ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെ കോർന്യു, സ്ഥാനമേറ്റ് 26-ാം ദിവസം രാജിവെച്ചു. പുതിയ മന്ത്രിസഭയിൽ പഴയ അംഗങ്ങളെ നിലനിർത്തിയതിനെതിരെ ഭരണകക്ഷിയിൽ നിന്നും മറ്റു പാർട്ടികളിൽ നിന്നും ശക്തമായ എതിർപ്പുയർന്നതാണ് രാജിക്ക് കാരണം

പാരിസ്: സ്ഥാനമേറ്റ് 26ാം ദിവസം അപ്രതീക്ഷിത രാജി പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർന്യു. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോയ്ക്ക് ഇദ്ദേഹം രാജിക്കത്ത് നൽകിയത്. കഴിഞ്ഞ മന്ത്രിസഭയിലെ ഒട്ടു മിക്ക അംഗങ്ങളെയും നിലനിർത്തിയ കോർന്യുവിന്റെ നടപടിക്കെതിരെ ഭരണകക്ഷിക്ക് ഉള്ളിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നിരുന്നു. ദേശീയ അസംബ്ലിയിലെ പല പാർട്ടികളും മന്ത്രിസഭയ്ക്ക് എതിരെ വോട്ട് ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

രണ്ട് വർഷത്തിനിടെ ഫ്രാൻസിൽ അധികാരമേറ്റ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു ഇദ്ദേഹം. പലതായി ഭിന്നിച്ച് നിൽക്കുന്ന പാർലമെൻ്റിനെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനും സുരക്ഷിത ഭാവിക് ഊർജമേകുന്ന 2026 ബജറ്റ് അവതരിപ്പിക്കാനും ലക്ഷ്യമിട്ട് മുന്നോട്ട് പോവുന്നതിനിടെയാണ് മന്ത്രിസഭാ പുനഃസംഘടനയെ തുടർന്ന് ഇദ്ദേഹം രാജിവെക്കുന്നത്.

സെപ്തംബർ ആദ്യമാണ് ലെ കോർനു അധികാരത്തിലെത്തിയത്. എന്നാൽ പുതിയ മന്ത്രിസഭയിൽ രാജ്യത്തെ പ്രമുഖരായ മുൻ മന്ത്രിസഭയിലെ അംഗങ്ങളായവരെ തന്നെ നിലനിർത്തിയതോടെയാണ് അദ്ദേഹത്തിനും പുറത്തേക്ക് പോകേണ്ടി വന്നത്. ഇതോടെ രാജ്യം പുതിയ പ്രതിസന്ധിയിലേക്കാണ് വീണിരിക്കുന്നത്. പ്രധാനമന്ത്രിയുടെ രാജി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ സ്വീകരിച്ചതായാണ് വിവരം.

YouTube video player