Asianet News MalayalamAsianet News Malayalam

ഹെയ്തി പ്രസിഡന്റിന്റെ കൊലയാളികളായ നാല് പേരെ വെടിവെച്ച് കൊന്നു, രണ്ട് പേർ പിടിയിൽ; യുഎൻ യോഗം വിളിച്ചു

രാജ്യത്തെ സ്ഥിതിഗതികൾ പൊലീസിന്റെയും സൈന്യത്തിന്റെയും നിയന്ത്രണത്തിലാണെന്ന് ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫ് വ്യക്തമാക്കി

Four suspected killers of Haitian President Jovenel Moise slain two arrested
Author
Port-au-Prince, First Published Jul 8, 2021, 10:10 AM IST

പോർട്ട് ഓ പ്രിൻസ്: ഹെയ്തി പ്രസിഡന്റ് സാവനൽ മായിസിന്റെ കൊലയാളികളെന്ന് കരുതുന്ന നാല് പേരെ വെടിവെച്ച് കൊന്നതായി പൊലീസ് മേധാവി. സംഘത്തിലെ രണ്ട് പേരെ പിടികൂടിയെന്നും ലിയോൺ ചാൾസ് വ്യക്തമാക്കി. പ്രസിഡന്റിനെ കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ അക്രമി സംഘം തടങ്കലിലാക്കിയ മൂന്ന് പൊലീസുകാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ബുധനാഴ്ച രാവിലെയാണ് സാവനൽ മായിസിനെ അക്രമികൾ വീടിനകത്ത് കടന്ന് വെടിവെച്ച് കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അക്രമികളുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹെയ്തി സാഹചര്യം ചർച്ച ചെയ്യാൻ ഐക്യരാഷ്ട്ര സഭ അടിയന്തിര യോഗം ചേരും. ആഭ്യന്തര സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഭീതിയിലാണ് ഇവിടെയുള്ള ജനം.

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അഴിമതി ആരോപണങ്ങളെ തുടർന്ന് സാവനലിനെതിരെ ഈ വർഷമാദ്യം രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. സാവനൽ മായിസ് ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്ന് ആരോപിച്ച് ഇദ്ദേഹത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ നേരത്തെ രംഗത്ത് വന്നിരുന്നു. 

രാജ്യത്തെ സ്ഥിതിഗതികൾ പൊലീസിന്റെയും സൈന്യത്തിന്റെയും നിയന്ത്രണത്തിലാണെന്ന് ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫ് വ്യക്തമാക്കി. ദരിദ്ര രാഷ്ട്രമായ ഹെയ്ത്തി ഏകാധിപത്യത്തിനും രാഷ്ട്രീയ അസ്ഥിരതയ്ക്കും പേരുകേട്ട ഇടമാണ്. പ്രസിഡന്റിന്റെ കൊലപാതകത്തെ തുടർന്ന് തലസ്ഥാനമായ പോർട്ട് ഓ പ്രിൻസ് നഗരം വിജനമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios