ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം നേടി. ക്ഷേമരാഷ്ട്രീയത്തിൽ ഊന്നിയുള്ള അദ്ദേഹത്തിന്റെ പ്രചാരണം ഗുണം ചെയ്തു.

തെരഞ്ഞെടുപ്പിന് മുമ്പ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കമ്മ്യൂണിസ്റ്റ് ഭ്രാന്തനെന്ന് വിളിച്ച സൊഹ്റാൻ മംദാനി, വലതുപക്ഷം ഒന്നടങ്കം പലസ്തീൻ പ്രശ്നത്തിൽ ഇസ്രായേലിനൊപ്പം നിന്നപ്പോൾ പലസ്തീനെ പിന്തുണച്ചും ​ഗാസയിൽ നടക്കുന്നത് വംശ​ഹത്യയാണെന്നും സധൈര്യം വിളിച്ച് പറഞ്ഞ മംദാനി, അനധികൃത കുടിയേറ്റങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം നടത്തുന്ന റെയ്ഡ് ഫാസിസ്റ്റ് വിരുദ്ധമാണെന്ന് പറഞ്ഞ മംദാനി....ഒരുപക്ഷേ സമീപകാല അമേരിക്കൻ തെരഞ്ഞെടുപ്പുകളിൽ ബരാക് ഒബാമക്ക് ശേഷം ഇത്രയധികം വാർത്താ പ്രാധാന്യം നേടിയ വ്യക്തിയായിരുന്നു ന്യൂയോർക്ക് മേയർ സ്ഥാനാർഥി സൊഹ്റാൻ മംദാനി.

അപ്രതീക്ഷിത വിജയം നേടി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് ഈ 34കാരൻ. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന മംദാനിയുടെ വിജയത്തെ പലരീതിയിലാണ് ലോക രാഷ്ട്രീ രം​ഗം വിശകലനം ചെയ്യുന്നത്. സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് ആശയക്കാർ മംദാനിയുടെ വിജയത്തെ മുതലാളിത്തത്തിനെതിരെയുള്ള വിജയമായി വ്യാഖ്യാനിക്കുന്നതോടൊപ്പം പലസ്തീൻ വിഷയത്തിലടക്കം മംദാനി സ്വീകരിച്ച നിലപാടുകൾ ഉൾപ്പെടെ വിജയത്തിൽ നിർണായകമായെന്ന് വിലയിരുത്തുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലീവയും ഡെമോക്രാറ്റിക് വിമതനും ട്രംപിന്റെ പിന്തുണയമുള്ള സ്ഥാനാർഥി ആൻഡ്രൂ കൂമയുമായിരുന്നു മംദാനിയുടെ എതിരാളികൾ. സോഷ്യൽ മീഡിയ, വോളന്റിയർ ഇവന്റുകൾ, ലിമിറ്റഡ് മെർച്ച് എന്നിവയിലൂടെ ജനകീയ പിന്തുണ ഉയർത്തി. അങ്ങനെ, ന്യൂയോർക്കിന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയർ, ആദ്യ മുസ്ലിം, ആദ്യ ദക്ഷിണേഷ്യൻ, ഏറ്റവും ശക്തനായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് തുടങ്ങിയ വിശേഷണങ്ങൾ സ്വന്തമാക്കിയാണ് വിജയിക്കുന്നത്. ജനുവരിയിൽ മംദാനി മാൻഹട്ടനിലെ അപ്പർ ഈസ്റ്റ് സൈഡിലുള്ള ഔദ്യോഗിക മേയർ വസതിയായ ഗ്രേസി മാൻഷനിൽ കൃത്യനിർവഹണം ആരംഭിക്കും. നിലവിലെ മേയറായ എറിക് ആഡംസിന്റെ അഴിമതി നിറഞ്ഞ ഭരണവും മംദാനിക്ക് തുണയായി.

വേറിട്ട പ്രചാരണം, ക്ഷേമത്തിലൂന്നിയ വാഗ്ദാനങ്ങള്‍

ഏറെ ജനപ്രിയവും ക്ഷേമത്തിലൂന്നിയതുമായി നിരവധി വാ​ഗ്ദാനങ്ങളാണ് മംദാനി പ്രചരണ സമയത്ത് ഉയർത്തിയത്. അമേരിക്കൻ രാഷ്ട്രീയം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ക്ഷേമരാഷ്ട്രീയത്തിന് ഊന്നൽ നൽകിയായിരുന്നു മംദാനിയുടെ പ്രചാരണം. കൺസർവേറ്റീവ് ഡെമോക്രാറ്റുകൾ ഇതുവരെ ഉയർത്താത്ത മുദ്രാവാക്യങ്ങൾ മംദാനി ഉയർത്തി. അതുകൊണ്ട് തന്നെ രാജ്യത്തെ മുതലാളിത്ത രം​ഗം മംദാനിയുടെ സ്ഥാനാർഥിത്വത്തെ സസൂക്ഷ്മം നിരീക്ഷിച്ചു. വിജയം തടായാനായി, റിയൽ എസ്റ്റേറ്റ് കുത്തകകൾ, ബില്യണയർമാർ (ബിൽ ആക്ക്മാൻ, വില്യം റുഡിൻ), ക്യൂമോയുടെ അനുകൂലികൾ രം​ഗത്തിറങ്ങി. ഡെമോക്രാറ്റുകൾക്കിടയിൽ പോലും മംദാനി ചോദ്യചിഹ്നമായിരുന്നു. വരും ദിവസങ്ങളിൽ കടുത്ത വെല്ലുവിളികളാണ് മംദാനിയെ കാത്തിരിക്കുന്നതെന്ന് നിസംശയം പറയാം. പ്രചാരണ വേളയിൽ അദ്ദേഹം നൽകിയ വാ​ഗ്ദാനങ്ങൾ എങ്ങനെ നിറവേറ്റുമെന്നതാണ് അതിൽ പ്രധാനം. കോടീശ്വരന്മാർക്ക് അധിക നികുതി, സൗജന്യ ശിശു സംരക്ഷണം, അതിവേഗ ബസുകൾ, വാടക മരവിപ്പിക്കൽ, ഭവന നിർമാണത്തിനുള്ള ചെലവ് കുറയ്ക്കൽ, വിലക്കയറ്റം തടയൽ, ജീവിതച്ചെലവ് കുറയ്ക്കൽ തുടങ്ങിയ വമ്പൻ വാ​ഗ്ദാനങ്ങളാണ് അദ്ദേഹത്തിന് നിറവേറ്റാനുള്ളത്.

ക്ഷേമ രാഷ്ട്രീയത്തിലൂന്നിയ വാ​ഗ്ദാനങ്ങൾ മംദാനിയെ ആഗോളതലത്തിൽ ഒരു സെൻസേഷനാക്കി മാറ്റുകയും ന്യൂയോർക്ക് നിവാസികളെ മുമ്പൊരിക്കലുമില്ലാത്തവിധം പ്രതീക്ഷ ജനിപ്പിക്കുകയും ചെയ്തു. ഏകദേശം 100,000 വളണ്ടിയർമാരെയാണ് മംദാനി ആകർഷിച്ചത്. ന്യൂയോർക്കിന്റെ അതിർത്തികൾക്കപ്പുറത്ത് ഇടതുപക്ഷത്തെ പുനരുജ്ജീവിപ്പിച്ച മംദാനി, യുഎസിലുടനീളം മറ്റ് പുരോഗമനവാദികളെ മത്സരിക്കാൻ പ്രോത്സാഹിപ്പിച്ചു.

സൊഹ്‌റാന്റെ വിജയം തെളിയിക്കുന്നത് റിയൽ എസ്റ്റേറ്റ് കോർപ്പറേഷനുകളെയും, ഇസ്രായേൽ ലോബിയെയും, റിപ്പബ്ലിക്കൻമാരെയും, എല്ലാവരെയും അന്ധമായി കൊള്ളയടിക്കുന്ന ശതകോടീശ്വരന്മാരെയും നേരിടാൻ കഴിയുമെന്നാണ്, വോട്ടർമാർ അത് ആഗ്രഹിക്കുന്നു. അതിന് പിന്നിൽ ഒന്നിക്കുന്നു. അതിനുള്ള പ്രതിഫലം നിങ്ങൾക്ക് നൽകുമെന്ന് പ്രോഗ്രസീവ് ജസ്റ്റിസ് ഡെമോക്രാറ്റ്സ് ഓർഗനൈസേഷന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഉസാമ ആൻഡ്രാബി പറയുന്നു.

എതിര്‍പ്പുകള്‍, സമരസപ്പെടലുകള്‍

അമേരിക്കന്‍ മുതലാളിത്ത വ്യവസ്ഥയെ അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു മംദാനിയുടെ നിലപാടുകള്‍. അതുകൊണ്ടുതന്നെ സാമ്പത്തിക ഭീമന്മാരില്‍നിന്ന് എതിര്‍പ്പുയര്‍ന്നു. വ്യവസായ പ്രമുഖരിൽ നിന്നുയരുന്ന എതിർപ്പ് ലഘൂകരിക്കാനായി ബിസിനസ് ഭീമന്മാരുമായും മം​ദാനി കൂടിക്കാഴ്ച നടത്തി. ലാറി ഫിങ്ക്, മൈക്കൽ ബ്ലൂംബെർഗ് എന്നിവരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി നയങ്ങൾ മാറ്റില്ലെന്ന് ഉറപ്പുനൽകിയും ഉപദേശം ചോദിച്ചും അവരെ ശാന്തരാക്കി. നികുതി വിഷയത്തിൽ ഇടഞ്ഞുനിന്ന ഗവർണർ കാത്തി ഹോച്ചലിനോട് സമരസപ്പെടുകയും പൊലീസ് കമ്മീഷണർ ജെസിക്ക ടിഷിനെ നിലനിർത്താമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

അതേസമയം, സെനറ്റിലെ മുതിർന്ന ഡെമോക്രാറ്റായ ചക്ക് ഷൂമർ തെരഞ്ഞെടുപ്പിൽ മംദാനിയെ പിന്തുണച്ചില്ല. നടപ്പാക്കാനാത്ത വാ​ഗ്ദാനങ്ങൾ മംദാനി നൽകുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. എന്നാൽ ഹൗസിലെ അദ്ദേഹത്തിന്റെ എതിരാളിയായ ഹക്കീം ജെഫ്രിസ് വോട്ടെടുപ്പിന് ഒരു ആഴ്ച മുമ്പ് മംദാനിക്ക് പിന്തുണ നൽകി. നയരൂപീകരണത്തിൽ മംദാനിയുടെ ആശയങ്ങൾ സാക്ഷാത്കരിക്കേണ്ടതുണ്ട്. ന്യൂയോർക്ക് ഭരിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. പ്രസിഡന്റിന് ശേഷം അമേരിക്കയിൽ ഏറ്റവും ബുദ്ധിമുട്ടുള്ള രണ്ടാമത്തെ രാഷ്ട്രീയ ജോലിയാണ് ന്യൂയോർക്ക് മേയർ. അതിനാൽ അദ്ദേഹത്തിന്റെ ജോലി എളുപ്പമായിരിക്കില്ലെന്ന് റാക്കൂസ് സർവകലാശാലയിലെ മാക്സ്വെൽ സ്കൂൾ ഓഫ് സിറ്റിസൺഷിപ്പ് ആൻഡ് പബ്ലിക് അഫയേഴ്സിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ഗ്രാന്റ് റീഹർ പറഞ്ഞു.

ഒന്നും വെറുതെ പറയുന്നതല്ല, കൃത്യമായ പ്ലാന്‍ റെഡി!

 വെറുതെ വാ​ഗ്ദാനങ്ങൾ നൽകുകയായിരുന്നില്ല മം​ദാനി, അവ എങ്ങനെ സാക്ഷാത്കരിക്കുമെന്ന് ജനത്തിന് മുന്നിൽ വിശദീകരിച്ചു. ന്യൂയോർക്ക് നഗരത്തിലെ കോർപ്പറേറ്റ് നികുതി നിരക്ക് വർദ്ധിപ്പിച്ചും ന്യൂയോർക്കിലെ ഏറ്റവും ധനികരായവർക്ക് 2% നികുതി ഏർപ്പെടുത്തിയും തന്റെ ക്ഷേമ പദ്ധതികൾക്ക് പണം കണ്ടെത്താമെന്ന് അദ്ദേഹം പറയുന്നു. ഇതിനായി പുതിയ വരുമാന നികുതികളെ എതിർക്കുന്നുവെന്ന് പറഞ്ഞ ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുളുമായി ചർച്ച നടത്തുകയും ചെയ്യും. ഡൊണാൾഡ് ട്രംപിന്റെ നിലപാടും നിർണായകമാകും. മുൻ ന്യൂയോർക്കുകാരൻ കൂടിയായ പ്രസിഡന്റ്, മംദാനി വിജയിച്ചാൽ നഗരത്തിനുള്ള ധനസഹായം നിർത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.100 ശതമാനം കമ്മ്യൂണിസ്റ്റായ മംദാനിയെ നാടുകടുത്തുമെന്നുവരെ ട്രംപ് പറഞ്ഞു. അതുകൊണ്ട് തന്നെ വരും നാളുകളിൽ അമേരിക്കൻ രാഷ്ട്രീയം ട്രംപ്-മംദാനി പോരാട്ടത്തിന് സാക്ഷിയാകേണ്ടി വന്നേക്കാമെന്നും പറയുന്നു. അതോടൊപ്പം ​ഗവർണറുടെ സഹകരണവും മംദാനിക്ക് അത്യാവശ്യമാണ്. ഓഫിസിൽ എത്തിയാൽ ഭവന നിർമ്മാണം, ഗതാഗതം, ശിശു സംരക്ഷണം എന്നിവയിൽ അദ്ദേഹം നൽകിയ വാ​ഗ്ദാനം എങ്ങനെ നിറവേറ്റുമെന്നാണ് അമേരിക്കയും ന്യൂയോർക്കും ഉറ്റുനോക്കുന്നത്.