കോളേജിൽ പരിണാമ സിദ്ധാന്തം പഠിപ്പിച്ചതിന് പിന്നാലെ എതിർപ്പുയർന്നു; മാപ്പ് പറഞ്ഞ് പ്രൊഫസർ, സംഭവം പാകിസ്ഥാനിൽ
'ഇസ്ലാമിലെ സ്ത്രീകളുടെ അവകാശങ്ങൾ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചതും പ്രൊഫസർക്കെതിരെ പ്രതിഷേധമുണ്ടാകാൻ കാരണമായിരുന്നു.

ഇസ്ലാമാബാദ്: ശാസ്ത്രലോകത്തെ നിർണായകമായ ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം കുട്ടികളെ പഠിപ്പിച്ചതിന് പാകിസ്ഥാനിലെ ജീവശാസ്ത്ര പ്രൊഫസർ പരസ്യമായി ക്ഷമാപണം നടത്തി. എക്‌സ്‌പ്രസ് ട്രിബ്യൂൺ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. തീവ്രവാദം, അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തൽ, ശാസ്ത്രീയ ആശയങ്ങളുടെ പ്രചാരണം എന്നിവ ഇല്ലാതാകുകയാണെന്നും പത്രം കുറ്റപ്പെടുത്തി. ഖൈബർ പഖ്തൂൺഖ്വയിലെ ഗവൺമെന്റ് കോളേജിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ബയോളജി അസി. പ്രൊഫസറായ ഷേർ അലിയാണ് പരസ്യമായി മാപ്പ് പറഞ്ഞത്. സ്റ്റാമ്പ് പേപ്പറിൽ തന്റെ ക്ഷമാപണം എഴുതി ഔദ്യോഗികമായി അറിയിച്ചു.
'ഇസ്ലാമിലെ സ്ത്രീകളുടെ അവകാശങ്ങൾ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചതും പ്രൊഫസർക്കെതിരെ പ്രതിഷേധമുണ്ടാകാൻ കാരണമായിരുന്നു. വീടുവിട്ടിറങ്ങുമ്പോൾ ഇസ്‌ലാമിക വസ്ത്രധാരണരീതികൾ പാലിക്കാത്ത സ്ത്രീകൾക്കെതിരായ പ്രാദേശിക പ്രതിഷേധങ്ങൾക്ക് മറുപടിയായാണ് ഇദ്ദേഹം സെമിനാർ സംഘടിപ്പിച്ചത്. എന്നാൽ സെമിനാറിനെതിരെ മത നേതൃത്വങ്ങളുടെ ശക്തമായ എതിർപ്പുണ്ടായി.
Read More.... വീണ്ടും വൻ ഹിറ്റായി കെ-റെയിൽ വിരുദ്ധ വാഴക്കുല ലേലം: കോട്ടയത്ത് കിട്ടിയത് അരലക്ഷത്തോളം രൂപ
പ്രൊഫസർ ഷെർ അലി ഇസ്ലാമിക അധ്യാപനങ്ങളിൽ നിന്ന് വ്യതിചലിക്കുന്ന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണമുയർന്നു. പ്രഫസർ പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യമുയർന്നു. മതനിന്ദാക്കുറ്റം ചുമത്തപ്പെടുമെന്ന സാഹചര്യം വന്നതോടെയാണ് പ്രൊഫസർ മാപ്പ് പറഞ്ഞത്. ഡാർവിന്റെ പരിണാമ സിദ്ധാന്തം പഠിപ്പിച്ചതിന് എതിർപ്പുണ്ടായതിൽ നിരാശയുണ്ടെന്ന് പ്രൊഫസർ നേരത്തെ പറഞ്ഞിരുന്നു. അധ്യാപകൻ എന്ന നിലയിലുള്ള തന്റെ കർത്തവ്യം നിർവഹിച്ചതിന്റെ പേരിൽ വിമർശനമേൽക്കേണ്ടി വന്നെന്നും വിദ്യാഭ്യാസ ബോർഡ് സ്ഥാപിച്ച പാഠ്യപദ്ധതിക്ക് അനുസൃതമായാണ് താൻ പഠിപ്പിച്ചതെന്നും അദ്ദേഹം വാദിച്ചു. പണ്ഡിതന്മാർക്ക് ആശങ്കകളുണ്ടെങ്കിൽ നിയമപരമായ വഴികൾ പിന്തുടരണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഈ സംഭവം ഖൈബർ പഖ്തൂൺഖ്വ മേഖലയിലെ അക്കാദമിക് സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന ആശങ്കക്ക് കാരണമായി.