ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ ശവസംസ്കാര ചടങ്ങുകൾ ടെഹ്റാനിൽ ആരംഭിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ട അദ്ദേഹത്തിൻ്റെ 14 മാസം പ്രായമുള്ള കൊച്ചുമകളുടെ ശവപേടകവും ചടങ്ങിൽ പ്രദർശിപ്പിച്ചത് നൊമ്പരക്കാഴ്ചയായി. യുഎസിനും ഇസ്രയേലിനുമെതിരെ പ്രതികാരം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ആളുകളാണ് ചടങ്ങുകളിൽ പങ്കെടുത്തത്.

ടെഹ്റാൻ: ഇറാന്‍റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ ശവസംസ്കാര ചടങ്ങുകളിൽ നൊമ്പരമായി പതിനാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ ശവപേടകം. ശനിയാഴ്ച ടെഹ്റാനിൽ ഔദ്യോഗികമായി ആരംഭിച്ച സംസ്കാര ചടങ്ങുകളിൽ ആയത്തുള്ള അലി ഖമനെയിയുടെ കൊച്ചുമകൾ സഹ്റ മുഹമ്മദി ഗൊൽപായെഗനിയുടെ ശവപേടകവും പ്രദർശിപ്പിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇറാന്‍റെ ദേശീയ പതാക പുതപ്പിച്ച്, മുകളിൽ കറുത്ത തലപ്പാവ് വെച്ച നിലയിലാണ് ഖമനെയിയുടെ ഭൗതികശരീരം അടങ്ങിയ പെട്ടി ചടങ്ങുകൾ നടക്കുന്ന വേദിയിലേക്ക് എത്തിച്ചത്. ആക്രമണത്തിൽ കൊല്ലപ്പെട്ട അദ്ദേഹത്തിന്‍റെ മറ്റ് കുടുംബാംഗങ്ങളുടെ മൃതദേഹങ്ങളും ഇതിനൊപ്പം ഉണ്ടായിരുന്നു. അതിൽ ഖമനെയിയുടെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ ചെറിയ ശവപേടകവും അതിന്മേൽ പതിച്ച അവളുടെ ചിത്രവും ചടങ്ങിൽ പങ്കെടുത്തവരെ കണ്ണീരിലാഴത്തി.

ആറ് ദിവസം നീണ്ടുനിൽക്കുന്ന പൊതുദർശന ചടങ്ങുകൾക്കായി വെള്ളിയാഴ്ചയാണ് ഖമനെയിയുടെ ഭൗതികശരീരം ടെഹ്റാനിൽ എത്തിച്ചത്. ഇറാനിലെയും അയൽരാജ്യമായ ഇറാഖിലെയും വിവിധ നഗരങ്ങളിലൂടെ വിലാപയാത്ര കടന്നുപോകും. തെഹ്റാനിലെ ഗ്രാൻഡ് മൊസല്ല പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിന് മുൻപ് തന്നെ വെള്ളിയാഴ്ച രാത്രി മുതൽ നൂറുകണക്കിന് അനുയായികൾ പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ തെഹ്റാനിൽ മാത്രം 1.5 കോടി മുതൽ 2 കോടി വരെ ആളുകൾ ചടങ്ങുകളിൽ പങ്കാളികളാകുമെന്നാണ് അധികൃതർ കണക്കാക്കുന്നത്.

'പ്രതികാരം, പ്രതികാരം!'

മൊസല്ലയുടെ ഗേറ്റുകൾ തുറന്നതോടെ പതിനായിരക്കണക്കിന് ആളുകളാണ് ഉള്ളിലേക്ക് ഒഴുകിയെത്തിയത്. പ്രതികാരത്തിന്റെ പ്രതീകമായ ചുവന്ന ബാനറുകളേന്തിയാണ് പലരും എത്തിയത്. അവരിൽ ഭൂരിഭാഗവും ‘അമേരിക്കയ്ക്ക് നാശം’, ‘പ്രതികാരം വേണം, പ്രതികാരം വേണം’ എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടിരുന്നതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

‘എന്‍റെ പ്രിയപ്പെട്ട നേതാവ് അലി ഖമനെയിയോട് വിടപറയാനാണ് ഞാൻ ഇവിടെയെത്തിയത്. ഇങ്ങനെ ഒരു ദിവസം കാണേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഈ ദുരന്തം കാണുന്നതിന് മുൻപ് ഞാൻ മരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുകയാണ്,’- ചടങ്ങിലെത്തിയ 27 കാരനായ യുവാവ് അസോസിയേറ്റഡ് പ്രസ്സ് വാർത്താ ഏജൻസിയോട് പറഞ്ഞു.

വെള്ളിയാഴ്ച ചടങ്ങുകൾക്കിടെ ഇറാനിലെ പ്രമുഖ നേതാക്കൾ പലരും ദുഃഖം അടക്കാനാവാതെ പൊട്ടിക്കരഞ്ഞു. യുഎസ് ചർച്ചകളിലെ മുഖ്യ മധ്യസ്ഥനും പാർലമെന്റ് സ്പീക്കറുമായ മുഹമ്മദ് ബാഗർ ഗാലിബാഫ് വികാരാധീനനായി കാണപ്പെട്ടു. ഖമേനിക്കൊപ്പം കൊല്ലപ്പെട്ട മുൻ റെവല്യൂഷനറി ഗാർഡ്സ് മേധാവിക്ക് പകരം പുതിയ മേധാവിയായി ചുമതലയേറ്റ അഹ്മദ് വാഹിദിയും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു. ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്നൈനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും പങ്കെടുത്തു. 1989 മുതൽ ഇറാന്‍റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനെയി ഫെബ്രുവരി 28ന് നടന്ന യുഎസ്, ഇസ്രയേൽ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ജൂലൈ 9ന് മഷ്ഹദ് നഗരത്തിലാണ് ഖമനെയിയുടെ മൃതദേഹം ഖബറടക്കുക.