാ, ഫിലിപ്പിൻസ്, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 23 ജീവനക്കാരാണ് കപ്പലിലുളളത്. കപ്പലിലുള്ള 18 ഇന്ത്യക്കാരില്‍ നാലുപേര്‍ മലയാളികളാണെന്നാണ് ഇപ്പോള്‍ സ്ഥിരീകരണം വന്നിരിക്കുന്നത്. എന്നാല്‍ കപ്പലില്‍ ബന്ദികളായിട്ടുള്ള മലയാളികള്‍ അടക്കമുള്ളവര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കപ്പലിലെ മലയാളികളടക്കമുള്ള ജീവനക്കാരുടെ ദൃശ്യങ്ങള്‍ ഇറാന്‍ ഇന്ന് പുറത്തുവിട്ടിരുന്നു. 

ജീവനക്കാര്‍ കപ്പലിനകത്തിരുന്ന് സംസാരിക്കുന്നതിന്‍റെയും ജോലി ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങളാണ് ഇറാന്‍ പുറത്തുവിട്ടത്. കപ്പലിലുള്ള 23 ജീവനക്കാരെയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍ കപ്പല്‍ കമ്പനി അധികൃതര്‍ കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ കപ്പലിനുള്ളിലെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടത്.