ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ വിലാപയാത്രയിൽ 3000 പേർ വരെ മരിച്ചേക്കാമെന്ന് ഒരു ജർമ്മൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇറാന്‍റെ ഔദ്യോഗിക രഹസ്യരേഖകളെ ഉദ്ധരിച്ച്, വൻ ദുരന്തം നേരിടാൻ ടെഹ്റാനിൽ ആയിരക്കണക്കിന് പുതിയ കല്ലറകൾ ഒരുക്കുന്നതുൾപ്പെടെയുള്ള അടിയന്തര മുന്നൊരുക്കങ്ങൾ നടത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ടെഹ്റാൻ: ഇറാന്‍റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിലാപയാത്ര ചടങ്ങുകളിൽ 1500 മുതൽ 3000 വരെ ആളുകൾ മരണപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്. ജർമ്മൻ മാധ്യമമായ 'ഡി വെൽറ്റ്' ആണ് ഇറാന്‍റെ ഔദ്യോഗിക രഹസ്യരേഖകളെയും ടെഹ്റാനിലെ നഗരസഭാ വൃത്തങ്ങളെയും ഉദ്ധരിച്ച് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. വൻ ജനക്കൂട്ടം ഉണ്ടാക്കുന്ന അപകടങ്ങൾ നേരിടാൻ രാജ്യം അടിയന്തര മുൻകരുതലുകൾ എടുക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഇറാനിയൻ റെഡ് ക്രസന്‍റും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ഇറാൻ ഫസ്റ്റ് വൈസ് പ്രസിഡന്‍റ് മുഹമ്മദ് റെസ ആരിഫിന് അയച്ച രഹസ്യ കത്തിലാണ് ഈ ആശങ്ക പങ്കുവെച്ചിരിക്കുന്നത്. അപകടമുണ്ടായാൽ മൃതദേഹങ്ങൾ കൈകാര്യം ചെയ്യാനും കാണാതാകുന്നവരെ കണ്ടെത്താനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ടെഹ്റാനിലെ ബെഹെഷ്ത്-ഇ സഹ്ര ഖബർസ്ഥാനിൽ ഇതിനോടകം തന്നെ ആയിരക്കണക്കിന് പുതിയ കല്ലറകൾ ഒരുക്കിയതായും ജീവനക്കാരനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
‘പുതിയ കല്ലറകൾ ഒരുക്കിയത് സത്യമാണ്. കടുത്ത ചൂടും വൻ ജനക്കൂട്ടവും കാരണം എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ല. 3000 മരണങ്ങൾ വരെ ഉണ്ടായേക്കാമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ മുന്നൊരുക്കങ്ങൾ നടത്തുന്നത്,’- സുരക്ഷാ കാരണങ്ങളാൽ പേര് വെളിപ്പെടുത്താത്ത ഒരു നഗരസഭാ ജീവനക്കാരി ജർമ്മൻ മാധ്യമത്തോട് പറഞ്ഞതായി റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.
ടെഹ്റാനിലെ ചടങ്ങുകൾക്ക് മാത്രം ഏകദേശം 135 കോടിയിലധികം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഖൊം, മഷ്ഹദ് നഗരങ്ങൾക്ക് 5 ദശലക്ഷം യൂറോ വീതവും മാറ്റിവെച്ചിരിക്കുന്നു. ഇറാഖിലെ നജാഫ്, കർബല ചടങ്ങുകൾ കൂടി ചേരുമ്പോൾ ആധുനിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സംസ്കാര ചടങ്ങായി ഇത് മാറും. ചടങ്ങുകളിൽ 2 കോടിയോളം ആളുകൾ പങ്കെടുക്കുമെന്നാണ് ഇറാന്‍റെ അവകാശവാദം. ജനങ്ങൾക്ക് താമസിക്കാൻ സ്കൂളുകളും പള്ളികളും താൽക്കാലിക അടുക്കളകളും ഒരുക്കിയിട്ടുണ്ട്. 11000 ബസുകളാണ് ഗതാഗതത്തിനായി മാത്രം വിന്യസിച്ചിരിക്കുന്നത്.
ഇറാനിൽ മുൻപും പ്രമുഖ നേതാക്കളുടെ ശവസംസ്കാര ചടങ്ങുകൾക്കിടെ വൻ ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. 2020ൽ ഖാസിം സുലൈമാനിയുടെ വിലാപയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 56 പേർ മരിച്ചിരുന്നു. 1989ൽ ആയത്തുള്ള റൂഹുള്ള ഖൊമേനിയുടെ സംസ്കാര ചടങ്ങിലും എട്ടോളം പേർ മരിച്ചു. 1989 മുതൽ ഇറാന്‍റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനെയി ഫെബ്രുവരി 28ന് നടന്ന യുഎസ്, ഇസ്രയേൽ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ജൂലൈ 9ന് മഷ്ഹദ് നഗരത്തിലാണ് ഖമനെയിയുടെ മൃതദേഹം ഖബറടക്കുക.


