ചരിത്രപരമായ ന്യൂയോർക്ക് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവായ സോഹ്റാൻ മംദാനി വിജയിച്ചു. ഇന്ത്യൻ-അമേരിക്കൻ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ആദ്യ മേയറായ അദ്ദേഹം, തന്റെ വിജയ പ്രസംഗത്തിൽ ഡൊണാൾഡ് ട്രംപിനെ ശക്തമായി വിമർശിച്ചു
ന്യൂയോർക്ക്: ചരിത്രപരമായ ന്യൂയോർക്ക് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവായ സോഹ്റാൻ മംദാനി വിജയം പ്രഖ്യാപിച്ചിരുന്നു. ന്യൂയോർക്ക് സിറ്റിയുടെ ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ മുസ്ലിം മേയറും ഏറ്റവും പ്രായം കുറഞ്ഞ മേയറുമായി തെരഞ്ഞെടുക്കപ്പെട്ടതിൽ അദ്ദേഹം ന്യൂയോർക്കുകാർക്ക് നന്ദി പറഞ്ഞു. ഇതൊരു രാഷ്ട്രീയ രാജവംശത്തെ ഞങ്ങൾ അട്ടിമറിച്ചതിൻ്റെ വിജയമാണ്. പുതിയ ന്യൂയോർക്ക് തലമുറയ്ക്ക് നന്ദി. ഞങ്ങൾ നിങ്ങൾക്കുവേണ്ടി പോരാടും, കാരണം ഞങ്ങൾ നിങ്ങളാണ്. ഭാവി നമ്മുടെ കൈകളിലാണ്, വിജയാഘോഷത്തിനിടെ മംദാനി പറഞ്ഞു.
ട്രംപിന് ശക്തമായ മറുപടിയും നെഹ്‌റുവിന് ശ്രദ്ധാഞ്ജലിയും
30 മിനിറ്റിൽ താഴെ നീണ്ട തൻ്റെ പ്രസംഗത്തിൽ, യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് മംദാനി മറുപടി നൽകി ഡൊണാൾഡ് ട്രംപ്, നിങ്ങൾ ഇത് കാണുന്നുണ്ടെന്ന് എനിക്കറിയാം, നിങ്ങൾക്ക് വേണ്ടി എനിക്ക് നാല് വാക്കുകളേ പറയാനുള്ളൂ, ശബ്ദം കൂട്ടിവെച്ചോളൂ...ഞങ്ങളിൽ ആരുടെ അടുത്തേക്ക് എത്തണമെങ്കിലും, നിങ്ങൾ ഞങ്ങളെല്ലാവരെയും മറികടക്കേണ്ടി വരും. ട്രംപിനാൽ 'വഞ്ചിക്കപ്പെട്ട' ഒരു രാജ്യത്തിന്, അദ്ദേഹത്തെ എങ്ങനെ തോൽപ്പിക്കണമെന്ന് കാണിച്ചുകൊടുക്കാൻ കഴിയുന്നത് ട്രംപിന് ജന്മം നൽകിയ ന്യൂയോർക്ക് സിറ്റിക്കാണ്.ട്രംപിനെപ്പോലുള്ള ശതകോടീശ്വരന്മാർക്ക് നികുതി വെട്ടിക്കാനും നികുതിയിളവുകൾ ചൂഷണം ചെയ്യാനും അവസരം നൽകിയ അഴിമതിയുടെ സംസ്കാരത്തിന് ഞങ്ങൾ അറുതി വരുത്തും.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെ പ്രസിദ്ധമായ 'ട്രസ്റ്റ് വിത്ത് ഡെസ്റ്റിനി' പ്രസംഗത്തിലെ ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഇന്ത്യൻ വംശജനായ മംദാനിയുടെ പ്രസംഗം. ന്യൂയോർക്ക് കുടിയേറ്റക്കാരുടെ നഗരമായി തുടരും. കുടിയേറ്റക്കാർ കെട്ടിപ്പടുത്ത നഗരം, കുടിയേറ്റക്കാർ നയിക്കുന്ന നഗരം, അദ്ദേഹം പറഞ്ഞു. സൗജന്യ ബസുകൾ, സാർവത്രിക ശിശുപരിപാലനം, വർധിച്ചു വരുന്ന വാടക നിയന്ത്രണം എന്നീ പ്രധാന വാഗ്ദാനങ്ങൾ അദ്ദേഹം ആവർത്തിച്ചു. ഉഗാണ്ടൻ പണ്ഡിതനായ മഹ്മൂദ് മംദാനിയുടെയും പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് മീര നായരുടെയും മകനാണ് സോഹ്റാൻ മംദാനി. തൻ്റെ മുസ്ലിം ഐഡന്റിറ്റിയിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.
