ദിനോസറിന്‍റെ അസ്ഥികള്‍ മോഷ്ടിച്ച് ചൈനയിലേക്ക് കയറ്റുമതി ചെയ്തു; കടത്തിയത് 8 കോടിയിലേറെ രൂപ വിലയുള്ള ഫോസിലുകള്‍
അഞ്ച് വർഷം കൊണ്ടാണ് പ്രതികള്‍ ഫോസിലുകള്‍ സംഘടിപ്പിച്ച് കയറ്റുമതി ചെയ്തത്

വാഷിങ്ടണ്‍: ദിനോസറിന്‍റെ അസ്ഥികള്‍ മോഷ്ടിച്ച് ചൈനയിലേക്ക് കയറ്റുമതി ചെയ്ത സംഭവത്തില്‍ നാല് അമേരിക്കന്‍ പൗരന്മാർക്കെതിരെ കേസെടുത്തു. ദിനോസറിന്‍റെ മോഷ്ടിക്കപ്പെട്ട അസ്ഥികള്‍ക്ക് ഒരു മില്യണിലേറെ ഡോളര്‍ (എട്ട് കോടിയിലധികം രൂപ) വിലയുണ്ടെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
യൂട്ട സ്വദേശികളായ വിന്‍റ് വെയ്‌ഡ് (65), ഡോണ വെയ്‌ഡ് (67), ലോസ് ഏഞ്ചൽസില്‍ താമസിക്കുന്ന സ്റ്റീവൻ വില്ലിംഗ് (67), ഒറിഗോൺ സ്വദേശിയായ ജോർദാൻ വില്ലിംഗ് (40) എന്നിവരാണ് പ്രതികള്‍. ഇവരെല്ലാം പാലിയന്റോളജിക്കൽ റിസോഴ്‌സസ് പ്രിസർവേഷൻ ആക്‌റ്റ് ലംഘിച്ചെന്ന് യൂട്ടയിലെ അറ്റോർണി ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
2018 മാർച്ച് മുതൽ 2023 മാർച്ച് വരെ അഞ്ച് വർഷം കൊണ്ടാണ് പ്രതികള്‍ ദിനോസർ അസ്ഥികൾ വാങ്ങുകയും കയറ്റുമതി ചെയ്യുകയും ചെയ്‌തതെന്ന് അഭിഭാഷകർ പറയുന്നു. ഇവര്‍ എവിടെ നിന്നെല്ലാമാണ് ഫോസിലുകള്‍ മോഷ്ടിച്ചതെന്ന് അന്വേഷണം നടക്കുകയാണ്. അമേരിക്കയുടെ ഉടമസ്ഥതയിലുള്ള സ്വത്ത് മോഷ്ടിച്ചെന്ന കുറ്റമാണ് ചുമത്തിയത്. പിടിക്കപ്പെടാതിരിക്കാന്‍ മറ്റൊരു പേരിലാണ് ദിനോസറിന്‍റെ അസ്ഥികള്‍ പ്രതികള്‍ കയറ്റിയയച്ചതെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനായി ദിനോസറിന്‍റെ അസ്ഥികൾ രൂപമാറ്റം വരുത്തുകയും സംസ്കരിക്കുകയും ചെയ്യുന്നതിലൂടെ അവയുടെ ശാസ്ത്രീയമായ മൂല്യം നഷ്ടപ്പെടുകയാണെന്ന് യുഎസ് അറ്റോർണി ട്രീന എ ഹിഗ്ഗിൻസ് പ്രതികരിച്ചു. ഭാവി തലമുറകൾക്ക് കാണാനും അറിയാനുമായി ഇവ സംരക്ഷിക്കേണ്ടതുണ്ടെന്നും ട്രീന എ ഹിഗ്ഗിൻസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം